കാഞ്ഞങ്ങാട്: വൃദ്ധ ദമ്പതികളെ കബളിപ്പിച്ച് രണ്ടരക്കോടിയോളം രൂപ വില നിശ്ചയിച്ച് കച്ചവടമുറപ്പിച്ച ഭൂമി വെറും 40.70 ലക്ഷം രൂപ മാത്രം നല്‍കി തട്ടിയെടുത്തു. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ വൃദ്ധദമ്പതിമാരായ പുരുഷോത്തമന്‍ തിരുമുമ്പും ഭാര്യ സാവിത്രി അന്തര്‍ജനവുമാണ് കബളിപ്പിക്കപ്പെട്ടത്. രജിസ്‌ട്രേഷന്‍ കഴിയുമ്പോള്‍ മുഴുവന്‍ പണവും തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ഇളമ്പച്ചി സ്വദേശികളായ ഡി.സ്മികേഷ്, തോട്ടോന്‍കണക്കീല്‍ കമലാക്ഷന്‍, കുമാരന്‍, രവീന്ദ്രന്‍, ഗംഗാധരന്‍, നവീന്‍കുമാര്‍, എം.ഹരിപ്രസാദ് എന്നിവരുടെ പേരിലാണ് സ്ഥലം വാങ്ങിയത്. പി.കെ.ബിജുവാണ് ഇടനിലക്കാരന്‍. തിരുമുമ്പിന്റെയും ഭാര്യയുടെയും പരാതിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി ഇവര്‍ക്കെതിരേ കേസെടുത്തു.

ഭൂമിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞതിനു പിന്നാലെ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും പണവുമായി കാറില്‍വന്നവര്‍ മുങ്ങുക ആയിരുന്നു. 1.03 ഏക്കര്‍ സ്ഥലത്തിന് 2,47,20,000 രൂപ നല്‍കാനായിരുന്നു ധാരണ. ഇതിന്റെ അഞ്ചിലൊന്ന് തുകയാണ് ആധാരത്തില്‍ കാണിച്ചത്. ബാക്കി നല്‍കാനുള്ള രണ്ടുകോടി രൂപയാണ് കാറില്‍ കൊണ്ടുവന്ന് കാണിക്കുക മാത്രം ചെയ്ത് കബളിപ്പിച്ചത്.

ചെറുകുന്ന് താവത്തെ എന്‍.പുരുഷോത്തമന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ സ്ഥലം വില്‍ക്കരുതെന്ന് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി താത്കാലിക ഉത്തരവിട്ടിരുന്നു.