- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രായേലും ഹമാസും ഒരുപോലെയല്ല; നെതന്യാഹുവിനെതിരായ വാറന്റ് അംഗീകരിക്കില്ലെന്ന് ബൈഡന്‍
വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരായ അറസ്റ്റ് വാറന്റ് വിഷയത്തില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലിനെ കടുത്ത ഭാഷയില്‍ പ്രതിരോധിച്ചു കൊണ്ടാണ് ബൈഡന്‍ രംഗത്തുവന്നത്. ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ജൂത അമേരിക്കന്‍ പൈതൃക മാസ പരിപാടിയില്‍ സംസാരിക്കവെ ബൈഡന്‍ പറഞ്ഞു.
ഗസ്സയില്‍ ഏഴുമാസമായി തുടരുന്ന സംഘര്‍ഷത്തിന്റെ പേരില്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ക്ക് പുറമേ ഹമാസ് നേതാക്കളായ യഹ്യ സിന്‍വര്‍, മുഹമ്മദ് ദെയ്ഫ്, ഇസ്മായില്‍ ഹനിയ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുഖ്യ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ആവശ്യപ്പെടിരുന്നു. യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിന്റെയും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പോഷകാഹാരക്കുറവ്, നിര്‍ജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഫലസ്തീന്‍ ജനതക്കിടയില്‍ ഉയരുന്ന മരണങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങള്‍ താന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇസ്രായേല്‍ നേതാക്കള്‍ക്കെതിരായ അറസ്റ്റ് വാറന്റിനുള്ള ഐ.സി.സി നീക്കം തള്ളിക്കളയുന്നതായി ബൈഡന്‍ പറഞ്ഞു. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നല്‍കിയ പ്രത്യേക കേസിലും ഇസ്രായേലിനെ അനുകൂലിച്ച് ബൈഡന്‍ രംഗതത്തെത്തിയിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നില്ലെന്നും പ്രതിരോധമാണ് നടത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം ഐ.സി.സി നിര്‍ദേശം ഇസ്രായേലും തള്ളിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും വാറന്റിനെ സ്വാഗതം ചെയ്തു. കോടതി നിര്‍ദേശം അവഞ്ജയോടെ തള്ളുന്നുവെന്നായിരുന്നു ഇസ്രായേല്‍ പ്രതികരണം. കൂട്ടക്കൊലയാളികളായ ഹമാസിനെയും ജനാധിപത്യ ഇസ്രായേലിനെയും തുലനം ചെയ്ത നടപടിയെ തള്ളിക്കളയുന്നുവെന്ന് നെതന്യാഹു പറഞ്ഞു. നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും അഗ്‌നിക്കിരയാക്കുകയും കശാപ്പ് ചെയ്യുകയും ശിരഛേദം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയുമെല്ലാം ചെയ്ത ഹമാസിനെയും ന്യായമായ യുദ്ധം ചെയ്യുന്ന ഇസ്രായേല്‍ സൈനികരെയും എന്ത് ധിക്കാരത്തോടെയാണു നിങ്ങള്‍ താരതമ്യം ചെയ്യുന്നതെന്നും നെതന്യാഹു ചോദിച്ചു.
അതേസമയം, ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹമാസും ഫലസ്തീന്‍ സംഘടനകളും ആവശ്യപ്പെട്ടു. നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കാന്‍ ഐ.സി.സി ഏഴു മാസം വൈകിയെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശത്തെ ഗസ മീഡിയ കാര്യാലയവും പി.എല്‍.ഒയും വിമര്‍ശിച്ചു.
ഇസ്രായേല്‍ വൃത്തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ അപ്പാടെ തള്ളിക്കളയുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബ്ലിങ്കന്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും നടപടിയെന്നും സൂചിപ്പിച്ചു. ഈ വിഷയത്തില്‍ ഐ.സി.സിക്ക് ഇടപെടാന്‍ അധികാരമില്ലെന്നു തുടക്കംതൊട്ടേ യു.എസ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അറസ്റ്റ് വാറന്റില്‍ ജര്‍മനിയും ഇസ്രായേലിനുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള താരതമ്യം തെറ്റായെന്ന് ജര്‍മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. എന്നാല്‍, ഇസ്രായേലിനെതിരെ ഐ.സി.സിയില്‍ യുദ്ധക്കുറ്റ കേസിനു തുടക്കമിട്ട ദക്ഷിണാഫ്രിക്ക പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. എല്ലാവരോടും തുല്യമായി നിയമം നടപ്പാക്കേണ്ടതുണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ പറഞ്ഞത്. ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകണം. സാധാരണക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും രാമഫോസ ആവശ്യപ്പെട്ടു.
ബെല്‍ജിയവും ലോകകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ യു.എസിന്റെ നിലപാട് ആവര്‍ത്തിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. ഹമാസ് നേതാക്കള്‍ക്കൊപ്പം ഇസ്രായേല്‍ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു ബ്രിട്ടനും ചെക്ക് റിപബ്ലിക്കും ആസ്ട്രിയയുമെല്ലാം ചെയ്തത്.