- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത ചായം പൂശി മുഖംമൂടിയിട്ട് അജ്ഞാത സംഘം; വീടിനു വെളിയിലിറങ്ങിയ യുവതിയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി; വയനാടൻ ഗ്രാമത്തിൽ അജ്ഞാത സംഘത്തിന്റെ വിളയാട്ടം; ദുരൂഹ സംഭവങ്ങൾ നെല്ലിയമ്പം ഇരട്ടക്കൊലപാതക ശേഷം
പനമരം: ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തി അജ്ഞാത സംഘത്തിന്റെ വിളയാട്ടം. വയനാട് പനമരത്താണ് കറുത്ത ചായം പൂശി മുഖംമൂടി ധരിച്ചെത്തുന്നവർ ഭീതി പരത്തുന്നത്. വീടുകളിൽ കയറിയും രാത്രി പുറത്തിറങ്ങുന്നവരെ ആക്രമിച്ചും നാടിനെ ഒന്നടങ്കം ആശങ്കയിലാക്കുകയാണ് സംഘം. നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തിന് പിന്നാലെയാണ് ഇത്തരം സംഘങ്ങൾ പനമരത്ത് വിളയാട്ടം തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞയാഴ്ച കായക്കുന്നിൽ പ്രധാന പാതയോരത്തെ 2 വീടുകളിൽ കയറി ഭീതി പരത്തിയതിനു പിന്നാലെ വെള്ളിയാഴ്ച നടവയൽ പുൽപള്ളി റോഡിൽ നെയ്ക്കുപ്പ പാലത്തിന് സമീപത്തെ കോളനിയിലും സംഘമെത്തി. വീടിനു പുറത്തെ ശുചിമുറിയിലേക്കു പോകാനിറങ്ങിയ പത്തൊൻപതുകാരിയെ മുഖം മൂടി ധരിച്ച ആൾ കടന്നുപിടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. പേടിച്ചരണ്ട ഇവർ വീട്ടിനുള്ളിലേക്കു കയറിയതിന് പിന്നാലെ മുഖംമൂടി ധാരി വീടിനുള്ളിലേക്കു കടക്കാൻ ശ്രമിച്ചു. ആ സമയത്ത് പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല.
ബഹളം കേട്ട് കോളനിവാസികൾ ഉണർന്നതോടെ പുറത്തു ചാടിയ മുഖംമൂടി ധാരി കൃഷിയിടത്തിലൂടെ ഓടി മറഞ്ഞു. സംഭവ സമയം കോളനിക്ക് മുൻപിൽ എത്തിയത് ഉയരം കൂടിയ ഒരാളാണെന്നും കറുത്ത പാന്റ്സും ഷർട്ടും ധരിച്ച ആളാണെന്നും തോളിൽ ഒരു ബാഗും പുറത്തു കാണാവുന്ന ശരീര ഭാഗങ്ങളിൽ കറുത്ത എന്തോ തേച്ച് പിടിച്ചതായും പെൺകുട്ടി പറയുന്നു. എന്നാൽ കൃഷിയിടത്തിലൂടെ ഓടിയത് 3 ആളുകളാണെന്നു കോളനിക്കാർ പറയുന്നു.
കഴിഞ്ഞ ജൂൺ 10ന് നടന്ന താഴെ നെല്ലിയമ്പം ഇരട്ടക്കൊലപാതക ശേഷം പനമരം പൊലീസ് സ്റ്റേഷനു കീഴിൽ അജ്ഞാത സംഘത്തിന്റെ വിളയാട്ടം ഏറുന്നതും പ്രതികളെ പിടികൂടാൻ കഴിയാത്തതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കൊല നടന്ന പ്രദേശത്തെ 4 കിലോമീറ്ററിനുള്ളിലെ വീടുകളിലാണ് സംഘമെത്തുന്നത്. പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ടെങ്കിലും അജ്ഞാത സംഘത്തെ കണ്ടെത്താനായിട്ടില്ല.