- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക നിയമം പിൻവലിക്കൽ: നടപടി ക്രമങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ; 24ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും; ചർച്ച ആവശ്യപ്പെട്ട് കർഷകർ; പ്രധാനമന്ത്രിക്ക് കത്തെഴുതും; നിശ്ചയിച്ച റാലികൾ നടത്താനും തീരുമാനം
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. റദ്ദാക്കൽ ബില്ലിന് ഈയാഴ്ച തന്നെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകും. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുവേണ്ടി കൃഷി മന്ത്രാലയവും ഭക്ഷ്യ പൊതുവിതരണമന്ത്രാലയവും ബില്ലുകൾ തയ്യാറാക്കി വരികയാണ്.
ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഈ ബില്ലുകൾക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം ശൈത്യകാല സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച് വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനാണ് കേന്ദ്ര നീക്കം. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ കാത്തിരിക്കാനാണ് സമരം ചെയ്യുന്ന കർഷകരുടെ തീരുമാനം.
അതേ സമയം കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കർഷകർ. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഈ മാസം 27 വരെയുള്ള സമരങ്ങളിൽ മാറ്റമില്ല. തുടർനടപടി 27ന് തീരുമാനിക്കുമെന്നും കർഷസമിതി വ്യക്തമാക്കി.
നിയമം റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കാതെ പിൻവാങ്ങേണ്ട എന്നാണ് കർഷക സംഘടനകളുടെ നിലപാട്. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ്ണ വിജയമാകണമെങ്കിൽ ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ഡൽഹി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉന്നയിക്കുന്നു.
ഒരുവർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കർഷകർ സമരം ആരംഭിച്ച് ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകർ മടങ്ങിപ്പോകണമെന്നും അഭ്യർത്ഥിച്ചു.
പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത് എന്നതും ശ്രദ്ധേയമാണ്.
മറുനാടന് മലയാളി ബ്യൂറോ