ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്‌ഫോണുകൾക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.

ബജറ്റ് വെബ്‌സൈറ്റ് നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. മുൻ വർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ആപ്പിൽ ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് പൂർണമായും കടലാസ് രഹിത ബജറ്റ് തയാറാക്കുന്നത്. നികുതി വിവരങ്ങൾ, ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ബജറ്റ് പൂർണമായും കടലാസ് രഹിതമായി പുറത്തിറക്കുന്നത്.

റിസർവ് ബാങ്ക് നേരിട്ട് നൽകുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച് ബജറ്റ് സെഷനിൽ സർക്കാർ ബിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര ബജറ്റിൽ സർക്കാർ ഹാജരാക്കാൻ ആഗ്രഹിക്കുന്ന 20 ബില്ലുകളിൽ ക്രിപ്‌റ്റോകറൻസികൾ നിരോധിക്കാനുള്ള ബില്ലും ഉൾപ്പെടുന്നു.



'ദി ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021' എന്നാണ് ബില്ലിന്റെ പേര്. റിസർവ് ബാങ്ക് ഇഷ്യു ചെയ്യേണ്ട ഔദ്യോഗിക ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുക. ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളെയും നിരോധിക്കാനുമാണ് ബില്ലിലെ നിർദ്ദേശം.

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ ആയിരിക്കും ഔദ്യോഗിക ക്രിപ്റ്റോകറൻസി എന്നാണ് പറയുന്നത്. ഇക്കാര്യം ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്തേക്കും. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളുടെയും വ്യാപാരം ഇന്ത്യയിൽ പരിപൂർണമായി നിരോധിച്ചേക്കും. എന്നാൽ അവയിൽ ഉപയോഗിച്ചിരക്കുന്ന സാങ്കേതികവിദ്യ സ്വന്തമായി ഉപയോഗിക്കാനുമായിരിക്കും രാജ്യം ശ്രമിക്കുക. പുറത്തുനിന്നുള്ള ക്രിപ്റ്റോകറൻസികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് 10 വർഷം വരെ തടവും കടുത്ത പിഴയും അടക്കമുള്ള ശിക്ഷ നടപ്പിലാക്കാനുള്ള നിർദ്ദേശം 2019ൽ സർക്കാർ പാനൽ മുന്നോട്ട്വച്ചിരുന്നു.

അതേസമയം, ഇന്ത്യ സ്വന്തമായി ഒരു ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്ന കാര്യവും പാനൽ പറഞ്ഞിരുന്നു. ഇത് റിസർവ് ബാങ്ക് ഇറക്കുന്ന ബാങ്ക് നോട്ടുകൾ പോലെയായിരിക്കും പ്രവർത്തിക്കുക. അതുപോലെ 2018 ഏപ്രിലിൽ തന്നെ എല്ലാ സാമ്പത്തിക സ്ഥാപനങ്ങളോടും ബിറ്റ്കോയിൻ അടക്കമുള്ള എല്ലാ വെർച്വൽ കറൻസി ഇടപാടുകളിൽനിന്നും മൂന്നു മാസത്തിനുള്ളിൽ വിട്ടുനിൽക്കാൻ ആർബിഐ ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, 2020 മാർച്ചിൽ സുപ്രീം കോടതി ബാങ്കുകൾക്ക് ക്രിപ്റ്റോകറൻസി കൈകാര്യം ചെയ്യാനുള്ള അനുമതി നൽകി ആർബിഐയുടെ നിർദ്ദേശത്തിന് കനത്ത പ്രഹരമേൽപ്പിക്കുകയുമുണ്ടായി. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ആരായുകയാണ്. എന്നാൽ, ഒരു രാജ്യം പോലും പരിപൂർണമായി ഇവ നിരോധിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.