വാഷിങ്ടൺ ഡിസി: പ്രായപൂർത്തിയാകാത്തവർക്കിടയിലുള്ള മദ്യപാനവും ചെറുപ്പക്കാരുടെ അമിത മദ്യപാനവും അമേരിക്കയിൽ കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. പന്ത്രണ്ടിനും ഇരുപതിനും മധ്യേ പ്രായമുള്ളവർക്കിടയിലുള്ള മദ്യപാനം 6.1 ശതമാനം കുറഞ്ഞുവെന്നും ചെറുപ്പക്കാർക്കിടയിലെ അമിത മദ്യപാനം 5.1 ശതമാനം കുറഞ്ഞുവെന്നുമാണ് റിപ്പോർട്ട്. സബ്‌സ്‌റ്റെൻസ് അബ്യൂസ് ആൻഡ് മെന്റൽ ഹെൽത്ത് സർവീസസ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തുവിട്ട കണക്കു പ്രകാരമാണ് ഇതു വ്യക്തമായിരിക്കുന്നത്.

2002-നും 20013- നും മധ്യേ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2013-ലെ കണക്ക് അനുസരിച്ച് വർഷത്തിലെ അവസാന 30 ദിവസമാണ് ചെറുപ്പക്കാരിൽ 22.7 ശതമാനം പേർ മദ്യപിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികളിൽ 14.2 ശതമാനം പേർ അമിതമായി മദ്യപിച്ചിട്ടുള്ളതായി കണ്ടെത്തി. ഒരു പാർട്ടിക്കിടയിൽ തന്നെ അഞ്ചോ അതിലധികമോ ഡ്രിങ്ക് ആണ് ഇക്കൂട്ടർ കഴിച്ചിട്ടുള്ളത്. 2002-ലെതിനെക്കാൾ 20 ശതമാനം കുറവാണിത്.

അതേസമയം 18നും 20നും മധ്യേ പ്രായമുള്ളവരിൽ അമിത മദ്യപാനം 39 ശതമാനം മുതൽ 44 ശതമാനം വരെയാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇതു തന്നെയാണ് കണക്ക്. കോളേജിൽ പഠിക്കുന്ന കുട്ടികളിൽ 59.4 ശതമാനം പേരും അവസാന 30 ദിവസം മദ്യപിക്കുന്നവരാണ്. ചെറുപ്പക്കാർക്കിടയിൽ 22.7 ശതമാനം പേരും ഉപയോഗിക്കുന്ന പ്രൈമറി ഡ്രഗ് എന്ന നിലയിൽ മദ്യമാണ് ഒന്നാം സ്ഥാനത്ത്. 16.9 ശതമാനം പേർ പുകയിലയും 13.6 ശതമാനം പേർ മറ്റ് നിയമവിരുദ്ധമായ ഡ്രഗ്ഗുകളും ഉപയോഗിക്കുന്നവരാണ്.