- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്ക് വിലക്കി കൊണ്ട് ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ നിയമോപദേശം തേടി സർക്കാർ; ഉത്തരവ് ഇറക്കുമോ എന്നതിൽ സംശയം; ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസിയുടെ വെല്ലുവിളി; മുൻകൂട്ടി നോട്ടീസ് നൽകിയെന്ന് എൻജിഒ യൂണിയനും
കൊച്ചി: ജീവനക്കാരുടെ പണിമുടക്കു വിലക്കി ഇന്നു തന്നെ ഉത്തരവിറക്കണമെന്ന ഹൈക്കോടതി വിധിയിൽ വെട്ടിലായി സർകാർ. ഹൈക്കോടതി ഉത്തരവിനെയും വെല്ലുവിളിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളോടു പോക്ക്. അതേസമയം ഇന്ന് ഉത്തരവിറക്കാൻ സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ സർക്കാർ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. നിയമോപദേശം അനുസരിച്ച് തുടർനടപടിയെടുത്താൽ മതിയെന്നാണ് ഭരണനേതൃത്വത്തിലെ ധാരണ.
ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് അവകാശമില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, സർക്കാർ ഇക്കാര്യത്തിൽ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
എജിയുടെ നിയമോപദേശം അനുസരിച്ച് വിധിക്കെതിരെ അപ്പീൽ നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തീരുമാനമെടുക്കും. ഉത്തരവിടും മുമ്പ് ജീവനക്കാരുടെ സംഘടനകളുടെ ഭാഗം കൂടി കേൾക്കണമെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഇതു കോടതി പരിഗണിച്ചില്ല.
അതേസമയം സർക്കാർ ജീവനക്കാർ നാളെയും പണിമുടക്കുമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്നത് കൂട്ടായി ആലോചിക്കും. കോടതികൾ വിമർശിക്കേണ്ടത് കേന്ദ്രസർക്കാരിനെയാണെന്നും രാജേന്ദ്രൻ പറഞ്ഞു.
രാജ്യത്തെ ജീവനക്കാരും തൊഴിലാളികളും മഹാഭൂരിപക്ഷം പണിമുടക്കിലാണ്. എന്ത് നടപടിയുണ്ടായാലും ഇതിൽ ഉറച്ചുനിൽക്കും. അത് നേരിടാനുള്ള ജനങ്ങളുടെ പിന്തുണ ഞങ്ങൾക്കുണ്ടെന്ന് രാജേന്ദ്രൻ പറഞ്ഞു. ദേശീയ പണിമുടക്കിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ കുറഞ്ഞതിനെ വിമർശിച്ച് ഹൈക്കോടതി രംഗത്തുവന്നതിന് പിന്നാലെയാണ് രാജേന്ദ്രന്റെ പ്രതികരണം.
ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് എൻജിഒ യൂണിയൻ അറിയിച്ചു. മുൻകൂട്ടി നോട്ടീസ് നൽകിയാണ് പണിമുടക്ക് നടത്തുന്നതെന്നും എൻജിഒ യൂനിയൻ അറിയിച്ചു. പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവ് നീതിപൂർവമാകണമെന്ന് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഹൈക്കോടതി പരാമർശം പരിശോധിക്കും. ഇക്കാര്യം സംയുക്തസമരസമിതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