കൊൽക്കത്ത: മമതയുടെ ഭരണത്തിൻകീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാൾ ആയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കവേ ആയിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ മുകേഷ് അംബാനി പ്രശംസിച്ചത്.

കുറഞ്ഞ വളർച്ചാ നിരക്കിനോട് ബംഗാൾ വിട പറഞ്ഞുകഴിഞ്ഞു. ഇപ്പോൾ ബംഗാൾ കടുവയെപോലെ ഭാവിയെ നോക്കി ബംഗാൾ കുതിക്കുകയാണ്. ഇന്ന് സംസ്ഥാനം വ്യവസായ സൗഹൃദമാണ്. മമതയുടെ നേതൃത്വത്തിൻകീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാൾ ആയി- മുകേഷ് പറഞ്ഞു.

പശ്ചിമബംഗാളിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ടെലികോം, പെട്രോളിയം റീട്ടെയ്ൽ ശൃംഖല വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്. കൂടാതെ മൊബൈൽ, സെറ്റ് ടോപ് ബോക്‌സ് എന്നിവയുടെ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും പദ്ധതിലക്ഷ്യങ്ങളിലുണ്ട്.

ബാഗാൾ വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് ബംഗാൾ 5000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും മുകേഷ് അംബാനി ചടങ്ങിൽ മമതാ ബാനർജിക്ക് വാക്ക് നൽകി. കൂടാതെ മമതാ ബാനർജി നല്ലൊരു മുഖ്യമന്ത്രി മാത്രമല്ല. അതിനും മുകളിലാണ് അവരുടെ പ്രവർത്തനം എന്നും മുകേഷ് അംബാനി പറഞ്ഞു.

മുകേഷ് അംബാനിക്കു പുറമെ ചടങ്ങിൽ പങ്കെടുത്ത മറ്റ് വ്യവസായ ഗ്രൂപ്പുകളും ബംഗാളിന് പലവിധത്തിലുള്ള സഹായങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പൈപ്പ് ഗ്യാസ് സംരഭത്തെ ഉയർത്തിക്കൊണ്ടുവരാനായി 1,200 കോടി രൂപ ബംഗാളിൽ നിക്ഷേപിക്കുമെന്ന് ഹീരാനന്ദിനീ ഗ്രൂപ്പ് പറഞ്ഞു.

ബംഗാളിലെ നദികളിലും തടാങ്ങളിലും സമുദ്രവിമാന പാതകൾ നിർമ്മിച്ചു നൽകുമെന്ന് ഉറപ്പാണ് സ്‌പെയ്‌സ് ജെറ്റ് മേധാവി അജയ് സിങ് ഉറപ്പ് നൽകിയത്. ഇന്ത്യയിലെ വ്യവസായ സംരഭകർക്ക് പുറമെ പോളണ്ട്, ചൈന, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നിവിടങ്ങളിലെ പ്രതിനിധികളും ബിസിനസ് ഉച്ചകോടിയിൽ പങ്കെടുത്തു.