- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയില്‍ വരുന്നു നഴ്സിങ് കോളജുകളുടെ കൂട്ടയിടി; ജില്ലാ ആസ്ഥാനത്ത് മന്ത്രി തുടങ്ങിയതിന് അംഗീകാരമില്ല; അടുത്തത് വരുന്നത് അയിരൂരില്‍
പത്തനംതിട്ട: ജില്ലയില്‍ സര്‍ക്കാര്‍ നഴ്സിങ് കോളജുകളുടെ കൂട്ടയിടി. ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ച ഒരെണ്ണത്തിന് അംഗീകാരമില്ലാതെ കിടക്കുമ്പോഴാണ് അയല്‍ മണ്ഡലമായ റാന്നിയില്‍ മറ്റൊരെണ്ണം കൂടി സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടു വരാന്‍ നീക്കം നടക്കുന്നത്. അയിരൂരില്‍ നിലവിലുള്ള ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇവിടെ നഴ്സിങ് കോളജ് തുടങ്ങാനാണ് ഒരുക്കം നടക്കുന്നത്. ഇതേ വകുപ്പിന്റെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അപ്ലൈഡ് സയന്‍സ് കോളജ് കൊണ്ടു വരുന്നതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിരുന്നു. ബയോളജിയും […]
പത്തനംതിട്ട: ജില്ലയില്‍ സര്‍ക്കാര്‍ നഴ്സിങ് കോളജുകളുടെ കൂട്ടയിടി. ആരോഗ്യമന്ത്രി സ്വന്തം മണ്ഡലത്തില്‍ സ്ഥാപിച്ച ഒരെണ്ണത്തിന് അംഗീകാരമില്ലാതെ കിടക്കുമ്പോഴാണ് അയല്‍ മണ്ഡലമായ റാന്നിയില്‍ മറ്റൊരെണ്ണം കൂടി സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടു വരാന്‍ നീക്കം നടക്കുന്നത്. അയിരൂരില്‍ നിലവിലുള്ള ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇവിടെ നഴ്സിങ് കോളജ് തുടങ്ങാനാണ് ഒരുക്കം നടക്കുന്നത്. ഇതേ വകുപ്പിന്റെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അപ്ലൈഡ് സയന്‍സ് കോളജ് കൊണ്ടു വരുന്നതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിരുന്നു.
ബയോളജിയും ഇലക്ട്രോണിക്സും ഓപ്ഷണല്‍ ആയുള്ള സയന്‍സ് ബാച്ചാണ് ടെക്നിക്കല്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ജില്ലയില്‍ നിലവില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഉള്ളത് അടൂരിലും മല്ലപ്പള്ളിയിലും മാത്രമാണ്. റാന്നി താലൂക്കില്‍ ഉണ്ടായിരുന്ന ഏക സ്‌കൂള്‍ ആണ് നിര്‍ത്തലാക്കിയത്. 40 വിദ്യാര്‍ഥികള്‍ക്ക് വീതം പഠിക്കാവുന്ന ബി.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം മോഡല്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി ഫിസിക്സ് മോഡല്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവ ആയിരുന്നു ഡിഗ്രി കോളേജില്‍ ഉണ്ടായിരുന്നത്.
നടത്തിപ്പിലെ പാളിച്ചയും സൗകര്യങ്ങളുടെ കുറവും മൂലം തുടക്കം മുതലേ പ്രതിസന്ധിയില്‍ ആയിരുന്നു ഈ സ്ഥാപനം. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ എന്‍ജിനിയറിങ് കോളജ് അടക്കം നന്നായി ഐ.എച്ച്.ആര്‍.ഡി.ക്ക് കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആയിരുന്നു ഇവിടെ പരാജയം. സ്ഥിരമായി അധ്യാപകര്‍ ഇല്ലാത്തതും വാഹന സൗകര്യങ്ങളുടെ കുറവും ഒക്കെ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും പരിഹരിക്കാതെ മുന്നോട്ട് പോയതോടെ ഇപ്പോള്‍ കോളജ് തന്നെ നിര്‍ത്തലാക്കേണ്ട സ്ഥിതിയിലുമായി.
