മെൽബൺ: ജോബ് മാർക്കറ്റിൽ ചലനം ഉണ്ടായത് രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ കുറവ് വരുത്തിയതായി റിപ്പോർട്ട്. ജനുവരിയിൽ ആറു ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി മാസത്തിൽ 5.8 ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. തൊഴിൽ വിപണി പ്രതീക്ഷച്ചിലും മെച്ചപ്പെട്ടത് ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിലും പ്രകടമായി. ഡോളർ വില 0.5 ശതമാനം വർധിച്ച് 75.86 യുഎസ് സെന്റിലെത്തി. പിന്നീട് എട്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 76.19 യുഎസ് സെന്റിലെത്തി സ്റ്റെഡിയാകുകയും ചെയ്തു. 

ഫെബ്രുവരിയിൽ 300 തൊഴിൽ മാത്രമാണ് അധികമായി കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. 15,900 പേർക്ക് ഫുൾ ടൈം ജോലി ലഭിച്ചപ്പോൾ 15,600 പാർട്ട് ടൈം ജോലികൾ നഷ്ടമാകുകയും ചെയ്തു. ഫെബ്രുവരി മാസത്തിൽ 13,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനത്തിൽ തന്നെ നിലനിൽക്കുമെന്നുമാണ് ബ്ലൂംബർഗ് സർവേ പ്രവചിച്ചിരുന്നത്. എന്നാൽ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തിലെത്തിയത് ജോബ് മാർക്കറ്റിൽ ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് കോമൺവെൽത്ത് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് മൈക്കിൾ ബ്ലൈത്ത് പറയുന്നു.

എന്നാൽ തൊഴിൽ വിപണിയിലെ ഈ മുന്നേറ്റം ദീർഘകാലം നീണ്ടു നിൽക്കില്ല എന്നാണ് ജെപി മോർഗൻ പറയുന്നത്. 15നും 24നും മധ്യേ പ്രായമുള്ളവർക്കിടയിൽ ഇപ്പോഴും തൊഴിലില്ലായ്മ രൂക്ഷമായി നിലനിൽക്കുന്നുണ്ടെന്നും ലേബർ മാർക്കറ്റിലെ ഈ പ്രവണത മുന്നോട്ടുപോകുമോയെന്ന കാര്യത്തിൽ സംശയമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർട്ടിസിപ്പേഷൻ നിരക്ക് കുറഞ്ഞതാണ് തൊഴിലില്ലായ്മ നിരക്ക് പെട്ടെന്ന് കുറയാൻ കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാർട്ടിസിപ്പേഷൻ റേറ്റിൽ 2.1 ശതമാനം ഇടിവാണുണ്ടായത്.

തൊഴിലില്ലായ്മ നിരക്ക് ഇനിയും പെട്ടെന്നു കുറയാൻ സാധ്യതയില്ലെന്നു തന്നെയാണ് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ വക്താക്കളും പറയുന്നത്. ലേബർ മാർക്കറ്റിൽ മുന്നേറ്റം ഉണ്ടാകുമെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഒരു പരിധിയിൽ കുറയില്ലെന്നും റിപ്പോർട്ടുകളുണ്ട്.