ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുൺ ജയിറ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടു ഘടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് അഞ്ചിന് ആരംഭിച്ച് ഏപ്രിൽ ആറിന് അവസാനിക്കും.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.സാമ്പത്തിക സർവേയും അന്നു തന്നെ പാർലമെന്റിൽ വെക്കും.

സാമ്പത്തിക വളർച്ചയും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതാകും ജയിറ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ്.