ജാതിയും മതവും വിശ്വാസവും അന്ധവിശ്വാസവും സദാചാര കാപട്യങ്ങളുമെല്ലാം നിറഞ്ഞ ഒരു ഇരുണ്ട മുറിയാണ് ശരാശരി മലയാളിയുടെ മനസ്സ്. ആ മുറിയുടെ ഷട്ടർ വലിച്ച് തുറന്നാണ് ജോയ് മാത്യു എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാളികൾക്ക് മുമ്പിലത്തെിയത്. മാധ്യമ പ്രവർത്തകനായും പുസ്തക പ്രസാധകനായും പ്രവാസിയായും വിവിധ വേഷങ്ങൾ കെട്ടിയാടിയ ഈ മനുഷ്യൻ വലിയ ശബ്ദത്തോടെ ആ ഷട്ടർ വലിച്ച് തുറന്നപ്പോൾ അതിൽ മലയാളികൾ കണ്ടത് പുറം ലോകത്ത് നിന്നും ഒളിപ്പിച്ച് വെച്ച് നടന്നിരുന്ന തന്റെ തന്നെ മറ്റൊരു മുഖമായിരുന്നു.ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ മലയാള സിനിമയിൽ വേറിട്ട ശബ്ദം കേൾപ്പിച്ച ജോയ്മാത്യുവിനെ പിന്നീട് നമ്മൾ കണ്ടത് ഒരു അഭിനേതാവിന്റെ റോളിലായിരുന്നു. കയ്യടി നേടിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോയ് മാത്യു വർഷങ്ങൾക്ക് ശേഷം ഗിരീഷ് ദാമോദർ എന്ന നവാഗതന് വേണ്ടി തൂലികയേന്തിയപ്പോൾ അത് ഷട്ടറിന്റെ തന്നെ തുടർച്ചയായ 'അങ്കിളായി' മലയാളികൾക്ക് മുമ്പിലത്തെി.

ലൈംഗികത്തൊഴിലാളിയ്‌ക്കോപ്പം ഒരു രാത്രി വീടിന് മുന്നിലെ കടമുറിയിൽ കുടുങ്ങിപ്പോകുന്ന റഷീദ് തിരിച്ചറിയുന്ന ജീവിത പാഠങ്ങളായിരുന്നു ഷട്ടർ. എന്താണ് ബന്ധമെന്നും എന്താണ് സദാചാരമെന്നും ആരാണ് യഥാർഥ സുഹൃത്തുക്കളെന്നുമെല്ലാം അയാൾ ഷട്ടറിനുള്ളിൽ കുടുങ്ങിയ ആ രാത്രി അയാൾ മനസ്സിലാക്കി. തീർച്ചയായും ആ റഷീദിന്റെ അയൽവാസിയാണ് ഈ ചിത്രത്തിലെ വിജയൻ (ജോയ് മാത്യു). റഷീദിന്റെ മദ്യപാന സദസ്സും സുഹൃത്തുക്കളും അവരുടെ പരദൂഷണം പറച്ചിലുമെല്ലാം വിജയന്റെ ജീവിതത്തിലും അതേ പോലെയുണ്ട്.

ഒന്നോ രണ്ടോ ദിവസത്തെ കഥയായിരുന്നു ഷട്ടർ. അങ്കിളും ഇതിന് സമാനമാണ്. ഊട്ടിയിൽ നിന്നും മസിനഗുഡി വഴി കോഴിക്കോട്ടേക്കുള്ള യാത്രയാണ് ഈ സിനിമ. യാത്രയുടെ ത്രില്ലിംഗിനൊപ്പം ആ യാത്ര ചില വ്യക്തികളുടെ മനസ്സിൽ ഉണ്ടാക്കുന്ന ആകുലതകളിലൂടെയും അസ്വസ്ഥതകളിലൂടെയും വർത്തമാനകാല മലയാളി ജീവിതങ്ങൾ കാത്തുസൂക്ഷിക്കുന്ന ധാർമ്മികതയെയും സദാചാര മൂല്യങ്ങളെയുമെല്ലാം വിലയിരുത്താൻ ശ്രമിക്കുന്ന സിനിമ ചില കേരളീയ അവസ്ഥകളോട് ശക്തമായ ഭാഷയിൽ ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

