പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന തമിഴ്‌നാട് സ്വദേശിനി പിടിയില്‍. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. തമിഴ്‌നാട് ദിണ്ടിഗല്‍ രത്തനം കോവില്‍പ്പെട്ടി സ്വദേശി സന്ധ്യ(27) യെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം സ്വദേശിനിയായ ശാരദയുടെ ഒന്നര പവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. പനമണ്ണയില്‍നിന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു ശാരദ. തോട്ടക്കര ഭാഗത്തുവെച്ച് സന്ധ്യ ഷാള്‍ ശാരദയുടെ ദേഹത്തേക്കിട്ട് തിരികെയെടുക്കുന്നതുപോലെ കാണിച്ച് മാല പൊട്ടിക്കുകയായിരുന്നു. ഉടനെ ശാരദ നിലവിളിച്ച് ആളെ കൂട്ടുകയും സന്ധ്യയെ യാത്രക്കാര്‍ ചേര്‍ന്ന് കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

സ്വര്‍ണമാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാല ബസില്‍ തന്നെ വലിച്ചെറിഞ്ഞതായാണ് സന്ധ്യ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എസ്.ഐ. എം. സുനില്‍, എസ്.ഐ. സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.