ന്യൂഡൽഹി: റെയിൽവേ വികസനത്തിനായി 1,10,055 കോടി രൂപ വകയിരുത്തുന്നതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിൽ 1,07,100 കോടി രൂപ മൂലധനത്തിലേക്ക് ചെലവഴിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

റെയിൽവേയുടെ സമഗ്ര വികസനത്തിനായി നാഷനൽ റെയിൽ പ്ലാൻ2030 നടപ്പിലാക്കും. ജൂൺ 2022 ഓടെ വെസ്റ്റേൺ ഈസ്റ്റേൺ കോറിഡോർ ഉദ്ഘാടനം ചെയ്യാനാകും.

ട്രെയിൻ യാത്ര സുരക്ഷിതത്വം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂട്ടിയിടികൾ ഒഴിവാക്കാൻ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പിപിപി മാതൃകയിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഡിസംബർ 2023 ഓടെ ബ്രോഡ്‌ഗേജ് പാതകൾ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോയ്‌ക്കൊപ്പം രാജ്യത്തെ മറ്റുചില മെട്രോ സർവീസുകൾക്കും ബഡ്ജറ്റിൽ കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് ബഡ്ജറ്റിൽ ധനമന്ത്രി അനുവദിച്ചത്.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് (180 കിലോമീറ്റർ ദൂരം) 63246 കോടിയും ബംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടിരൂപയും നാഗ്പൂർ മെട്രോയ്ക്ക് 5900 കോടിയുമാണ് അനുവദിച്ചിക്കുന്നത്.