ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ പുതിയ ചർച്ചയും അഭ്യൂഹവും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും നടത്തി രഹസ്യ ചർച്ചയെ കുറിച്ചാണ്. ഇത് അന്വേഷിച്ച പോയ മാധ്യമ പ്രവർത്തകർക്ക് കിട്ടിയത് കോവിഡു കാലത്തെ ഓറഞ്ചു ജ്യൂസിൽ കലർത്തുന്ന കരിക്കിൻ വെള്ളത്തിലെ പുതിയ നാട്ടു മരുന്നാണ്. കോവിഡിനെ പ്രതിരോധിക്കാനുള്ള ചർച്ചയാണേ്രത കേന്ദ്ര ഉപരിതല മന്ത്രരി ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയതെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയം മറന്നുള്ള സൗഹൃദത്തിന് ഉത്തമോദാഹരണമാണ് ഗഡ്ഗരിയും പിണറായിയും തമ്മിലുള്ളത്. ഇത് പലപ്പോഴും ചർച്ചയായിട്ടുണ്ട്.

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാനായിരുന്നു പിണറായിയുടെ ഡൽഹി ദൗത്യം. ഇതിനിടെയാണ് ഗഡ്ഗരിയേയും കണ്ടത്. പിണറായി വിജയൻ മുറിയിലേക്ക് കടന്നു വരുന്നത് കണ്ട കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി തന്റെ ഓഫീസിലുണ്ടായിരുന്ന എല്ലാവരോടും പുറത്തു പോകാൻ നിർദ്ദേശിക്കുകയായിരുന്നു. കേന്ദ്ര-കേരള ഉദ്യോഗസ്ഥർക്ക് ഇതുമൂലം പുറത്തു പോകേണ്ടി വന്നു. അതിന് ശേഷം മുറിയിൽ ഉണ്ടായിരുന്നത് ഗഡ്ഗരിയും പിണറായിയും പിന്നെ രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസും മാത്രമായിരുന്നു. ഏറെ നേരം ചർച്ചകൾ നടന്നു. അതിന് ശേഷമായിരുന്നു ഔദ്യോഗിക ചർച്ചയ്ക്ക് ഉദ്യോഗസ്ഥരെ മുറിയിലേക്ക് കേറ്റിയത്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ രഹസ്യങ്ങളായിരുന്നു കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സംസാരിച്ചതെന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. നാഗ്പൂരിലെ നാട്ടു മരുന്നുകളിൽ വിദഗ്ധനായ ഡോക്ടർ തന്നോട് ഓറഞ്ച് ജ്യൂസും കരിക്കിൻ വെള്ളവും ചേർത്തു കുടിച്ചാൽ കോവിഡിൽ നിന്ന് അതിവേഗ മുക്തിയുണ്ടാകുമെന്ന് പറഞ്ഞതായി പിണറായിയോട് ഗഡ്കരി പറഞ്ഞുവത്രേ. ദിവസം രണ്ടു നേരം താൻ കരിക്കിൻ വെള്ളം കുടിക്കാറുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. ശുദ്ധമായ കരിക്ക് കേരളത്തിൽ എന്ന് എത്തിക്കാമെന്ന് കേന്ദ്രമന്ത്രിക്ക് പിണറായി ഉറപ്പു നൽകിയെന്നും ഇന്ത്യൻ എക്സ്‌പ്രസ് വാർത്തയിലുണ്ട്. ഡൽഹി കോൺഫിഡൻഷ്യൽ എന്ന പംക്തിയിൽ രസകരമായാണ് ഈ കോക്കനട്ട് ഓഫറിനെ ഇന്ത്യൻ എക്സ്‌പ്രസ് അവതരിപ്പിക്കുന്നത്.

മുമ്പും പിണറായി-ഗഡ്ഗരി സൗഹൃദം ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. 2019 ഒക്ടോബറിലായിരുന്നു ഈ സംഭവം. പഴയ എൻ എച്ച് 17നെ 13 ഭാഗമായി തിരിച്ച് 45 മീറ്റർ വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് ലൈൻ വീതമാക്കി മാറ്റുമ്പോൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ഭൂമിയേറ്റെടുക്കലിന്റെ ചെലവുവഹിക്കാമെന്ന് രണ്ടുമാസംമുമ്പ് കേരളം അറിയിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രാലയം അന്ന് നടപടികളെടുത്തില്ല. ഇക്കാര്യത്തിൽ പരാതി പറയാനെത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അലംഭാവം കാട്ടിയ മന്ത്രാലയ ഉദ്യോഗസ്ഥരെ കഠിനമായി ശാസിച്ചു.

മന്ത്രാലയത്തിൽ സ്വാർഥതാത്പര്യക്കാരുണ്ടെന്ന് അറിയാമെന്നു പറഞ്ഞ കേന്ദ്രമന്ത്രി കേരളത്തിന്റെ കരാറിൽ വേഗം തീരുമാനമെടുത്തില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പു നൽകി. നക്സലൈറ്റായി രാഷ്ട്രീയജീവിതം തുടങ്ങിയ തന്നെ വീണ്ടും അതേ നിലപാടിലേക്കു കൊണ്ടുപോകരുതെന്ന താക്കീതും നൽകി. തുടർന്ന്, അന്നുരാത്രിതന്നെ കേന്ദ്രത്തിന്റെ സമ്മതപത്രം കേരള സർക്കാരിനു കൈമാറുകയും ചെയ്തു. ഇത് അന്ന് വലിയ വാർത്താ പ്രാധാന്യവും നേടിയിരുന്നു. പിണറായിയുടെ വീട്ടിലെത്തി ഗഡ്ഗരി ഭക്ഷണം കഴിച്ചതും മറ്റും വലിയ ചർച്ചയുമായി. ഏതായാലും ഈ സൗഹൃദം ഇത്തവണയും കേരളത്തിന് ഗുണമായിട്ടുണ്ട്. വമ്പൻ പദ്ധതികളാണ് പിണറായി കേരളത്തിന് വേണ്ടി നേടിയെടുത്തത്.

പല സംസ്ഥാന പാതകളും ദേശീയപാതയായി ഉയർത്തുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടുകയും ചെയ്തു. കണ്ണൂർ വിമാനത്താവളം വഴി മേലെച്ചൊവ്വ - മട്ടന്നൂർ - വളവുപാറ - മാക്കൂട്ടം - വിരാജ്‌പേട്ട - മടിക്കേരി - മൈസർ എന്നിങ്ങനെ നീളുന്ന പാതയുടെ കേരളം ഉൾപ്പെടുന്ന ഭാഗമാണ് ദേശീയ പാതയായി ഉയർത്തുവാൻ കേന്ദ്രം തയ്യാറാകുന്നത്. ഇത് സംബന്ധിച്ച് നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ദേശീയപാതയ്ക്ക് പുറമെ സംസ്ഥാനത്തെ 11 റോഡുകൾ ഭാരത് മാല പദ്ധതിയിൽൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റർ റിങ്‌റോഡ് നിർമ്മിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകൾ കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി.

തലസ്ഥാന നഗരിയുടെ വളർച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പ് ചെലവ് ഉണ്ടാകുന്നത്. ഇത് നാഷണൽ ഹൈവേ അഥോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. അതേസമയം, വലിയ ബാധ്യതകൾ വരുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ നിർമ്മാണ സാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന നിർദ്ദേശം കേന്ദ്ര മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനം വഹിക്കുന്ന ചെലവിന് തുല്യമായ ഓഹരി പങ്കാളിത്തവും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്.