ചെന്നൈ: മോഹൻലാൽ ഗ്രൂപ്പിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 500 കോടിയിലധികം അനധികൃത സ്വത്ത്. സ്വർണ മൊത്ത വ്യാപാര കേന്ദ്രമായ മോഹൻ ലാൽ ഗ്രൂപ്പിന്റെ 32 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വലിയ രീതിയിലെ സാമ്പത്തിക ക്രമക്കേടുകളാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ ചെന്നൈ, സേലം, കോയമ്പത്തൂർ, ട്രിച്ചി, മധുരൈ, തിരുനെൽവേലി എന്നിവടങ്ങളിലെ റെയ്ഡിന് പുറമേ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

പിടിച്ചെടുത്ത അനധികൃത സ്വത്തിന്റെ കണക്കുകൂട്ടൽ ഫോറൻസിക് വിദഗ്ദ്ധർ തുടരുകയാണെന്നാണ് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നത്. 814 കിലോ സ്വർണമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഈ സ്വർണം മോഹൻലാൽ ഗ്രൂപ്പ് ഒരു രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. 2018-19 വർഷത്തിൽ മാത്രം 102 കോടി രൂപയാണ് മോഹൻലാൽ ഗ്രൂപ്പ് കണക്കിൽപ്പെടുത്താതെ ശേഖരിച്ചിട്ടുള്ളത്. മോഹൻലാൽ ഗ്രൂപ്പിൽ തിരച്ചിൽ നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. 400 കോടി രൂപയുടെ മൂല്യമുള്ള 814 കിലോഗ്രാം അധിക സ്റ്റോക്ക് നികുതിയിൽ കൊണ്ടുവരുമെന്നും 1961 ലെ ടാക്സ് ആക്ട് പ്രകാരം ഇത് പിടിച്ചെടുത്തിട്ടില്ലെന്നും ഐടി വകുപ്പ് പറയുന്നു.

ഇവരുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 2019, 2020 വർഷത്തെ കണക്കുകൾ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ആദായ വകുപ്പ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രേഖകളില്ലാതെയായിരുന്നു ഇവിടെ നിന്നുള്ള സ്വർണ വിൽപനയുടെ ഏറിയ പങ്കുമെന്നാണ് ആദായ വകുപ്പ് വിശദമാക്കുന്നത്. ചെന്നൈ ഓഫീസിൽ മാത്രമായി കഴിഞ്ഞ വർഷം 102 കോടിയുടെ ഇടപാട് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. തങ്കക്കട്ടി വ്യാപാരത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖരാണ് മോഹൻലാൽ ജൂവലേഴ്സ്. ബിസിനസ് ഇടപാടുകൾ സ്വർണമായതിനാൽ കണക്കിൽപ്പെടാത്ത വരുമാനം ഇനിയു കൂടുമെന്നാണ് സൂചന.

ഇതുവരെ കണ്ടെത്തിയ 500 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനത്തിൽ, 150 കോടി രൂപ സ്വമേധയാ വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്, കൂടാതെ ഗ്രൂപ്പിന്റെ ബിസിനസ്സ് ഇതര നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.