- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
തിരുവനന്തപുരത്തെ സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗിലായിരുന്നെന്ന് കേന്ദ്ര സർക്കാർ; കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്ക് വൻ രാഷ്ട്രീയസ്വാധീനവും; കസ്റ്റംസും എൻഐഐയും പഴുതില്ലാത്ത അന്വേഷണം നടത്തുന്നതിനൊപ്പം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം തുടരുമെന്നും കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ; പാർലമെന്റിലെ വെളിപ്പെടുത്തലോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
ന്യൂഡൽഹി: നയതന്ത്ര ബാഗിലായിരുന്നു തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ വിവരം ജൂലൈ മാസത്തിൽ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേൽവിലാസത്തിലാണ് എത്തിയത്. തുടർന്ന വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാൻ അനുമതി നൽകി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മുപ്പത് കിലോ സ്വർണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾക്കുള്ള വൻ രാഷ്ട്രീയസ്വാധീനത്തെക്കുറിച്ച് അന്വേഷണ ഏജൻസികൾ ഇതിനോടകം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂർ ആന്റോ ആന്റണി എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതി ആരെന്ന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാവില്ലെന്നും മറുപടിയിൽ പറയുന്നു.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. എൻ.ഐ.എയുടേയും കസ്റ്റംസിന്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ ഇഡിയുടെയും അന്വേഷണം നടക്കുമെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം രേഖാമൂലം ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എൻഐഐയും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്.
2015 മുതൽ 2020 വരെ കേരളത്തിൽ പിടികൂടിയ സ്വർണ്ണത്തിന്റെ വിശദാംശങ്ങളും ധനമന്ത്രാലായം വ്യക്തമാക്കുന്നു. 2015-2016 കാലഘട്ടത്തിൽ 2452 കിലോഗ്രാം സ്വർണം പിടികൂടി. 2016-17ൽ 921. 80 കിലോ, 2017-18ൽ 1996. 93 കിലോ, 2018-19ൽ 2946 കിലോ,2019-20ൽ 2629 കിലോയും 2020 ഇതുവരെ 103.16 കിലോ സ്വർണ്ണവും പിടികൂടിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആൻറോ ആൻറണി എംപിയെ രേഖാമൂലം അറിയിച്ചു
നയതന്ത്ര ബാഗിലായിരുന്നു തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കിയതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം രംഗത്തെത്തി. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കസ്റ്റംസ് കമ്മീഷണർ ജൂലൈയിൽ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന് മന്ത്രി സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അദ്ദേഹം രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എൻ.ഐ.എ-യെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരൻ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തി.
എന്നാൽ, നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായി.
മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നൽകിയ മൊഴിയിൽ നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ബിജെപി അനുകൂല ചാനലിന്റെ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടർന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു. ഇതിനു മുമ്പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണം.
ഇക്കാര്യത്തിൽ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. ലോകസഭയിൽ യു.ഡി.എഫ് എംപിമാർക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നും ഇവർ പുലർത്തുന്ന കുറ്റകരമായ നിശബ്ദത യു.ഡി.എഫ്-ബിജെപി ബാന്ധവത്തിന്റെ ഭാഗമാണ്.
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നതും തിരിച്ചറിയണമെന്നും സിപിഎം ആരോപിക്കുന്നു.
മറുനാടന് ഡെസ്ക്