ലക്‌നൗ: സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി. ഉത്തര്‍പ്രദേശില്‍ കാണ്‍പുരിന് സമീപത്താണ് സംഭവം. ആളപായമില്ലെങ്കിലും റെയില്‍ ഗതാഗതം തടസപ്പെട്ടു. കാണ്‍പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ട്രെയിന്‍ പാളം തെറ്റിയതില്‍ അട്ടിമറിയുണ്ടെന്നാണ് റെയില്‍വേയുടെ സംശയം. ട്രാക്കില്‍ വച്ച വലിയൊരു വസ്തു തട്ടിയാണ് 20 ബോഗികള്‍ പാളം തെറ്റിയത് എന്നാണ് നിഗമനം.

സംഭവത്തില്‍ ഐബിയും യുപി പൊലീസും റെയില്‍വേയും അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അഗ്‌നിശമന സേനയുടെ വാഹനങ്ങളും ആംബുലന്‍സുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരെ ബസില്‍ കാണ്‍പുരില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്നും മറ്റൊരു ട്രെയിനില്‍ യാത്രക്കാരെ കയറ്റുമെന്നാണ് റെയില്‍വേ പറയുന്നത്. വാരണാസി ജംക്ഷനും അഹമ്മദാബാദിനും ഇടയില്‍ സര്‍വിസ് നടത്തുന്ന ട്രെയിനാണ് സബര്‍മതി എക്സ്പ്രസ് (19168).