കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് ശാസ്താവ് എതിരാണോ? ഈ ചർച്ചകൾ ഹൈന്ദവ സമൂഹത്തിന് തന്നെ അപമാനകരമാണെന്ന വാദമാണ് തുടക്കം മുതൽ ആർഎസ്എസ് സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ ഹൈന്ദവ മുഖമായ കുമ്മനം രാജശേഖരൻ മറുവശത്തും. ബിജെപി അധ്യക്ഷനായപ്പോഴടക്കം കുമ്മനം സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാടാണ് എടുത്തത്. ഇത് ഏറെ ചർച്ചയായപ്പോൾ തന്നെ പരിവാർ നിലപാട് ആർഎസ്എസ് ദേശിയ നേതൃത്വം വിശദീകരിച്ചു. രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കിൽ ശബരിമലയുടെ കാര്യത്തിൽ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്ന് ആർഎസ്എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സർകാര്യവാഹുമായ ഭയ്യാജി ജോഷി തന്നെ വിശദീകരിച്ചു. അതുകൊണ്ട് തന്നെ സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് നടപ്പാക്കിയാലും കേരളത്തിലെ പരിവാറുകാർ ആരും പരസ്യമായ പ്രതിഷേധത്തിന് എത്തില്ല.

രാജ്യത്ത് ഏകീകൃത സിവിൽനിയമം നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ സജീവ ഇടപെടൽ നടത്തിയിരുന്നു. ആർഎസ്എസ് സമ്മർദ്ദമാണ് ഇതിന് കാരണം. രാജ്യമൊട്ടാകെ ഒരു സിവിൽ നിയമം നടപ്പാക്കണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. ഏകീകൃത സിവിൽ നിയമം നടപ്പാക്കിക്കൂടേയെന്ന് സുപ്രീം കോടതിയും പലവട്ടം കേന്ദ്രത്തോട് ആരാഞ്ഞിരുന്നു. ഏകീകൃത സിവിൽ നിയമം വരുന്നതോടെ മതമേതായാലും ഒരൊറ്റ നിയമം എന്നാകും. ഇപ്പോൾ രാജ്യത്തെ മുസ്ലിം സമുദായം മുസ്ലിംം വ്യക്തിനിയമം അഥവാ ശരിയത്ത് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവാഹം, വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളിൽ മതനേതാക്കളാണ് തീരുമാനമെടുക്കുന്നത്. പല മതങ്ങളുടെ കാര്യത്തിലും ഈ അവസ്ഥയുണ്ട്. ഏക സിവിൽ നിയമം വരുന്നതോടെ ശരീയത്ത് അടക്കമുള്ള വ്യക്തിനിയമങ്ങൾ ബാധകമല്ലാതാകും. ഇതെല്ലാം ആർഎസ്എസ് ആഗ്രഹപ്രകാരമാണെന്ന വാദം സജീവമാണ്. ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശനം ചർച്ചയായത്. ഇതിനെ ഉയർത്തി ഏകീകൃത സിവിൽ കോഡിനെ തടസപ്പെടുത്താൻ ഒരു കൂട്ടർ എത്തി. ഇതോടെ ശബരിമലിയെ സ്ത്രീ പ്രവേശനത്തിൽ കേന്ദ്ര ആർഎസ്എസ് അനുകൂല നിലപാട് എടുക്കുകയായിരുന്നു.

മുസ്ലിം സമുദായത്തിലെ പുരോഗമനവാദികളും സ്ത്രീകളും ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമ്പോൾ ഒരു വിഭാഗം മതനേതാക്കളും മത സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇതിനെ എതിർക്കുകയാണ്. ഒരു മതത്തിലെ പ്രബലവിഭാഗം തങ്ങൾക്ക് എതിരാകുമെന്ന് ഭയന്ന് കോൺഗ്രസും ഏകീകൃത സിവിൽകോഡിന് എതിരാണ്. 1985ലെ ഷബാനോ കേസുമായി ബന്ധപ്പെട്ടാണ് ഏകീകൃത സിവിൽ കോഡ് രാജ്യമൊട്ടാകെ വലിയ ചർച്ചയാകുന്നതെന്നാണ് ആർഎസ്എസ് പക്ഷം. വിവാഹമോചനം നേടിയ ഷബാനോവിന് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ അന്നത്തെ രാജീവ് ഗാന്ധി സർക്കാർ പുതിയ നിയമം കൊണ്ടുവന്ന് കോടതി വിധിയെ മറികടക്കുകയായിരുന്നു. അതോടെ മുസ്ലിം സമൂഹത്തിൽ ശരീയത്ത് നിയമം കൂടുതൽ ശക്തമായി. രാജ്യത്ത് സമഭാവന വളരാനും ദേശീയോദ്‌ഗ്രഥനത്തിനും ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണെന്നാണ് ബിജെപിയുടേയും ആർഎസ്എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളുടേയും നിലപാട്. ഈ സാഹചര്യത്തിൽ ശബരിമലയിലെ സ്ത്രീ ചർച്ചയും ഏകീകൃത സിവിൽ കോഡെന്ന ആവശ്യത്തിന് അനുകൂലമാകുമെന്നാണ് സംഘപരിവാർ സംഘടനകളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പ്രതീക്ഷയോടെയാണ് പരിവാറുകാരും കാണുന്നത്.

