ഡൽഹി: പരിവേഷങ്ങളില്ലാതെ സാധാരണക്കാരനാകണമെന്ന നിർദ്ദേശം മന്ത്രിമാർക്കു നല്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എപ്പോ കണ്ടാലും കൈയിൽ പിടിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന മോദിയുടെ വാക്കുകൾ അനുസരിക്കാതിരിക്കാൻ മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു കഴിഞ്ഞില്ല. ഡൗൺ ടു എർത്താവാനാണ് ശ്രമം.

ഡ്രൈവിംഗിലുള്ള കമ്പത്തെ കുറിച്ച് കേന്ദ്രമന്ത്രി നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഹൈറേഞ്ച് റാലി നടത്തി പരിചയമുള്ള കണ്ണന്താനം നടത്തിയ ഡ്രൈവിങ് പരീക്ഷണമാണ് പുലിവാലായത്. ഓഫീസിലേയ്ക്ക് സ്വന്തം കാർ ഓടിച്ചെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സ്വന്തം കാറിൽ ഔദ്യോഗിക സൂചനകൾ ഒന്നുമില്ലാതെയായിരുന്നു മന്ത്രിയുടെ വരവ് .

ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്വന്തം ഓഫീസിലേയ്ക്കു പോകും വഴി പാർലമെന്റ് ഹൗസിനു സമീപത്തെ ട്രാൻസപോർട്ട് ഭവനിലെ ഓഫീസിലേക്ക് സ്വയം കാറോടിച്ചെത്തിയ മന്ത്രിയെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സിഐഎസ്എഫ് ഉദ്യോഗസഥർ തടയുകയായിരുന്നു. കാറിൽ എത്തിയത് മന്ത്രിയാണെന്ന് അവർക്ക് ആദ്യം മനസ്സിലായില്ല. ആരാണെന്നു തിരക്കിയ ഉദ്യോഗസഥർ പാസുണ്ടെങ്കിൽ മാത്രമേ പ്രവേശിക്കാനാവൂ എന്നും വ്യകതമാക്കി.

സ്വകാര്യവാഹനത്തിൽ എത്തിയതാണ് മന്ത്രിയെ സുരക്ഷാ ഉദ്യോഗസഥരുടെ ഗേറ്റ് പരിശോധനയിൽ കുരുക്കിയത. മന്ത്രിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ തന്നെ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസഥരുടെ ജാഗ്രതയെ മന്ത്രി പ്രശംസിച്ചു.

ഭരണാധികാരികൾ വാഹനങ്ങളിൽ നിന്ന ചുവന്ന ലൈറ്റു സംസ്‌കാരം ഉപേക്ഷിച്ച് സാധാരണക്കാരെ പോലയാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര ടൂറിസം സഹമന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിന ഓഫീസ് ഗേറ്റിൽ പരിശോധന നേരിടേണ്ടിവന്നത്.