അടുത്തകാലത്തെ അളിഞ്ഞവേഷങ്ങൾക്കുശേഷം താരജാട വിട്ട് മമ്മൂട്ടി ഒരു നടനാവുന്നുവെന്ന പ്രത്യേകയും ഈ പടത്തിനുണ്ട്.ദുരൂഹതകൾ ഒളിപ്പിച്ചുവെച്ച, പിടിതരാത്ത പ്രകടനത്തിലൂടെ ഇനിയും മലയാള സിനിമയിൽ എന്തൊക്കെയോ തനിക്ക് ചെയ്യാനുണ്ടെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുന്നു. എന്നുവെച്ച് ഔട്ട്‌സ്‌ററാൻഡിങ്ങ് എന്ന് മാർക്ക് കൊടുക്കാവുന്ന ചിത്രവുമല്ല ഇത്. ആവർത്തിക്കുന്ന രംഗങ്ങളും കഥ വലിച്ചു നീട്ടുമ്പോഴുണ്ടാകുന്ന പോരായ്മകളുമെല്ലാം ഈ 'അമ്മാവനുമുണ്ട്'. ഷട്ടർ പോലെ തീവ്രമായ ഒരു കാഴ്ചാനുഭവം ആയി മാറാൻ അങ്കിളിന് കഴിയുന്നില്ല.പക്ഷേ പാസ്മാർക്ക് നിഷ്പ്രയാസം കൊടുക്കാം.

'ഷട്ടറിന്റെ' രണ്ടാം ഭാഗമോ?

കഥാഘടനയിൽ ഷട്ടർ അങ്കിളും ഏറെക്കുറേ സാമ്യമുണ്ട്. രണ്ടു ദിവസം നീളുന്ന കഥാസഞ്ചാരം. പ്രധാനകഥയിൽ നിന്ന് വേറിട്ട് ഉപകഥകൾ എങ്ങുമില്ല. ഒരു ഭാഗത്ത് ഊട്ടിയിൽ നിന്നുള്ള യാത്രയാണെങ്കിൽ മറുഭാഗത്ത് ഈ യാത്രയെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന ഒരു കുടുംബത്തിന്റെ ധർമ്മസങ്കടങ്ങളാണ്. ത്രില്ലർ മൂഡിൽ യാത്ര മനോഹരമായി മുന്നോട്ട് നീങ്ങുമ്പോൾ കുടുംബത്തിന്റെ ഭാവങ്ങൾ ഒന്നുതന്നെയാവുന്നതുകൊണ്ടുള്ള വിരസതയും ആവർത്തിക്കുന്ന രംഗങ്ങളും കഥ വലിച്ചു നീട്ടുമ്പോഴുണ്ടാകുന്ന പോരായ്മകളും അങ്കിളിനുണ്ട്. ഷട്ടർ പോലെ മനസ്സിനെ കൊളുത്തിവലിക്കുന്ന ഒരനുഭവമായി അങ്കിൾ മാറാത്തതിന് അയഞ്ഞ അവതരണ ശൈലിയും ഒരു കാരണമായി മാറുന്നുണ്ട്.

ഊട്ടിയിൽ നിന്ന് മനസിനഗുഡി വഴി കർണ്ണാടയിലെ ഗുണ്ടുൽപേട്ട കടന്നുള്ള യാത്ര അവിസ്മരണമായ ഒരനുഭവമാണ്. കാടും കാട്ടുമൃഗങ്ങളും പേടിപ്പെടുത്തുന്ന നിശബ്ദതയുമെല്ലാം ചേരുന്ന ഈ വഴികളിലൂടെയൊക്കെയാണ് കെ കെ എന്ന കൃഷ്ണകുമാറിന്റെ (മമ്മൂട്ടി) കാർ അതിവേഗം സഞ്ചരിക്കുന്നത്. വിജയന്റെ സുഹൃത്തുക്കളിൽ ഒരാളാണ് കെ കെ .ആള് വലിയ കാശുകാരനും സുന്ദരനുമാണ്. സ്ത്രീകളുമായുള്ള ബന്ധത്താൽ പുരുഷ സുഹൃത്തുക്കൾക്ക് മുന്നിൽ ആളൊരു ആരാധനാപാത്രവുമാണ്. ബിസിനസ്സുകാരനായ കെ കെ വിവാഹമോചിതനാണെന്നുള്ള വിവരം മാത്രമാണ് സുഹൃത്തുക്കൾക്കുള്ളത്. ഊട്ടിയിൽ സംഘർഷം നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം വിജയന്റെ മകളും കോളജ് വിദ്യാർത്ഥിനിയുമായ ശ്രുതിക്ക് (കാർത്തിക മുരളീധരൻ) കെ കെയുടെ കാറിൽ നാട്ടിലേക്ക് യാത്ര ചെയ്യണ്ടിവരുന്നു.

