ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ വെളിപ്പെടുത്തിയത് 1000, 500 രൂപാ നോട്ടുകൾ പിൻവലിച്ച്ത ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം ആയിരുന്നില്ലെന്നാണ്. ഇതിനായി നല്ല മുന്നൊരുക്കം തന്നെ കൈക്കൊണ്ടിരുന്നു എന്നാണ് ഉർജിത്ത് പട്ടേൽ വ്യക്തമാക്കിയത്. രഘുറാം രാജന്റെ കാലം മുതൽ നോട്ട് പിൻവലിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു എന്നും വ്യക്തമായിട്ടുണ്ട്.

വിപണിയിൽ ഉപയോഗത്തിലിരുന്ന 1000 രൂപ നോട്ടുകൾക്ക് പകരമായി 5000, 10,000 രൂപാ നോട്ടുകൾ ഇറക്കുന്നതിനെ കുറിച്ചാണ് ആർബിഐ ആലോചിച്ചത്. നരേന്ദ്ര മോദി സർ ക്കാർ അധികാരമേറ്റ ഉടനെ 2014 ഒക്ടോബർ മാസത്തിലാണ് ഇതേക്കുറിച്ച് സർക്കാർ ചിന്തിച്ചത്. ഇതിന് ശേഷം 18 മാസങ്ങൾക്ക് ശേഷം മെയ്‌ 2016നാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കുന്നതിനെ കുറിച്ച് ചർച്ചകൾ വന്നത്. ജൂൺ മാസത്തോടെ പുതയ നോട്ട് പ്രിന്റ് ചെയ്യുന്നതിനുള്ള തീരുമാനങ്ങൾ ലഭിച്ചു.

ഇതിന് ശേഷമാണ് 500, 1000 രൂപ നോട്ടുകൾ എങ്ങനെ പിൻവലിക്കണം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ വന്നത്. തുടർന്നാണ് നവംബർ എട്ടിന് നോട്ട് പിൻവലിക്കൽ തീരുമാനം ഉണ്ടായത്. അതേസമയം പിൻവലിച്ച നോട്ടുകൾക്ക് പകരമായി 5000, 10000 രൂപാ നോട്ടുകൾ കൊണ്ടുവരാനുള്ള നീക്കത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് എതിർത്തത്. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്ന നിഗമനത്തിലാണ് 2000 രൂപയിലേക്ക് സർക്കാർ എത്തിച്ചേർന്നത്. 2000 രൂപയ്ക്ക് പോലും ചേഞ്ച് കിട്ടാത്ത അവസ്ഥയായിരുന്നു നോട്ട് പിൻവലിക്കലിന്റെ ആദ്യദിനങ്ങളിൽ ഉണ്ടായത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് വിനിമയത്തിനായി ഉപയോഗിച്ചിരുന്ന 5000, 10000 രൂപ നോട്ടുകൾ പിൻവലിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിനു മുമ്പ് 1938 ലാണ് പതിനായിരം രൂപയുടെ കറൻസി ആർബിഐ പുറത്തിറക്കുന്നത്. 1946 ൽ അസാധുവാക്കിയ ശേഷം 1954 ൽ പോയതു പോലെ തിരിച്ചെത്തിക്കുകയും ചെയ്തു. തുടർന്ന് 1978 വരെ 10000 രൂപയുടെ നോട്ടുകൾ വിപണിയിലുണ്ടായിരുന്നു. 5000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയും 1954 ലായിരുന്നു. ഇവ രണ്ടും 1978 ലാണ് പിൻവലിച്ചത്.

അടിയന്തരാവസ്ഥയ്ക്കു ശേഷം നിലവിൽ വന്ന മൊറാർജി ദേശായി നേതൃത്വം നൽകിയ ജനതാ പാർട്ടിയുടെ സർക്കാരാണ് ഈ നിർണായക തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ മൊറാർജിയുടെ പിൻഗാമിയായാണ് മോദി എത്തുന്നതും. പണപ്പെരുപ്പത്തെ പിടിച്ചുനിർത്താൻ കഴിയുമെന്ന ന്യായീകരണവുമായാണ് 1987 ൽ 500 രൂപ നോട്ടും 2000 ത്തിൽ ആയിരം രൂപ നോട്ടും പുറത്തിറക്കിയത്. ഇപ്പോൾ ആദ്യമായാണ് രാജ്യത്ത് 2000 രൂപയുടെ നോട്ട് അവതരിപ്പിച്തും.