യു കെയിലെ ലഹള തുടരുന്നതിനിടയില്‍ ഇന്നലെ പ്ലിമത്തില്‍ പലയിടങ്ങളിലും പ്രതിഷേധക്കാര്‍ കത്തിച്ച പടക്കങ്ങള്‍ വലിച്ചെറിഞ്ഞു. ഒരു പോലീസ് വാന്‍ തകര്‍ക്കുകയും ചെയ്തു. പ്ലിമത്തിലെ ഗില്‍ഡാല്‍ സ്‌ക്വയറില്‍ കുടിയേറ്റ വിരുദ്ധരായ 'സ്റ്റോപ് ദി ബോട്ട്‌സ്' എന്ന സംഘടനയും കുടിയേറ്റ അനുകൂല സംഘടനയായ 'സ്ടാന്‍ഡ് അപ് ടു റേസിസം' എന്ന സംഘടനയും മുഖാമുഖം എത്തിയതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി.

തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതായി ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പോലീസും സ്ഥിരീകരിച്ചു. സംഘടനത്തിനിടയില്‍ ഒരു പോലീസ് വാനും പ്രതിഷേധക്കാര്‍ തകര്‍ത്തു. ബിര്‍മ്മിംഗ്ഹാമില്‍, മുഖംമൂടി ധരിച്ച്, പാലസ്തീന്‍ പതാകയേന്തി എത്തിയ ഒരു കൂട്ടം അക്രമികള്‍ ഒരു കാര്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറഥ്റ്റ് വന്നിട്ടുണ്ട്. നഗരത്തില്‍ തീവ്ര വലതുപക്ഷക്കാര്‍ റാലി നടത്തുന്നു എന്നതിന്റെ ഓണ്‍ലൈന്‍ സന്ദേശം വന്നതിനിടയിലായിരുന്നു സംഭവം.

യു ക്ലെയില്‍ പല ഭാഗങ്ങളില്‍ നിന്നുമായി അക്രമ സംഭവങ്ങളോട് അനുബന്ധിച്ച് 400 പേരോളം ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ തടയുവാനായി, പ്രത്യേക പരിശീലനം ലഭിച്ച പോലീസുകാരെ കൂട്ടി പ്രധാനമന്ത്രി ഒരു പ്രത്യേക സേനാവിഭാഗം ആരംഭിച്ചിട്ടുമുണ്ട്. റോതെര്‍ഹാമിലും, ടാംവര്‍ത്തിലും തീവ്ര വലതുപക്ഷക്കാര്‍ കൂട്ടമായി അക്രമങ്ങള്‍ അഴിച്ചു വിടുകയും അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന ഹോട്ടലുകള്‍ക്ക് തീയിടുകയും ചെയ്ത പശ്ചാത്തലത്തില്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ഒരു അടിയന്തിര കോബ്രാ യോഗം വിളിച്ചു ചേര്‍ത്തു.

അതിനിടയില്‍, കുടിയേറ്റ വിരോധവും അതിതീവ്ര വലതുപക്ഷ ആശയവും വിചിത്രമായ ഒരു കൂട്ടുകെട്ടിന് വേദിയൊരുക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ദൃശ്യമായി. ബ്രിട്ടനോട് കൂറു പുലര്‍ത്തുന്നവരും, ഐക്യ അയര്‍ലന്‍ഡിനായി വാദിക്കുന്നവരും മറ്റ് വ്യത്യാസങ്ങള്‍ മറന്ന് ബെല്‍ഫാസ്റ്റില്‍ പ്രതിഷേധത്തിനിറങ്ങിയ കാഴ്ചയാണ് ഇന്നലെ കണ്ടത്. തീവ്ര വലതുപക്ഷത്തിലെ ചില ബന്ധങ്ങളും, ചില അജ്ഞാത സമൂഹ മാധ്യമ പോസ്റ്റുകളുമാണ് ഇവരെ ഒന്നിപ്പിച്ചത്. ഇരു കൂട്ടരുടെയും പതാകകളും, ചിഹ്നങ്ങളുമെല്ലാം പ്രകടനത്തില്‍ ഉയര്‍ത്തിയിരുന്നു.

അതിനിടയില്‍, ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി പല വിദേശ രാജ്യങ്ങളും രംഗത്ത് എത്തി. ആസ്‌ട്രേലിയ, ഇന്തോനേഷ്യ, നൈജീരിയ, മലേഷ്യ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ കരുതലെടുക്കണം എന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.