ഒരു രാത്രിയും രണ്ട് പകലുകളും നീണ്ടു നിൽക്കുന്ന ഈ യാത്ര ഗംഭീരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കാടിന്റെ നിശബ്ദതയിലൂടെ പിടിതരാത്ത മനസ്സുള്ള കെ കെയും അയാളെ വിശ്വസിച്ച് ഒപ്പം കയറിയ പെൺകുട്ടിയും സഞ്ചരിക്കുമ്പോൾ ആ യാത്രയ്‌ക്കോപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് സിനിമയുടെ വിജയം. അന്ന് രാത്രി തന്നെ അവസാനിക്കേണ്ടതായിരുന്നു ആ യാത്ര. എന്നാൽ കെ കെ കാട്ടിലൂടെയും മറ്റും വണ്ടിയോടിച്ച് ആ യാത്രയുടെ ദൈർഘ്യം കൂട്ടുന്നു. ഇതോടെ ശ്രുതിക്കോപ്പം പ്രേക്ഷകനും ടെൻഷനിലാവും. എന്താവും കെ കെയുടെ ഉദ്ദേശം. കൂടെ പഠിക്കുന്ന ആൺകുട്ടിയെ വണ്ടിയിൽ കയറ്റാമെന്ന് ശ്രുതി പറയുന്നുണ്ടെങ്കിലും അവനെ മനഃപൂർവ്വം കയറ്റാതെയാണ് കെ കെ യാത്ര തുടരുന്നത്. പിന്നീടങ്ങളോട്ട് അയാളുടെ നീക്കങ്ങൾ പലതും ദുരൂഹത ഉണർത്തുന്നതാണ്. അച്ഛന്റെ സുഹൃത്തായതുകൊണ്ട് ശ്രുതിക്കും ഭർത്താവിന്റെ അടുത്ത സുഹൃത്തിന്റെ കൂടെയാണ് മകളെന്നതുകൊണ്ട് ഭാര്യക്കും വലിയ സംഘർഷങ്ങൾ ഒന്നും ഉണ്ടാകുന്നില്ലങ്കെിലും കെ കെ യെക്കുറിച്ചറിയാവുന്ന വിജയൻ മദ്യത്തെയും സിഗരറ്റുകളെയും കൂട്ടുപിടിച്ച് അസ്ഥസ്ഥതകളിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുകയാണ്.

സ്ത്രീകളുമായുള്ള കെ കെ യുടെ ബന്ധങ്ങളെക്കുറിച്ച് നന്നായറിയാവുന്ന വിജയൻ നേരിടുന്ന മാനസിക സംഘർഷങ്ങളിലൂടെയും ഇക്കാര്യം ആരോടും പറയാൻ പറ്റാതെ അദ്ദേഹം അനുഭവിക്കുന്ന സംഘർഷത്തിലൂടെയും മലയാളി ജീവിതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ജോയ് മാത്യു.ത്രില്ലർ മൂഡിൽ നീങ്ങുന്ന യാത്രയും കെ കെ ഉയർത്തുന്ന ദുരൂഹതകളും, ശ്രുതിയുമൊപ്പമുള്ള രസകരമായ ബന്ധങ്ങളുമെല്ലാം ചേർന്ന് പ്രേക്ഷകരെ പിടിച്ചിരുത്താൻ അങ്കിളിന് കഴിയുന്നുണ്ട്. എന്നാൽ ഷട്ടർ പോലെ തീവ്രമായ ഒരു കാഴ്ചാനുഭവം ആയി മാറാൻ സാധിക്കാതെ വരുന്നതാണ് അങ്കിളിന്റെ പോരായ്മ.

ഒരു ആണിനെയും പെണ്ണിനെയും അടുപ്പത്തോടെ പൊതുവിടത്തിൽ ഒരുമിച്ച് കണ്ടാൽ സദാചാര പൊലീസായി ജനാധപത്യ വിരുദ്ധത കാഴ്ചവെക്കുന്ന ജനക്കൂട്ടത്തോട് മാത്രമല്ല, കുടുംബത്തിൽ പോലും സദാചാരപരമായ ഇരട്ട ജീവിതം നയിക്കുന്ന മലയാളി പുരുഷനോടും സംസാരിക്കാൻ അങ്കിൾ ശ്രമിക്കുന്നുണ്ട്. കാട്ടിലെ തടാകക്കരയിൽ കാഴ്ചകൾ കാണുന്ന കെ കെയും ശ്രുതിയും സദാചാര പൊലീസുകാരുടെ കൈയിൽ അകപ്പെടുന്നു. പിന്നെ ആൾക്കൂട്ടം വലുതാവുകയാണ്. കുറിതൊട്ട് കാവിമുണ്ട് ധരിച്ചവനും തൊപ്പിക്കാരനുമെല്ലാം അക്കൂട്ടത്തിൽ ഒന്നിച്ചുണ്ട്.

