ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയഡാം വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഈ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. മുമ്പ് പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്ന സംഘടനകളാണ് വീണ്ടും ഈ ആവശ്യമുയര്‍ത്തി രംഗത്തുവന്നിരിക്കുന്നത്. തമിഴ്‌നാടിന് ജലം, കേരളത്തിന് സുരക്ഷ എന്ന ആവശ്യമുയര്‍ത്തി മുല്ലപ്പെരിയാര്‍ സമരസമിതി, സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് എന്നീ സംഘടനകളാണ് പുതിയഡാം എന്ന ആവശ്യവുമായി വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.

മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി പരിഗണനാ വിഷയമാക്കിയതിനെത്തുടര്‍ന്നാണ് പുതിയ അണക്കെട്ടെന്ന ആവശ്യത്തിന് വീണ്ടും ജീവന്‍വെച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലവും അപ്രതീക്ഷിതമായി പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളും പുതിയ അണക്കെട്ട് എന്ന ആവശ്യത്തിന് ശക്തിപകരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി അടക്കമുള്ള സംഘടനകളും ഈ ആവശ്യം ഉയര്‍ത്തുന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റും ഇതേ ആവശ്യം മുന്നോട്ടുെവച്ചു.

സുപ്രീംകോടതി, കരാറിന്റെ സാധുത പരിശോധിക്കുന്നത് കേരളത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെയും മറ്റും പശ്ചാത്തലത്തില്‍ പെരിയാര്‍ തീരവാസികള്‍ക്കുള്ള ആശങ്കയും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മുല്ലപ്പെരിയാര്‍ ഡാം കാലഹരണപ്പെട്ടതാണെന്നും പുതിയ അണക്കെട്ട് പണിയുകയാണ് ശാശ്വതപരിഹാരമെന്നും മുല്ലപ്പെരിയാര്‍ സമരസമിതി മുഖ്യരക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍, ചെയര്‍മാന്‍ കെ.എന്‍. മോഹന്‍ദാസ്, കണ്‍വീനര്‍ ഷാജി പി.ജോസഫ് എന്നിവര്‍ പറഞ്ഞു. സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹമാണെന്ന് പെരിയാര്‍വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ അഡ്വ. സ്റ്റീഫന്‍ ഐസക് പറഞ്ഞു. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ആവശ്യമായ രേഖകള്‍ ഹാജരാക്കി വിധി കേരളത്തിന് അനുകൂലമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും സ്റ്റീഫന്‍ ഐസക് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വയനാട് ദുരന്തത്തിന്റെ പാഠം ഉള്‍ക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോട് സഹകരിക്കണമെന്നും ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജേക്കബ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്താനും, പുതിയ ഡാം പണിയാനുമുള്ള നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പുതറ യൂണിറ്റ് പ്രസിഡന്റ് സിബി മുത്തുമാക്കുഴി. സെക്രട്ടറി ജേക്കബ് പനന്താനം, ചപ്പാത്ത് യൂണിറ്റ് സെക്രട്ടറി സി.ജെ. സ്റ്റീഫന്‍ എന്നിവരും ആവശ്യപ്പെട്ടു. സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സംഘടനകള്‍ അറിയിച്ചു. വിവിധ രാഷ്ട്രീയനേതാക്കളും സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്