തിരുവനന്തപുരം: കേരളത്തിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കപ്പെടുന്നു. ഇനി എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളും ബാങ്കുകളായി മാറും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര സഹകരണ വകുപ്പ് നിര്‍ണ്ണായക തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ഈ തീരുമാനം നടപ്പായാല്‍ എല്ലാ സഹകരണ ബാങ്കുകളും റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാകും.

ഗ്രാമങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനും പ്രാദേശികതലത്തില്‍ ബാങ്കിങ് സേവനം മെച്ചപ്പെടുത്താനും വില്ലേജുതലത്തില്‍ വായ്പേതര സഹകരണസംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ബാങ്കിങ് കറസ്പോണ്ടന്റ് എന്നനിലയിലാകും മാറ്റം. മുമ്പ് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്കുകളെ പോലെയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തോടെ അവയ്ക്ക് ബാങ്ക് പദവി നഷ്ടമായി. അതാകും തിരിച്ചു കിട്ടുക.

സംസ്ഥാന -ജില്ലാസഹകരണ ബാങ്കുകളുടെ ബാങ്കിങ് കറസ്പോണ്ടന്റായി കാര്‍ഷിക അനുബന്ധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന എല്ലാവിഭാഗം പ്രാഥമിക സഹകരണസംഘങ്ങളെയും അനുവദിക്കണമെന്നാണ് നിര്‍ദേശം. ക്ഷീരസംഘങ്ങള്‍ക്കടക്കം അനുമതി ലഭിക്കും. തൊഴിലാളികളും സാധാരണക്കാരുമായ ഒട്ടേറെപ്പേരാണ് സഹകരണസംഘങ്ങളിലെ അംഗങ്ങള്‍. സര്‍ക്കാര്‍പദ്ധതികളുടെ സഹായം, സബ്സിഡി എന്നിവയെല്ലാം നേരിട്ട് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍ എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. സഹകരണ മേഖലയെ ഇത് പുതിയ തലത്തിലേക്ക് കൊണ്ടു പോകുമെന്നാണ് കേരളത്തിന്റേയും വിലയിരുത്തല്‍.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് മാത്രമാണ് ബിസിനസ് കറസ്പോണ്ടന്റായി സംഘങ്ങളെ നിശ്ചയിക്കാനാകുക. കേരളാ ബാങ്കിന് ലൈസന്‍സുണ്ട്. ഈ ബാങ്കുകള്‍ കോര്‍ബാങ്കിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാകണമെന്ന വ്യവസ്ഥയും കേരളാ ബാങ്കിനുണ്ട്. അതുകൊണ്ട് തന്നെ സമീപ ഭാവിയില്‍ കേരളാ ബാങ്കിന്റെ ബാങ്കിങ് കറസ്‌പോണ്ടന്റായി കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക മാറാനാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഗ്രാമ മേഖലയ്ക്ക് വലിയ ഊര്‍ജ്ജമായി അതു മാറും. കേരളാ ബാങ്കിനും കൂടുതല്‍ കരുത്ത് ഇത് നല്‍കുമെന്നാണ് വിലയിരുത്തല്‍.

പുതിയ അക്കൗണ്ട് തുടങ്ങുക, നിക്ഷേപം സ്വീകരിക്കുക, പണം പിന്‍വലിക്കുക, മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് പണം കൈമാറ്റംനടത്തുക, ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമൊരുക്കുക എന്നിങ്ങനെ 23 ബാങ്കിങ് സേവനങ്ങള്‍ക്കുള്ള അനുമതിയാണ് പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ലഭിക്കുക. സംസ്ഥാനത്ത് കേരളബാങ്കിനാണ് ഈ സേവനം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാകുന്നത്. ബാങ്കിങ് കറസ്പോണ്ടന്റുമാരെ നിശ്ചയിക്കുന്നതിന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ആറ്് നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സഹകരണസംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ 12,241 പ്രാഥമിക സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവകുപ്പിനുകീഴില്‍ 3370 സംഘങ്ങളുമുണ്ട്. 653 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുമുണ്ട്.