കോഴിക്കോട്: ഏക സിവിൽകോഡിനെ ചൊല്ലി മുസ്ലീ സമുദായത്തിൽ സമ്പുർണ ഐക്യത്തിന് ഇറങ്ങിത്തിരിച്ച മുസ്ലീലീഗിന്റെ നീക്കത്തിന് തുടക്കത്തിലേ തിരിച്ചടി. കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം സുന്നി കാന്തപുരം വിഭാഗം ബഹിഷ്‌ക്കരിച്ചു.

കാന്തപുരം വിദേശത്താണെങ്കിലും സംഘടനയുടെ മറ്റ് പ്രതിനിധികളാരും യോഗത്തിന് എത്തിയില്ല. അതേമസയം ലീഗുമായുള്ള ഭിന്നതയല്ല മറിച്ച് സംഘാടനത്തിലെ ചില പ്രശ്‌നങ്ങളാണ് കാന്തപുരത്തെ പ്രകോപിച്ചിച്ചതെന്നും പറയുന്നുണ്ട്. നേരത്തെ ഈ യോഗത്തിലേക്ക് വരണമെങ്കിൽ മുസ്ലിംലീഗ് തങ്ങളെ രേഖാമൂലം ക്ഷണിക്കണമെന്ന ആവശ്യം കാന്തപുരം മുന്നോട്ടുവച്ചിരുന്നു. എന്നാൽ വാക്കാൽ ക്ഷണിക്കുകമാത്രമാണ് ലീഗ് നേതാക്കൾ ചെയ്തതെന്നും അതിനാലാണ് ഇവർ യോഗം ബഹിഷ്‌ക്കരിച്ചതെന്നുമാണ് പറയുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുന്നി കാന്തപുരം വിഭാഗമൊഴിച്ചുള്ള മറ്റ് എല്ലാ സംഘടനകളും സംബന്ധിച്ചു.

മതേതര പ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഏക സിവിൽകോഡിനെതിരെ രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. ഏക സിവിൽ കോഡ് എന്ന ആശയം രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, മതനിരപേക്ഷതക്കും രാഷ്ട്രത്തിന്റെ അഖണ്ഡതക്കും എതിരാണെന്നും യോഗം വിലയിരുത്തി. വ്യത്യസ്ത ജാതി മതവിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയിൽ ഏക സിവിൽകോഡ് പ്രായോഗികമല്‌ളെന്നും യോഗം വ്യക്തമാക്കി. ഇസ്ലാമിക ശരീഅത്ത് സമ്പൂർണവും കാലികവുമാണെന്നിരിക്കെ ഒരു ഭേദഗതിയും ഇതിന് ആവശ്യമില്ല. ഇതുസംബന്ധിച്ച് മുസ്ലിം പേഴ്‌സനൽ ലോ ബോർഡ് സ്വീകരിച്ച എല്ലാ നടപടികൾക്കും യോഗം പിന്തുണ നൽകി.

ഏക സിവിൽ കോഡ് സംബന്ധിച്ച് മതേതര സ്വഭാവമുള്ള സംഘടനകളുമായും മതനിരപേക്ഷ പ്രസ്ഥാനങ്ങളുമായും ചർച്ച നടത്താൻ യോഗം തീരുമാനിച്ചു. സിപിഐ(എം) ഉൾപ്പെടെ രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളുമായി ഈ വിഷയം ചർച്ചചെയ്യുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളിലെ മതേതര സംഘടനകളായ ജനതാദൾയു, രാഷ്ട്രീയ ജനതാദൾ, സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി തുടങ്ങിയവയുമായി യോജിച്ചുനിന്ന് മുസ്ലിം പേഴ്‌സനൽ ലോ ബോർഡിന്റെ നേതൃത്വത്തിൽ വിശാല പ്‌ളാറ്റ്‌ഫോറം രൂപം നൽകും. ഇതിന് മുന്നിട്ടിറങ്ങാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപിയെ യോഗം ചുമതലപ്പെടുത്തി.

ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന മുഴുവൻ പേരിൽനിന്നും ഒപ്പുശേഖരിച്ചുള്ള ഭീമഹരജി രാഷ്ട്രപതി, ലോ കമീഷൻ എന്നിവർക്ക് സമർപ്പിക്കും. വനിതകൾ മാത്രം ഒപ്പിടുന്ന മറ്റൊരു ഹരജി രാഷ്ട്രപതിക്കും ലോ കമീഷനും പുറമെ ദേശീയ വനിത കമീഷനും സമർപ്പിക്കും. ഇതിന്റെ കോപ്പി മുസ്ലിം പേഴ്‌സനൽ ലോ ബോർഡിന് അയച്ചുകൊടുക്കുകയും ചെയ്യും.

യോഗത്തിൽ ലീഗ് നേതാക്കളായ ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പിവി. അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, അബദുസ്സമദ് സമദാനി, എം.സി. മായിൻ ഹാജി, മുസ്ലിം പേഴ്‌സനൽ ലോ ബോർഡ് കേരള പ്രതിനിധി അബ്ദുൽ ഷുക്കൂർ ഖാസിമി, സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, ജോയന്റ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജനറൽ സെക്രട്ടറി ഉണ്ണീൻകുട്ടി മൗലവി, കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, ഓൾ ഇന്ത്യൻ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, മുജാഹിദ് ദഅവ വിങ് കൺവീനർ സി.പി. സലീം, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ മമ്മദ്‌കോയ, സംസ്ഥാന ജംഇയ്യതുൽ ഉലമ പ്രസിഡന്റ് നജീബ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

അതിനിടെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളന പ്രചാരണ ബോർഡുകളിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് അമിതപ്രാധാന്യം നൽകിയെന്ന് പറഞ്ഞ് യൂത്ത്‌ലീഗും വിവാദത്തിൽപെട്ടു. ലീഗിന്റെ സ്ഥാപക നേതാക്കളിൽ മിക്കവരും പ്രചാരണ ബോർഡുകളിൽനിന്ന് പുറത്താണെന്നും ചിലർ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നെഹ്‌റു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾക്ക് പ്രചാരണ ബോർഡുകളിൽ ഇടം നൽകിയതിനെതിരെ സംഘടനയിലെ പല നേതാക്കളും രംഗത്തത്തെിയിട്ടുണ്ട്. മുസ്ലിംലീഗിനെ ചത്ത കുതിരയോട് ഉപമിച്ച നേതാവാണ് നെഹ്‌റു. മുസ്ലിംലീഗിന്റെ അസ്ഥിത്വം മനസ്സ് തുറന്ന് അംഗീകരിക്കാൻ ഒരുകാലത്തും കോൺഗ്രസ് സന്നദ്ധമായിട്ടില്‌ളെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം വളർത്തുക എന്ന പ്രമേയവുമായി നവംബർ 10, 11, 12 തീയതികളിൽ കോഴിക്കോട്ടാണ് യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം നടക്കുന്നത്. പലതവണ മാറ്റിവച്ച സമ്മേളനം നവംബറിൽ കൊട്ടിഘോഷിച്ച് നടക്കുമ്പോൾ പ്രചാരണ ബോർഡുകളിൽ ലീഗിന് പുറത്തുള്ളവർ ഇടംനേടിയതിൽ സംഘടനയിൽ ഭിന്നസ്വരം ഉയർത്തിയിട്ടുണ്ട്.