പുരുഷന് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീക്കും പ്രവേശനം അനുവദിക്കണം. ഒരു ആചാരം തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. രാജ്യത്ത് ചില ക്ഷേത്രങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇത് ശരിയല്ലെന്നാണ് ആർഎസ്എസ് നിലപാട് എന്ന് ഭയ്യാജി ജോഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് തന്നെയാണ് സുപ്രീംകോടതി വിധിയുടേയും അന്തസത്ത. കേരളത്തിൽ ഹിന്ദു ഐക്യവേദിയാണ് വിശ്വാസ പ്രശ്‌നങ്ങളിൽ പരിവാർ ഭാഗത്തു നിന്ന് എത്താറുള്ളത്. വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ഇതെങ്കിലും നേതൃത്വം പരിവാറുകാർക്കാണ്. ശശികല അടക്കമുള്ള പരിവാർ നേതാക്കൾ ആർ എസ് എസിന്റെ പ്രഖ്യാപിത നിലപാടിനെ തള്ളിപ്പറയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിശ്വാസത്തിന് അപ്പുറം സ്ത്രീ പ്രവേശനത്തിൽ ചിന്തിക്കണമെന്ന ആർഎസ്എസ് നിലപാടാണ് ഇതിന് കാരണം.

പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചതിന്റെ കാരണം പരിശോധിക്കണമെന്നും ആവശ്യമെങ്കിൽ മാത്രം ഇത് ചർച്ച ചെയ്താൽ മതിയെന്നും ഭയ്യാജി ജോഷി പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ കാരണം ആർഎസ്എസിനുമുന്നിലുണ്ട്. നരേന്ദ്ര മോദി സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം. അതിന് ശബരിമലയിലെ സ്ത്രീ പ്രവേശനം തടസ്സമാകുമെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം വിലയിരുന്നു. ആചാര്യന്മാരും തന്ത്രമാരുമൊക്കെയായി ചർച്ച ചെയ്ത് ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം കൊണ്ടു വരണം. ആർത്തവ കാലത്തെ ക്ഷേത്ര ദർശന വിലക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് അപ്പുറമുള്ള സ്ത്രീകളെ മാറ്റി നിർത്തൽ അംഗീകരകികാനാവില്ല. കാനനക്ഷേത്രമായതുകൊണ്ട് പണ്ടുകാലത്ത് സ്ത്രീകൾക്ക് അവിടെയെത്തുക ബുദ്ധിമുട്ടായിരുന്നിരിക്കും. അതിന്റെ ഫലമായി വായ്മൊഴിയായ പ്രചരിച്ച വിശ്വാസമാത്രമായിരിക്കും ശബരിമലയിലെ സ്ത്രീ പ്രവേശന വിലക്ക്. അല്ലാതെ ദൈവങ്ങൾ സ്ത്രീകൾക്ക് എതിരല്ലെന്നാണ് ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തണമെങ്കിൽ ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി മാറണമെന്ന് തന്നെയാണ് അവരുടെ പക്ഷം.

