- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
അരുൺ ജെയ്റ്റിലിയുടെ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളം; റബ്ബറിന് പ്രത്യേക പാക്കേജും എയിംസും കിട്ടിയേക്കുമെന്ന് സൂചന; പരിഷ്‌കരണ നടപടികൾ കർക്കശമാക്കാനും സാധ്യത
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഏറെ പ്രതീക്ഷയാണ് കേരളം അർപ്പിക്കുന്നത്. നിക്ഷേപ സൗഹൃദ സമീപനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് പരിഷ്‌കരണ നടപടികൾക്ക് ആക്കംകൂട്ടുന്ന പൊതു ബജറ്റ് ഇന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിക്കുമെന്നാണ്
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഏറെ പ്രതീക്ഷയാണ് കേരളം അർപ്പിക്കുന്നത്. നിക്ഷേപ സൗഹൃദ സമീപനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് പരിഷ്‌കരണ നടപടികൾക്ക് ആക്കംകൂട്ടുന്ന പൊതു ബജറ്റ് ഇന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അവതരിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നികുതിവർധനകൾക്കും പുതിയ നികുതികൾക്കും സാധ്യത. സേവന നികുതി നിലവിലുള്ള 14.5 ശതമാനത്തിൽനിന്നു വർധിപ്പിക്കാൻ സാധ്യതയുണ്ട്. ആദായനികുതി സ്‌ലാബിൽ മാറ്റമുണ്ടാകില്ല. എന്നാൽ, ചില ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകളേ ഉള്ളൂ. അതുകൊണ്ട് തന്നെ റബർ കർഷകമേഖലയുടെ പ്രതിസന്ധി മറികടക്കാൻ എന്താകും ബജറ്റിലുള്ളതെന്നാണ് കേരളം ഉറ്റുനോക്കുന്നത്. റബറിന്റെ വിലത്തകർച്ച നേരിടാൻ പ്രത്യേക പാക്കേജ് അനുവദിക്കുകയോ ഇറക്കുമതി തീരുവ കൂട്ടുകയോ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചേക്കും. ഫാക്ട് പുനരുജ്ജീവന പാക്കേജ്, ലൈറ്റ് മെട്രോ, സംസ്ഥാനത്തിന് എയിംസ്, എയർ കേരള എന്നിവ സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.
വരൾച്ച കാരണം പ്രതിസന്ധിയിലായ ഗ്രാമീണ കാർഷിക മേഖലയ്ക്ക് ആശ്വാസമേകുന്നതിനൊപ്പം വ്യവസായ മേഖലയ്ക്ക് ഉത്തേജനം പകരുകയും ചെയ്യേണ്ട സാഹചര്യമാണു ഉള്ളത്. സാമൂഹികക്ഷേമ പദ്ധതികളിൽ സർക്കാർ കൂടുതൽ ചെലവഴിക്കേണ്ടതുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, വിള ഇൻഷുറൻസ്, കാർഷിക ജലസേചനം തുടങ്ങിയ മേഖലകളിലും പ്രത്യേക ശ്രദ്ധയുണ്ടാകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കു വൻ തുക വിലയിരുത്തും. കൂടുതൽ നിക്ഷേപം ആകർഷിപ്പിക്കാനുള്ള ശ്രമങ്ങൾ ജയ്റ്റ്‌ലി പ്രഖ്യാപിക്കും. ദാരിദ്ര്യനിർമ്മാർജനം, ശുചീകരണം, തൊഴിൽ, കാർഷികരംഗം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകുന്നതാകും ബജറ്റ്. ഏഴാം ശമ്പള കമ്മിഷൻ ശിപാർശകൾ, വിമുക്ത ഭടന്മാർക്കുള്ള ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി എന്നിവ നടപ്പാക്കുന്നതിന് ഭീമമായ തുക ബജറ്റിൽ നീക്കിവയ്‌ക്കേണ്ടിവരും.
സ്റ്റാർട്ടപ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികൾക്കുള്ള വിഭവസമാഹരണത്തിനായി പുതിയ സെസുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിനുള്ള ഏഴാം ശമ്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ അധികമായി ഒരുലക്ഷം കോടിയിലേറെ രൂപ ചെലവിടേണ്ടതിനൊപ്പം ധനക്കമ്മി കുറയ്ക്കുകയെന്ന വെല്ലുവിളിയും സർക്കാരിനു മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന ഉൽപാദന മേഖലയ്ക്കു സംരക്ഷണം നൽകേണ്ട ബാധ്യതയും സർക്കാരിനുണ്ട്. വിദേശ നിക്ഷേപത്തിനായി കൂടുതൽ മേഖലകൾ തുറന്നുകൊടുക്കാനും സാധ്യതയുണ്ട്.
എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണയ്ക്കും പെട്രോളിയം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ പുനരാരംഭിച്ചേക്കും. അസംസ്‌കൃത എണ്ണവില ബാരലിനു 100 ഡോളറായി ഉയർന്ന 2011ലാണ് പെട്രോളിയം ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ പിൻവലിച്ചത്. സ്വർണം ഇറക്കുമതി ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഇറക്കുമതിത്തീരുവ വർധിപ്പിക്കാൻ സാധ്യതയുണ്ട്.
രാജ്യാന്തര തലത്തിൽ സമ്പദ്‌മേഖല മാന്ദ്യത്തിന്റെ പിടിയിലാണെങ്കിലും രാജ്യം വളർച്ച കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് കഴിഞ്ഞ ദിവസം അരുൺ ജയ്റ്റ്‌ലി പാർലമെന്റിന്റെ മേശപ്പുറത്തുവച്ചിരുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള പരിഷ്‌കരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബജറ്റിനു മുന്നോടിയായുള്ള സർവേയിലുണ്ടായിരുന്നു.