ഇതിന് പിന്നാലെയാണ് ഏറെ സാങ്കേതിക സൗകര്യങ്ങളും അനുമതികളും വേണ്ട നഴ്സിങ് കോളജ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിലവില്‍ സ്ഥലം ഉള്‍പ്പടെ കോളജിനായി കണ്ടെത്തേണ്ടി വരും. റാന്നി, തിരുവല്ല, കാഞ്ഞീറ്റുകര സര്‍ക്കാര്‍ ആശുപത്രികള്‍ പരിശീലനത്തിനായി ഉപയോഗിക്കാം എന്നുമാണ് കണ്ടെത്തല്‍. പത്തനംതിട്ട കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് കോന്നി മെഡിക്കല്‍ കോളേജിലാണ് പരിശീലനം. ഇവിടേക്ക് യാത്രയ്ക്കുള്ള സൗകര്യം തന്നെയില്ലെന്നാണ് സമരം നടത്തുന്ന കുട്ടികള്‍ പറയുന്നത്. സ്വന്തമായി പണം ചിലവഴിച്ചു വേണം ഇവിടെയും പരിശീലനത്തിനും മറ്റും പോകേണ്ടത്. ഇതെല്ലാം ഒരുക്കി കോളജ് ആരംഭിച്ചില്ലെങ്കില്‍ പത്തനംതിട്ടയിലെ അവസ്ഥ തന്നെ ആകും അയിരൂരിലും ഉണ്ടാവുക. റാന്നി നോളജ് വില്ലേജ് അയിരൂര്‍ ഐഎച്ച്ആര്‍ഡിയില്‍ നഴ്സിങ് കോളജ് അനുവദിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് അറിയിപ്പ്.
ഉന്നതവിദ്യാഭ്യാസത്തിനായി റാന്നിയില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും തിരഞ്ഞെടുക്കുന്നത് നഴ്സിങ് മേഖലയാണ് . ഇവരുടെ വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് പുതിയ നേഴ്സിങ് കോളജ്. അയിരൂര്‍ ഐഎച്ച്ആര്‍ഡിയുടെക്യാമ്പസിനൊപ്പം മൂന്ന് ഏക്കര്‍ ഗ്രാമപഞ്ചായത്ത് ഇതിനായി കണ്ടെത്തി നല്‍കും. ഹോസ്റ്റല്‍, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഘട്ടം ഘട്ടമായി
നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ആദ്യ പരിശോധന പൂര്‍ത്തിയായതായും എംഎല്‍എ അറിയിച്ചു. തുടര്‍ന്ന് കേരള നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍, ആരോഗ്യ സര്‍വകലാശാല, ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ എന്നീ സമിതികളുടെയും അംഗീകാരം ലഭിക്കേണ്ടതായുണ്ട്.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കണം എന്ന നിര്‍ദ്ദേശം പരിഗണിച്ചാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.വി.എ.അരുണ്‍ കുമാര്‍ റാന്നിയെ തിരഞ്ഞെടുത്തത്. ആദ്യഘട്ടമായി സംസ്ഥാനത്തിന് മൂന്നു കോളേജുകള്‍ ആണ് അനുവദിക്കുന്നത്. അതിലൊന്ന് റാന്നിക്കാണ്. 40 ബി എസ് സി നേഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനം.
സ്ഥലം കണ്ടെത്തല്‍, കെട്ടിട നിര്‍മ്മാണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി എംഎല്‍എ ഫണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, സര്‍ക്കാര്‍ ഫണ്ടുകള്‍, മറ്റ് ഇതര ഫണ്ടുകള്‍, ഏജന്‍സികളിലൂടെ സഹായം, സിഎസ്ആര്‍ ഫണ്ട്എന്നിവയെല്ലാംസമാഹരിക്കുന്നത് ഉള്‍പ്പെടെ വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ക്കും. അയിരൂരില്‍ നടന്ന പ്രാഥമിക ആലോചന യോഗം പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, ജെസി സൂസന്‍, ഐഎച്ച്ആര്‍ഡി അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ ലത, ജേക്കബ് കോശി, തോമസ് ഡാനിയേല്‍, എന്‍.ജി. ഉണ്ണികൃഷ്ണന്‍, കെ മോഹന്‍ദാസ്, തോമസ് കളിക്കല്‍, ഫാ ഫിലിപ്പ് സൈമണ്‍, അനിത കുറുപ്പ്, ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, കെ ടി സുബിന്‍ എന്നിവര്‍ പ്രസംഗിച്ചു.