മെൽബൺ: പന്ത്രണ്ടു വർഷത്തിലെ ഏറ്റവും ഉയർന്ന തോതിൽ തൊഴിലില്ലായ്മ നിരക്ക് എത്തി. 2002 ഓഗസ്റ്റിനു ശേഷം ആദ്യമായി തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനം എന്ന തോതിലേക്ക് എത്തിയിരിക്കുകയാണ്. ജനുവരി മാസത്തിൽ തന്നെ 12,200 തൊഴിലുകൾ നഷ്ടമായതായാണ് കണക്ക്.

ഡിസംബറിൽ 6.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് ജനുവരിയിൽ 6.4 ശതമാനം എന്ന തോതിലേക്ക് എത്തി നിൽക്കുന്നത്. ഫുൾ ടൈം ജോലിയിൽ ഉണ്ടായിരിക്കുന്ന ഇടിവാണ് തൊഴിലില്ലായ്മ തോത് ഏറെ ഉയരാൻ കാരണമായിരിക്കുന്നത്. മുൻ മാസത്തേക്കാളും 15,900 ലേറെ പാർട്ട് ടൈം ജോലികളും നഷ്ടപ്പെട്ടതായി ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വെളിപ്പെടുത്തുന്നു.
അതേസമയം തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം. ജനസംഖ്യയ്ക്ക് ആനുപാതികമായി തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വർധന വരാത്തതാണ് ആശ്വാകരമായിട്ടള്ളത്. ഇത് മുൻ മാസത്തെ പോലെ തന്നെ 64.8 ശതമാനത്തിൽ നിലനിൽക്കുകയാണ്. ജനുവരിയിൽ ജോലി ചെയ്ത മണിക്കൂറിന്റെ കാര്യത്തിൽ 0.5 ശതമാനം വർധന ഉണ്ടായിട്ടുള്ളതും ആശ്വാസത്തിനു വക നൽകുന്നതാണ്.

തൊഴിലില്ലായ്മ നിരക്ക് 6.2  ശതമാനം എന്ന കൂടിയ തോതിലേക്ക് ഉയരുമെന്നാണ് കരുതിയിരുന്നെങ്കിലും 6.4 ശതമാനം ആയത് സാമ്പത്തിക വിദഗ്ധരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നത് ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയേയും പിടിച്ചു താഴ്‌ത്താൻ ഇടയാക്കിയിട്ടുണ്ട്.  77.36 യുഎസ് സെന്റായിരുന്ന ഓസ്‌ട്രേലിയൻ ഡോളറിന്റെ വില പുതിയ തൊഴിലില്ലായ്മ നിരക്കിന്റെ പ്രഖ്യാപനത്തെത്തുടർന്ന് 76.6 സെന്റായി താഴുകയായിരുന്നു.

ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിഞ്ഞതും തൊഴിലില്ലായ്മ നിരക്ക് വർധിച്ചതുമെല്ലാം പലിശ നിരക്കിനെ വീണ്ടും താഴേയ്ക്ക് കൊണ്ടുവരുമെന്ന് ആർബിസി കാപ്പിറ്റൽ മാർക്കറ്റ് സീനിയർ ഇക്കണോമിസ്റ്റ് സ്യൂ ലിൻ പറയുന്നു. അടുത്ത മേയിൽ പലിശ നിരക്കിൽ വീണ്ടും കുറവുണ്ടാകുമെന്ന് സ്യൂ ലിൻ പറയുമ്പോൾ അടുത്ത മാസം ചേരുന്ന ആർബിഎ മീറ്റിംഗിൽ തന്നെ പലിശ നിരക്ക് ഇനിയും വെട്ടിക്കുറയ്ക്കുമെന്ന് മറ്റ് ചില സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

സൗത്ത് ഓസ്‌ട്രേലിയയിലും ന്യൂ സൗത്ത് വേൽസിലും തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായാണ് രേഖപ്പെടുത്തുന്നത്. അഡ്‌ലൈഡിലെ കാർ നിർമ്മാണ ഫാക്ടറികളിൽ മാന്ദ്യം അനുഭവപ്പെട്ടതോടെ സൗത്ത് ഓസ്‌ട്രേലിയയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. ഇവിടെ ഡിസംബറിൽ 6.6 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജനുവരിയിൽ 7.3 ശതമാനമായി ഉയരുകയായിരുന്നു.