അബുദബി: വിമാനത്തോളമോ, അതിലേറെയോ വേഗത്തിൽ ഭൂമിയിലൂടെ സഞ്ചരിക്കാനുള്ള ഹൈപ്പർലൂപ്പിനും, ഡ്രൈവറില്ലാ കാറുകൾക്കും പിന്നാലെ ഗതാഗതത്തിന് നൂതന മാർഗ്ഗങ്ങൾ തേടുകയാണ് യുഎഇ. കടലിനടിയിലൂടെയുള്ള റെയിൽ ശൃംഖലയാണ് പുതിയ പരീക്ഷണം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കാണ് കടലിന് അടിയിലൂടെയുള്ള റെയിൽപാത. ഫുജൈറയിൽ നിന്ന് മുംബൈയിലേക്കാണ് കടലിന് അടിയിലെ റെയിലിലൂടെ ട്രെയിൻ ഓടിക്കാൻ പോകുന്നത്.

അബുദബിയിൽ അടുത്തിടെ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിലാണ് യുഎഇ ദേശീയ ഉപദേശക സമിതി മേധാവി അബ്ദുല്ല അല് സിഹി യാണ് പദ്ധതിയുടെ കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങളുടെയും വാണിജ്യബന്ധത്തിൽ നാഴികകല്ലായിരിക്കും ഈ പദ്ധതി. യാത്രയ്ക്കും, ചരക്കുകടത്തിനും ഉപകരിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ നർമ്മദ നദിയിൽ നിന്നും യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും തിരിച്ച് ഫുജൈറ തുറമുഖത്ത് നിന്ന് മുംബൈയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനുമാണ് പരിപാടി.

ഇത്തരം നൂതനസംരംഭങ്ങൾക്ക് പേരുകേട്ടതാണ് യുഎഇയിലെ ദേശീയ ഉപദേശക സമിതി ലിമിറ്റഡ്. ഫുജൈറയെയും മുംബൈയെയും അൾട്രാ-സ്പീഡ് ഫ്‌ളോട്ടിങ് ട്രെയിനുകൾ വഴി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇപ്പോൾ പദ്ധതി പ്രാഥമികതലത്തിലാണെങ്കിലും ഭാവിയിൽ ഇരുരാജ്യങ്ങൾക്കും അഭിമാനിക്കാവുന്ന ഒന്നായി വളരുമെന്നാണ് പ്രതീക്ഷ. പദ്ധതി വിജയകരമാകുമോയെന്ന് അറിയാൻ സാധ്യതാപഠനം ഉടൻ നടത്തും.

ഈ അതിവേഗ റെയിൽ ശൃംഖല ആരംഭിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുകയും വ്യാപാര മേഖലക്ക് ഏറെ ഗുണകരമാവുകയും ചെയ്യും. 2000 കിമി നീളമാണ് ഈ പാതയ്ക്ക്. കടലിനടിയിലൂടെ ആസൂത്രണം ചെയ്യുന്ന മറ്റൊരു പദ്ധതി രാജ്യത്ത് ഇപ്പോൾ നിർമ്മാണം പൂർത്തിയായി വരികയാണ്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് റെയിൽ 2022 ൽ യാഥാർഥ്യമാകും. ചൈന ഇതേ രൂപത്തിൽ റഷ്യയിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കടലിലൂടെ റെയിൽ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പദ്ധതി പൂർത്തിയാകുന്നതോടെ മറ്റു ജിസിസി രാഷ്ട്രങ്ങളുടെ കയറ്റുമതി-ഇറക്കുമതിയിലും ഗണ്യമായ വർദ്ധനയുണ്ടാകും. യുഎഇയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ഐസ്ബർഗ് പദ്ധതിയുമായി തിരക്കിലാണ് അൽസിഹിയും കൂട്ടുകാരും ഇപ്പോൾ. അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ യുഎഇ തീരത്തെത്തിച്ച് ശുദ്ധജലം ഉണ്ടാക്കാനുള്ള പദ്ധതിയാണിത്.

മുംബൈ അഹമ്മദാബാദ് അതിവേഗ ട്രെയിൻ

508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴി നിലവിൽ വരുന്നത് മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ്. ഇത്രയും ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഓടിയെത്തുന്ന തരത്തിലാണ് ജപ്പാന്റെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുന്നത്. കടലിനടിയിലൂടെയുള്ള 21 കിലോമീറ്റർ തുരങ്കമാണ് ഈ അതിവേഗ റെയിൽപ്പാതയുടെ ഏറ്റവും വലിയ സവിശേഷത. ശേഷിച്ച പാതയിൽ ഏറെയും ഫ്ളൈഓവറുകളിലൂടെയാണ് കടന്നുപോകുന്നത്. താനെയ്ക്കും വിരാഡിനും ഇടയിലാണ് കടലിനടിയിലുള്ള തുരങ്കത്തിലൂടെ ട്രെയിൻ കുതിച്ചുപായുക. പരമാവധി വേഗം 350 മണിക്കൂറിൽ കിലോമീറ്ററാണ്.