മുംബൈ: മഹാരാഷ്ട്രയിലെ വനത്തില്‍ ഒരു വിദേശ വനിതയെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നു. തന്നെ ആരും കെട്ടിയിട്ടത് അല്ലെന്നും താന്‍ സ്വയം ചങ്ങലയില്‍ ബന്ധിച്ചത് ആണെന്നുമാണ് ഇവരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം 27 നാണ് മുംബൈയില്‍ നിന്ന് 280 മൈല്‍ അകലെയുള്ള സൊനൂര്‍ലി ഗ്രാമത്തിലെ വനത്തിലാണ് ഒരു മരത്തില്‍ ചങ്ങല കൊണ്ട് ബന്ധിച്ച നിലയില്‍ ആട്ടിടയന്‍മാര്‍ ഇവരെ കണ്ടെത്തിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അമേരിക്കന്‍ പൗരത്വമുള്ള ലളിതാകായി കുമാറാണ് എന്ന് കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ആദ്യം പോലീസിനോട് വെളിപ്പെടുത്തിയത് 40 ദിവസം മുമ്പ് ഭര്‍ത്താവ് തന്നെ മരത്തില്‍ കെട്ടിയിട്ട ശേഷം കടന്ന് കളഞ്ഞു എന്നായിരുന്നു.

എന്നാല്‍ ഒരു മാസത്തിലധികം ഒരാള്‍ക്ക് ഇത്തരത്തില്‍ ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന് ആശുപത്രി അധികൃതര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വിശദമായി ചോദ്യം ചെയ്തത്. തുടര്‍ന്നാണ് ലളിത വിവാഹിത അല്ലെന്നും വിസ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിരികെ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ തന്റെ മാനസിക രോഗം മൂര്‍ച്ഛിച്ചതായും തുടര്‍ന്ന് വനമേഖലയില്‍ കടന്ന താന്‍ സ്വയം മരത്തില്‍ ബന്ദിയായതാണെന്നും വെളിപ്പെടുത്തിയത്.

ക്ഷീണം കാരണം സംസാരിക്കാന്‍ കഴിയാതിരുന്ന ലളിത പേപ്പറില്‍ വിശദാംശങ്ങള്‍ എഴുതി കൊടുക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയില്‍ നിന്ന് ലളിത അമേരിക്കന്‍ പൗരത്വമുള്ള ആളാണെന്നും മസാച്ചുസെറ്റ്സിലാണ് താമസിക്കുന്നതെന്നും പോലീസിന് മനസിലായി. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലളിത ഭക്ഷണം കഴിക്കുന്നതായും ലഘുവായ തോതില്‍ എക്സര്‍സൈസ് ചെയ്യുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.