ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യം നിലനിൽക്കെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളെയും ജനുവരി 29 ന് അഭിസംബോധന ചെയ്യും.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായാകും നടത്തുക. ആദ്യഘട്ടം ജനുവരി 29 മുതൽ ഫെബ്രുവരി 15വരെ നടത്തും. മാർച്ച് എട്ടിനാണ് രണ്ടാമത്തെ സെക്ഷൻ ആരംഭിക്കുന്നത്. ഓരോ ദിവസവും പാർലമെന്റിന്റ് ഇരുസഭകളും നാല് മണിക്കൂർ വീതം ചേരും. പാർലമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.  

കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള വിഷയങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് ബജറ്റ് സമ്മേളനത്തിനായി പാർലമെന്റ് ചേരാൻ പോകുന്നത്. ആരോഗ്യം, സാമ്പത്തികം, വ്യവസായം, തൊഴിൽ അടക്കം എല്ലാ മേഖലയിലും സാഹചര്യങ്ങൾ പ്രതികൂലമാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തിൽ റെക്കോർഡ് നേട്ടം പ്രതീക്ഷിച്ച വർഷത്തിൽ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. ബഡ്ജറ്റ് അവതരണം എറ്റവും വെല്ലുവിളിയാകുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ നേരിടുന്നത്.

ബജറ്റ് അവതരണം അടക്കം എല്ലാം മുൻ വർഷങ്ങളിലെ പോലെ തന്നെ നടക്കണം എന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച തന്നെ ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ചർച്ചകൾ വെർച്വലായി നടന്നിരുന്നു. സാധ്യമായ പരമാവധി സംഘടനകളും വിദഗ്ധരും വിഭാഗങ്ങളും ആയി ചർച്ച നടത്തണം എന്നായിരുന്നു പ്രധാനമന്ത്രി ധനമന്ത്രിക്ക് നൽകിയിരുന്ന നിർദ്ദേശം.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയ്ക്ക് വിപുലമായ പദ്ധതികൾ ഇക്കുറി ബജറ്റിൽ ഇടം പിടിക്കും. ചില പുതിയ സമൂഹ്യക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടും എന്നാണ് വിവരം.

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാവാനാണ് സാധ്യത. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ശൈത്യകാല സമ്മേളനം റദ്ദാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചുവെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവകാശപ്പെട്ടിരുന്നു. എന്നാൽ തങ്ങളുമായി കൂടിയാലോചന നടത്തിയല്ല സമ്മേളനം റദ്ദാക്കിയതെന്ന് കോൺഗ്രസ് പിന്നീട് ആരോപിച്ചിരുന്നു

17 ലോക്സഭാംഗങ്ങൾക്കും എട്ട് രാജ്യസഭാംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നിരുന്നു.