മെൽബൺ: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. നവംബർ മാസത്തിൽ 43,000 പേർക്ക് ജോലി സാധ്യതകൾ നൽകിയെങ്കിലും തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ സാധിച്ചിട്ടില്ല. തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനത്തിൽ എത്തിയതായി ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കി.

കഴിഞ്ഞ മാസം 40,800 പേർക്ക് പാർട്ട് ടൈം ജോലിയും 1800 പേർക്ക് ഫുൾടൈം ജോലിയുമാണ് ലഭിച്ചത്. തൊഴിൽ അന്വേഷകരുടെ എണ്ണം 64.7 ശതമാനമായി വർധിച്ചതാണ് തൊഴിലില്ലായ്മ നിരക്കിൽ ഇത്രയേറെ വർധനയ്ക്കു കാരണമായിരിക്കുന്നത്. 2002 സെപ്റ്റംബറിനു ശേഷമുള്ള ഉയർന്ന നിരക്കാണ് തൊഴിലില്ലായ്മയിൽ ഇപ്പോൾ വന്നിട്ടുള്ളത്. ബ്ലൂംബർഗ് നടത്തിയ സർവേയിലും നേരത്തെ തന്നെ ഇക്കാര്യം വ്യക്തമായിരുന്നതാണ്. അവരും 6.3 ശതമാനം തൊഴിലില്ലായ്മ നിരക്കു തന്നെയാണ് പ്രതീക്ഷിച്ചിരുന്നതും.

തൊഴിലില്ലായ്മ നിരക്ക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന്റെ തൊട്ടുപിന്നാലെ ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് 83.5 യുഎസ് സെന്റിൽ നിന്ന് 83.5 യുഎസ് സെന്റായി വർധിച്ചുവെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ജോലി ലഭിച്ചവരുടെ എണ്ണം വർധിച്ചുവെങ്കിലും ഇതിൽ പാർട്ട് ടൈം ജോലി സാധ്യതകളാണ് ഉയർന്നു നിൽക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. മൊത്തം ജോലി ചെയ്യുന്ന മണിക്കൂറിൽ 0.3 ശതമാനം ഇടിവും സംഭവിച്ചു എന്നതും ഖേദകരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

തൊഴിലില്ലായ്മ നിരക്ക് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ അടുത്തവർഷവും റിസർവ് ബാങ്ക് പലിശ നിരക്കിൽ ഇളവു പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് കോമൺവെൽത്ത് ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് മൈക്കിൾ വർക്ക്മാൻ പ്രത്യാശപ്രകടിപ്പിച്ചു. താഴ്ന്നു നിൽക്കുന്ന ഡോളർ നിരക്കും ഇതിന് ഉപോത്ബലമാകുന്ന ഘടകമാണ്. തൊഴിൽ മേഖലയിൽ എല്ലായിടത്തും തൊഴിലാളികളെ ആവശ്യമില്ലെന്ന സ്ഥിതിയും വന്നതോടെ തൊഴിലില്ലായ്മ നിരക്കിൽ വർധന നേരിട്ടുകൊണ്ടിരിക്കുകയാണ്.