കൊച്ചി: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് വിജയം. കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞു. കെ സുധാകരനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനാ കുറ്റം തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. സുധാകരനെ പ്രതിചേര്‍ക്കാന്‍ തെളിവുകള്‍ ഇല്ലെന്നാ ഹൈക്കോടതി വ്യക്തമാക്കി.

ഈ കേസില്‍ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കെപിസിസി അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രില്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ഡിഗഢില്‍നിന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ട്രെയിനില്‍ വെച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ജയരാജനെ കൊല്ലാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താന്‍ ഏല്‍പ്പിച്ചത് സുധാകരനാണെന്നുമാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്.

ജലന്തറില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് നാട്ടിലേക്ക് വരുന്ന വഴി ട്രെയിനില്‍ വച്ചാണ് ഇ പി ജയരാജന് വെടിയേറ്റത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ കുടുംബസമേതം രാജധാനി എക്‌സ്പ്രസ്സിലായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എ.സി. കോച്ചില്‍ വാഷ്‌ബേസിനു സമീപം നില്‍ക്കുമ്പോഴാണ് ജയരാജന് വെടിയേറ്റത്. ട്രെയിനില്‍ കൊള്ളക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ കേരളീയരായിരുന്ന വിക്രം ചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

അന്ന് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്ന കെ.സുധാകരനും സിപിഎം. ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജനും തമ്മില്‍ വാക്പോര് നടക്കുന്ന കാലമായിരുന്നു. അണികള്‍ തമ്മില്‍ കയ്യാങ്കളിയും പതിവായിരുന്നു. സംഭവം ആന്ധ്രയിലാണ് നടന്നതെന്നതിനാല്‍ ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതൃത്വവും വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടു. പ്രതിപ്പട്ടികയില്‍ കെ. സുധാകരനും പരേതനായ എം. വി രാഘവനും ഉള്‍പ്പെട്ടിരുന്നു. ഇവര്‍ ഗൂഢാലോചന നടത്തിയാണ് ജയരാജനു നേരെ അക്രമമുണ്ടായതെന്നാണ് സിപിഎം ആരോപണം. തുടര്‍ന്ന് കേസില്‍ നിന്നും സുധാകരനും എം.വി രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു.

ആന്ധ്രയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഇടപെടലിലാണ് സുധാകരനും രാഘവനും രക്ഷപ്പെട്ടതെന്നാണ് സിപിഎം വിശ്വസിക്കുന്നത്. അക്കാലത്ത് കെ.സുധാകരനേയും എം.വി രാഘവനേയും ജില്ലയിലെങ്ങും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം പ്രചാരണം അഴിച്ചുവിട്ടിരുന്നു. വെടിയേറ്റ സംഭവത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മാസങ്ങളോളം വീട്ടില്‍ വിശ്രമജീവിതം നയിക്കേണ്ടി വന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നല്‍കി പകരം എം.വി ഗോവിന്ദന്‍ മാസ്റ്ററെ നിയമിക്കുകയും ചെയ്തിരുന്നു.

ഇടയ്ക്കിടെ ജയരാജന്റെ കഴുത്തിലെ വെടിയുണ്ട കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഇ.പി.ജയരാജന്‍ എന്ന വ്യക്തി അടുത്ത കാലം വരേയും ജനപ്രിയ നേതാവായി ഉയര്‍ന്നതിന് പിന്നിലും ഈ വെടിവെപ്പ് സംഭവം കാരണമായിട്ടുണ്ട്. എന്നാല്‍ തലയില്‍ വെടിയുണ്ടയുമായി ജീവിക്കുകയാണ് ഇ.പി. ജയരാജനെന്ന സിപിഎമ്മിന്റെ വാദം. ഈ വാദത്തെ പരിഹസിച്ച് കെ സുധാകരന്‍ തന്നെ രംഗത്തുവന്നിരുന്നു.