മസ്‌ക്കറ്റ്: ഗാല ഇൻഡസ്ട്രിയൽ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ട്. ഇന്നലെ വൈകുന്നേരമാണ് കെട്ടിടം ഇടിഞ്ഞുവീണത്.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പബ്ലിക് അഥോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (പിഎസിഡിഎ) അറിയിച്ചു. അതേസമയം എത്ര പേർ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.

കെട്ടിടം തകർന്നതിനെ തുടർന്ന് രണ്ടു പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തു നിലയുള്ള ഫ്‌ലാറ്റാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിചം. ഇതിന്റെ രണ്ടാം നിലയുടെ കോൺക്രീറ്റിംഗിനിടെയാണ് അപകടം.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു ജോലിക്കാർ വൻ ശബ്ദം കേട്ടതിനെ തുടർന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം മുപ്പതോളം തൊഴിലാളികൾ ജോലിയെടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.