-ബെംഗളുരു: കേന്ദ്രമന്ത്രിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും സഞ്ചരിച്ച വാഹനമാണ് ദക്ഷിണ കന്നടയിൽ അപകടത്തിൽപെട്ടത്. അപകടത്തിൽ കേന്ദ്രമന്ത്രിയുടെ ഭാര്യ വിജയ ശ്രീപദ് നായികു പഴ്‌സണൽ സെക്രട്ടറിയും മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകർണത്തേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. അങ്കോളയിൽ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ പിഎയ്ക്കും പരിക്കേറ്റിട്ടുണ്ട്. ശ്‌രീപദ് നായികിന്റെ പരുക്ക് ഗുരുതരമെങ്കിലും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. അങ്കോളയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹത്തെ ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവൻ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടു. ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് സംസാരിക്കുകയും മികച്ച ചികിത്സ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം വന്നാൽ കേന്ദ്രമന്ത്രി ശ്രീപാദ് നായിക്കിനെ ഡൽഹിയിലേക്ക് എത്തിക്കാൻ സിങ് ആവശ്യപ്പെട്ടു. ഗോവയിൽ നിന്ന് മന്ത്രിയെ മാറ്റേണ്ട ആവശ്യം വന്നാൽ പ്രത്യേക എയർ ആംബുലൻസ് ഏർപ്പെടുത്താമെന്നും രാജ്‌നാഥ് സിങ് ഗോവ മുഖ്യമന്ത്രിയോട് പറഞ്ഞുഗോവ മുഖ്യമന്ത്രി ആശുപത്രിയിലെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ വിജയ നായിക് ജിയുടെ മരണവാർത്ത കേട്ടപ്പോൾ അതിയായ ദുഃഖിതനാണെന്ന് കെജ്രിവാൾ പറഞ്ഞു. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീപാദ് നായിക് ജി വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

കർണാടകത്തിലെ അങ്കോള ഗ്രാമത്തിന് സമീപത്തുവച്ചായിരുന്നു അപകടം. യെല്ലാപ്പുരത്തുനിന്നും ഗോകർണ്ണത്തേക്ക് പോകുകയായിരുന്നു മന്ത്രിയും കുടുംബവും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ശ്രീപദ് നായിക്കും നാലംഗ കുടുംബവും ഇന്ന രാവിലെ യെല്ലാപൂരിലെ ഗന്തേ ഗണപതി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഇവിടെ ക്ഷേത്രത്തിൽ പൂജകൾ കഴിച്ച ശേഷമാണ് അദ്ദേഹം ഗോകർണത്തിലേക്ക് വൈകിട്ട് 7 മണിയോടെ തിരിച്ചത്.

ദേശീയ പാത 63 ൽ നിന്ന് ഗോകർണത്തേക്കുള്ള ഷോട്ട് കട്ടായ സബ്‌റോഡിലേക്ക് ഡ്രൈവർ കടന്നപ്പോഴായിരുന്നു അപകടം. റോഡിന്റെ നില വളരെ പരിതാപകരമായിരുന്നു. എസ് യുവിയുടെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതോടെ വാഹനം കീഴ്‌മേൽ മറിയുകയായിരുനിനു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചല്ല അപകടം ഉണ്ടായത്. പ്രഥമദൃഷ്ട്യാ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമായി കാണുന്നത്. വിജയ ശ്രീപദ് നായിക്കിന് തലയ്‌ക്കേറ്റ മാരകമുറിവാണ് മരണകാരണമായത്.