മെൽബൺ: പ്രതീക്ഷകൾക്ക് വിപരീതമായി തൊഴിലില്ലായ്മ നിരക്കിൽ വർധന. രാജ്യത്തെ തൊഴിലില്ലായ്മ ആറു ശതമാനമായി വർധിച്ചത് ഈ രംഗത്തെ വിദഗ്ധരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. ജനുവരിയിൽ തന്നെ 7,900 തൊഴിലുകളാണ് നഷ്ടമായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻ മാസങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ജനുവരിയിലും ഇതിൽ പുരോഗതി പ്രതീക്ഷിച്ചവർക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് വർധിച്ചത്. ഡിസംബർ മാസത്തിൽ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി കുറയുകയും 15,000- ഓളം തൊഴിലുകൾ കൂട്ടിച്ചേർക്കപ്പെടുകയുമായിരുന്നു. മുൻ വർഷം മൊത്തം മൂന്നു ലക്ഷത്തോളം തൊഴിലുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. അതിൽ ഭൂരിഭാഗവും ഫുൾ ടൈം തൊഴിലുകളുമായിരുന്നു.

മുമ്പ് തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനം ആയിരുന്നത് പിന്നീട് 5.8 ശതമാനത്തിലേക്ക് താഴുകയായിരുന്നു. അതേസമയം ജനസംഖ്യയിലുണ്ടായ വർധനയാണ് തൊഴിലില്ലായ്മ നിരക്കിൽ ഇത്ര വർധനയുണ്ടാകാൻ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ വർഷം ജനുവരിയിൽ 302,000-ത്തിലധികം ആൾക്കാർ ജോലി ലഭിച്ചുവെന്നും എന്നാൽ ജനസംഖ്യ അതിന് ആനുപാതികമായി വർധിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2015-ജനുവരിയിൽ തൊഴിൽ ലഭിച്ചവരേക്കാൾ കൂടുതലാണ് ഈ വർഷം ജനുവരിയിലേതെന്നും വിലയിരുത്തുന്നു.

അതേസമയം ഈസ്റ്റ് കോസ്റ്റ് നിർമ്മാണ മേഖലയിലുണ്ടായ തളർച്ച തൊഴിലില്ലായ്മ നിരക്ക് ഇനിയും വർധിക്കാൻ ഇടയാക്കിയേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴിലില്ലായ്മ നിരക്കിൽ വർധന നേരിട്ടത് പലിശ നിരക്കിൽ ഇനിയും വെട്ടിക്കുറയ്ക്കലിന് സാധ്യത വർധിപ്പിക്കുന്നു. അടുത്ത റിസർവ് ബാങ്ക് മണിട്ടറി യോഗത്തിൽ 50 പോയിന്റ് കുറവ് കാഷ് റേറ്റിൽ വരുത്തിയേക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.