എല്ലാ സാമൂഹ്യവിരുദ്ധരും മത വർഗീയവാദികളും ഒന്നിക്കുന്നത് ഇക്കാര്യത്തിൽ മാത്രമാണെന്നും സിനിമ പറഞ്ഞുവെക്കുന്നു. ഇതിനിടയിലേക്ക് എത്തുന്ന പൊലീസ് സംഘമാണെങ്കിലും ആൾക്കൂട്ടത്തിന്റെ വേട്ടക്കായുള്ള ത്വരക്കാപ്പമാണ് നിൽക്കുന്നത്. ആദിവാസിയായ ഒരു യുവാവ് മാത്രമാണ് ഇവിടെ ഇരകൾക്കോപ്പം നിൽക്കുന്നത്. ഇരയുടെ വാക്കുകൾ കേൾക്കാൻ പോലും നിൽക്കാതെ സദാചാര പൊലീസുകാരും യഥാർത്ഥ പൊലീസുകാരും ഒന്നായി മാറുന്നതും അങ്കിളിൽ കാണാവുന്നതാണ്. ഈ സമയത്ത് മാത്രമാണ് യഥാർത്ഥത്തിൽ കെ കെ ആരാണെന്ന് വിജയൻ ഭാര്യയോട് വെളിപ്പെടുത്തുന്നത്.

മമ്മൂട്ടിയുടേത് സമീപകാലത്തെ മികച്ച പ്രകടനം

സ്റ്റാറാവാൻ നടക്കുന്ന പുള്ളിക്കാരനെയും സകലതും ഇളക്കി മറിക്കുന്ന മാസ്റ്റർപീസ് നായകനെയും പോലുള്ള വേഷം കെട്ടലുകളിൽ തളച്ചിടപ്പെട്ട മമ്മൂട്ടി എന്ന നടൻ പ്രേക്ഷകർ ആഗ്രഹിക്കുന്ന സ്വഭാവിക ഭാവപ്രകടനങ്ങളുമായി നിറഞ്ഞു നിൽക്കുന്നു എന്നത് തന്നെയാണ് അങ്കിളിനെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. കൂളിങ് ഗ്‌ളാസും സ്‌റ്റൈലിഷ് വേഷവുമൊക്കെയാണെങ്കിലും പഴയ കുട്ടേട്ടനെപ്പോലെ അടിച്ചുപൊളിയാണെങ്കിലും ആത്മാവില്ലാത്ത കഥാപാത്രമല്ല കെ കെ. ദുരൂഹത ഉണർത്തുന്നതാണ് ആളുടെ നോട്ടവും ഭാവവും പ്രവൃത്തിയുമെല്ലാം. എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചതുപോലെയാണ് അയാളുടെ പെരുമാറ്റം.

ആരാണെന്നോ എന്താണെന്നോ പിടിതരാത്ത പ്രകടനത്തിലൂടെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ മമ്മൂട്ടി അങ്കിളായി കിടിലൻ പ്രകടനം തന്നെ കാഴ്ച വെക്കുന്നു. എന്നാൽ വിജയൻ അനുഭവിക്കുന്ന അസ്വസ്ഥതയും ആകുലതകളും പ്രേക്ഷകരിലേക്ക് സ്വാഭാവികമായി പടർത്താൻ മമ്മൂട്ടിയുടെ ഇമേജ് തടസ്സമാകുന്നതും അങ്കിളിൽ കാണാം. എന്തെല്ലാം നിഗൂഡതകൾ ഉണ്ടെങ്കിലും കൃഷ്ണകുമാർ എവിടം വരെ പോകും എന്ന് പ്രേക്ഷകർക്ക് നന്നായറിയാം. അയാൾക്കരികിൽ നായിക സുരക്ഷിതയായിരിക്കും എന്നും അവർക്ക് ഉറപ്പാണ്. കുട്ടേട്ടൻ, വിധേയൻ, പാലേരി മാണിക്യം തുടങ്ങിയ സിനിമകളിൽ തന്റെ ഇമേജ് ബ്രേക്ക് ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ മമ്മുക്ക അത്ര വല്യ അപകടമൊന്നും കാട്ടില്ലന്നെ് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ നിഗൂഡമായ ആ നോട്ടത്തിലും അവർ മമ്മൂക്കയുടെ കണ്ണിൽ നോക്കി ആശ്വാസം കൊള്ളുന്നത് ചിത്രത്തിന്റെ പിരിമുറക്കം ഇല്ലാതാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ എല്ലാം തകർത്തെറിയുന്ന കഥാപാത്രമല്ല മമ്മൂട്ടിയുടേത്. അയാൾ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. എന്ത് ചെയ്യമെന്നറിയാതെ, ശബ്ദമുണ്ടാക്കാതെ അയാൾ പലപ്പോഴും ആൾക്കൂട്ടത്തിന് മുമ്പിൽ വേദനയോടെ നിൽക്കുന്നുണ്ട്. വീണ്ടും മണ്ണിലേക്കിറങ്ങിവരാൻ ഈ ചിത്രത്തിന്റെ വിജയം മമ്മൂട്ടിയെ സഹായിക്കട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