ആർത്തവം ഒരു പ്രകൃതി നിയമമാണ്. പ്രകൃതിയിൽ മാനവജാതി നിലനിർത്തുന്ന ആർത്തവമെന്ന പ്രക്രിയയെ വിശുദ്ധമായി കാണണമെന്നും നേരത്തെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതും ആർഎസ്എസിന്റെ മനസ്സറിഞ്ഞാണ്. യുക്തിസഹമായ എന്തിനേയും അംഗീകരിച്ചിട്ടുള്ള ഹിന്ദു സമൂഹം ഇത് അംഗീകരിക്കണമെന്നും മാറ്റങ്ങളെ സ്വാഗതം ചെയ്യണമെന്നും കേരളത്തിലെ ബിജെപി നേതാക്കളിൽ പ്രധാനിയായ കെ സുരേന്ദ്രൻ വളരെ നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശംപ്രായത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രിക്കേണ്ടതില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറയുന്നു. ആർത്തവത്തിന്റെ പേരിലാണ് സ്ത്രീകളെ ശബലിമല പ്രവേശത്തിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്. ദർശനത്തിന് നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതമാവശ്യമുണ്ടെന്നും അതിനിടയിൽ സ്ത്രീകൾക്ക് ആർത്തവം വരുന്നതിനാൽ അത് പൂർത്തിയാക്കാവില്ലെന്നുമാണ് പറയുന്നത്. എന്നാൽ ഭൂരിപക്ഷം പുരുഷഭക്തന്മാരും വ്രതം അനുഷ്ഠിക്കുന്നില്ലെന്നും അതിന്റെ പേരിൽ സ്ത്രീകളെ മാറ്റി നിർത്തേണ്ടതിലെന്നുമുള്ള നിലപാടാണ് സുരേന്ദ്രൻ വ്യക്തമാക്കിയത്.

മുൻ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ അടുത്ത അനുയായിയാണ് സുരേന്ദ്രൻ. ആർഎസ്എസ് ദേശീയ നേതൃത്വത്തിലെ പ്രധാനികളുമായും മുരളീധരൻ അടുപ്പമുണ്ട്. ഈ സാഹചര്യത്തിൽ ശബരിമല വിഷയത്തിൽ ബിജെപി ചർച്ചകളെ ആർഎസ്എസ് ദേശീയ നേതൃത്വം മുരളീധര പക്ഷത്തിന്റെ സഹായത്തോടെ അനുകൂലമാക്കും. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആർ.എസ്.എസിന്റെ പൊതുവായ നിലപാടെന്നാണ് ശബരിമല വിഷയത്തിൽ പരിവാർ നേതാക്കൾ ഇപ്പോഴും പറയുന്നത്.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി തീവ്ര ഹിന്ദുത്വം ചർച്ചയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി നേരിട്ടിരുന്നു. വിഷയത്തിൽ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ ആശങ്കയിൽ വകയുണ്ടെന്നാണ് കേന്ദ്ര നിയമ കമ്മീഷന്റെ നിലപാട്. ഇതോടെ ഏകീകൃത സിവിൽ കോഡ് എന്ന മോദി സർക്കാരിന്റെ ആഗ്രഹത്തിനും തിരിച്ചടിയായി. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് കമ്മിഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കിയികുന്നു. ശബരിമല വിധിയുടെ സാഹചര്യത്തിൽ വിശ്വാസത്തിന് അപ്പുറമുള്ള ഭരണഘടനാ ബാധ്യതകൾ ചർച്ചയാക്കാൻ ആർഎസ്എസ് ശ്രമിക്കും. ഭാവിയിൽ ഏകീകൃത സിവിൽ കോഡിലേക്ക് കാര്യങ്ങളെത്തിക്കാൻ പോന്ന ഇരുതലമൂർച്ചയുള്ള വാളാണ് ശബരിമലയിലെ സുപ്രീംകോടതി വിധിയെന്നാണ് പരിവാറും വിലയിരുത്തുന്നത്.

കാലാവധി കഴിയുന്നതിന് മണിക്കൂറുകൾ മുൻപാണ് ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2016 ലാണ് കുടുംബ നിയമങ്ങളിലെ പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ടത്. ഏകീകൃത സിവിൽ കോഡ് എന്നത് സംഘപരിവാർ ആശയങ്ങളുടെ തുടർച്ചയായിരുന്നു. ഇത് നടപ്പാക്കണമെന്ന് ആർഎസ്എസ് മോദി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിനൊപ്പം തീവ്ര നിലപാടുകാർ ഏറെ പ്രാധാന്യത്തോടെ കാണുന്നതാണ് ഏകീകൃത സിവിൽ കോഡും. ഇത് വീണ്ടും ചർച്ചയാക്കാനുള്ള സുവർണ്ണാവസരമാണ് സുപ്രീംകോടതി വിധിയോടെ സൃഷ്ടിക്കപ്പെടുന്നത്.