മെൽബൺ: കഴിഞ്ഞ മാസം പുതുതായി 42,000 തൊഴിൽ അവസരങ്ങൾ കൂടി ചേർക്കപ്പെട്ടതോടെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനത്തിലേക്ക് കുറഞ്ഞതായി റിപ്പോർട്ട്. ഒരു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിപ്പോൾ രേഖപ്പെടുത്തുന്നത്. ഫുൾ ടൈം തൊഴിൽ 14,700 എണ്ണം വർധിക്കുകയും പാർട്ട് ടൈം തൊഴിലുകളുടെ എണ്ണം 27,300 വർധിച്ചാണ് തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനത്തിലെത്തിയത്.

തൊഴിലുകളുടെ എണ്ണം വർധിച്ചതോടെ ഏപ്രിലിൽ 6.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനത്തിലെത്തിക്കുകയായിരുന്നു. അതേസമയം 15,000 പുതിയ തൊഴിൽ  അവസരങ്ങൾ മാത്രമേ കഴിഞ്ഞ മാസം കൂട്ടിച്ചേർക്കപ്പെടുകയുള്ളൂവെന്നായിരുന്നു ബ്ലൂംബർഗ് പ്രവചിച്ചിരുന്നത്. ശരാശരി പ്രതിമാസ ജോലി സമയവും 0.1 ശതമാനം കഴിഞ്ഞ മാസം വർധിച്ചുവെന്ന് റിപ്പോർട്ടുണ്ട്.

എന്നാൽ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും ആശങ്കാ ജനകമായി തന്നെ നിലനിൽക്കുകയാണെന്നാണ് ലേബർ  എംപ്ലോയ്‌മെന്റ് വക്താവ് ബ്രെൻഡൻ ഒകോണർ വ്യക്തമാക്കുന്നത്. നിലവിൽ 750,000 ഓസ്‌ട്രേലിയക്കാർ തൊഴിലില്ലാതെ ഉണ്ടെന്നും അവർക്കും തൊഴിൽ കണ്ടെത്തുന്നതിനുള്ള സാഹചര്യം സർക്കാർ ഒരുക്കിക്കൊടുക്കണമെന്നും ബ്രെൻഡൻ ചൂണ്ടിക്കാട്ടി. യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മയ്ക്ക് കുറവൊന്നുമില്ലെന്നും ഇവർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 13.5 ശതമാനമായിത്തന്നെ നിലനിൽക്കുകയാണെന്നുമാണ് ബ്രെൻഡൻ വെളിപ്പെടുത്തുന്നത്.

പാർട്ട് ടൈം ജോലിയുടെ എണ്ണത്തിൽ ഏറെ വർധനയുണ്ടാകുന്നത് തൊഴിലില്ലായ്മ കുറഞ്ഞതിന്റെ ലക്ഷണമല്ലെന്നാണ് ഇവർ പറയുന്നത്. ഈ വർഷം ഓരോ മാസം ചെല്ലുന്തോറം തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടാകുമെന്നു തന്നെയാണ് ജെപി മോർഗന്റെ ചീഫ് ഇക്കണോമിസ്റ്റ് സ്റ്റീഫൻ വാൾട്ടേഴ്‌സ് വ്യക്തമാക്കുന്നു. നിലവിലുള്ള ട്രെൻഡ് ഈ വർഷം മുഴുവൻ നിലനിൽക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. പാർട്ട് ടൈം ജോലിയാണ് ഇപ്പോൾ കൂടുതലായും ഉള്ളതെങ്കിലും ഫുൾ ടൈം ജോലിയുടെ എണ്ണത്തിലും ഈ വർഷം വർധനയുണ്ടാകുമെന്നാണ് സ്റ്റീഫൻ വാൾട്ടേഴ്‌സ് പറയുന്നത്.