ശ്രുതിയായി കാർത്തിക മുരളീധരനും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. അങ്കിളിനെ വിശ്വസിച്ച് അയാളോട് ചിരിച്ച് കളിച്ച് ഇടപെടുന്ന നിഷ്‌ക്കളങ്കയായ ശ്രുതി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുന്നുണ്ട്. വിജയനായി ജോയ് മാത്യുവും നല്ല പ്രകടനം കാഴ്ചവെക്കുമമ്പോൾ ഭാര്യയായത്തെുന്ന മുത്തുമണിയുടേതാണ് ചിത്രത്തിലെ തകർപ്പൻ പ്രകടനം.കൈ്‌ളമാക്‌സിൽ മമ്മൂട്ടിയെ പോലും കാഴ്ചക്കാരനാക്കി അവർ തകർത്താടുകയാണ്. ആൾക്കൂട്ടത്തോട് ഒറ്റയ്ക്ക് നിന്ന് അവർ വാക്കുകൾ കൊണ്ട് പോരാടുമ്പോൾ തിയേറ്ററിൽ മുഴങ്ങിയത് വലിയ കയ്യടികളായിരുന്നു. സ്ത്രീ കഥാപാത്രങ്ങൾ പാർശ്വവത്ക്കരിക്കപ്പെടുന്ന മലയാള സിനിമയിൽ ഇതും സുന്ദരമായ ഒരു കാഴ്ച തന്നെയാണ്.

കെ പി എ സി ലളിതയും കൈലാഷും സുരേഷ് കൃഷ്ണയുമെല്ലാം കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഭൂരിഭാഗവും ജോയ്മാത്യുവിന്റെ പതിവ് സുഹൃത്തുക്കൾ തന്നെയാണ്. ഷട്ടറിൽ നിന്നിറങ്ങിവന്ന ഇവരിൽ പലരും അങ്കിളിനൊപ്പമുണ്ട്. അവരെല്ലാം തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. സഹസംവിധായകനായി വർഷങ്ങളുടെ പരിചയമുള്ള ഗിരീഷ് ദാമോദർ മികച്ചൊരു സംവിധായകനായി മലയാള സിനിമയിൽ സജീവമാകുമെന്ന് അങ്കിളിലെ കാഴ്ചകൾ നമുക്ക് ഉറപ്പ് നൽകുന്നുണ്ട്. കാടിന്റെ വന്യതയും പ്രകൃതി സുന്ദരമായ കാഴ്ചകളും താണ്ടിയത്തെുന്ന അഴകപ്പന്റെ ക്യാമറാക്കണ്ണുകളും മോഹിപ്പിക്കുന്നതാണ്.

വാൽക്കഷ്ണം: ഇടത് സർക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പലപ്പോഴായി വിമർശിക്കാറുള്ള വ്യക്തിയാണ് ജോയ് മാത്യു. എല്ലാം ശരിയാക്കാനായി വന്ന വിജയേട്ടനിൽ എല്ലാ സാധാരണക്കാരെയും പോലെ തലശ്ശേരിക്കാരിയായ ശ്രുതിയുടെ അമ്മക്കും വിശ്വാസമുണ്ട്. തനിക്കും തന്റെ മകൾക്കുമൊപ്പം പിണറായിനിൽക്കും എന്നവർ വിശ്വസിക്കുന്നു. ലിഗയുടെ ബന്ധുക്കളുടെ കണ്ണീരിനൊപ്പമോ ശ്രീജിത്തിന്റെ ബന്ധുക്കൾക്കോപ്പമോ നിൽക്കണം എന്ന് ആ അമ്മയിലൂടെ ജോയ് മാത്യു സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് പറഞ്ഞതാണോ.. അതോ പതിവ് ശൈലിയിൽ മുഖ്യനെ ട്രോളിയതാണോ എന്നാണ് അറിയാത്തത്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).