- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദീർഘദൃഷ്ടിയോടെയുള്ള ബജറ്റ്'; പുതിയ ഇന്ത്യക്ക് ഊർജം പകരുന്നതെന്ന് ഭരണപക്ഷം; 'കർഷകർക്കും പാവപ്പെട്ടവർക്കും ഒന്നുമില്ല'; ആർക്ക് വേണ്ടിയുള്ള ബജറ്റെന്ന് പ്രതിപക്ഷം; നിരാശാജനകമെന്ന് വിമർശനം
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ അവതരിപ്പിച്ച ബജറ്റിനെ സ്വാഗതം ചെയ്തും വിമർശിച്ചും ഭരണ പ്രതിപക്ഷ പാർട്ടികൾ. ദീർഘദൃഷ്ടിയോടെയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചെന്ന് കന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വരുന്നതാണ് ഈ ബജറ്റ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനും പുതിയ ഇന്ത്യക്ക് അടിത്തറ ആകാനും കഴിയുന്നതാണ് ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിലെ എ.എം ടി നിരക്ക് കുറച്ചത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബജറ്റിനെ അഭിനന്ദിച്ചത്. പതിറ്റാണ്ടുകളായി സഹകരണ മേഖലയോട് കാണിക്കുന്ന അനീതി ഇതിലൂടെ അവസാനിപ്പിക്കാനായെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
മെയ്ക്ക് ഇന്ത്യ പദ്ധതിക്ക് ഊർജം പകരുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ശക്തവും സമൃദ്ധവും ആത്മവിശ്വാസവുമുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ധനമന്ത്രിയും പ്രധാനമന്ത്രിയും മധ്യവർഗത്തിന്റെ ദുരിതത്തിന് ഒരു ആശ്വാസവും നൽകിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. M0di G0vernment's Zer0 Sum Budget എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബജറ്റിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സാധാരണ ശമ്പളക്കാർക്കും മധ്യവർഗത്തിനും പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കുമൊന്നും ബജറ്റിൽ ഒന്നുമില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബജറ്റിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആർക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'രാജ്യത്തിന്റെ 75 ശതമാനം വരുന്ന സമ്പത്ത് കൈകാര്യം ചെയ്യുന്നത് 10 ശതമാനം വരുന്ന ധനികരാണ്. 60 ശതമാനം വരുന്ന ഇന്ത്യൻ ജനതയുടെ കയ്യിലുള്ളത് 5 ശതമാനത്തിൽ താഴെ സ്വത്താണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും വർധിച്ചിരിക്കെ, മഹാമാരിയുടെ കാലത്തും വൻ ലാഭം കൊയ്തവർക്ക് എന്തുകൊണ്ട് കൂടുതൽ നികുതി ചുമത്തുന്നില്ല' - യെച്ചൂരി ചോദിച്ചു.
കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഇപ്പോഴുള്ള പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പ് കേന്ദ്ര ബജറ്റിലില്ലെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ ബജറ്റിലെ വിഹിതം തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. വളരെ കുറച്ച് തുക മാത്രമാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്. ബജറ്റിൽ കർഷകരെ സഹായിക്കാൻ സാധിക്കുന്ന പദ്ധതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ പ്രതീക്ഷകളോടെയാണ് കേരളം കേന്ദ്ര ബജറ്റിനെ കണ്ടത്. എന്നാൽ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളത്തിന് എയിംസ് എന്ന ദീർഘകാലമായുള്ള ആവശ്യവും നടപ്പിലായില്ല. ഇത് തികച്ചും നിരാശാജനകമാണ്.
പ്രതീക്ഷിച്ച തൊഴിലവസരങ്ങളൊന്നും ഉണ്ടായില്ല. താങ്ങുവിലയും പ്രതീക്ഷിച്ചപോലെ വർധിപ്പിച്ചില്ല. വാക്സിന് വേണ്ടി നീക്കിവെച്ചതും വളരെ കുറച്ച് തുക മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.




