കോട്ടയം: കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ 11 അംഗസമിതിയെ ചുമതലപ്പെടുത്തി. വേതന വർധനവിൽ സർക്കാർ തീരുമാനത്തിന് കാക്കില്ല. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതൽ ലഭിക്കും. സഭയുടെ കീഴിലെ ആശുപത്രികളിൽ ഭൂമിയിലെ മാലാഖമാർക്ക് മതിയായ ശമ്പളമില്ലെന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാൻ സഭ നടപടിയെടുക്കുന്നത്.

സോഷ്യൽ മീഡിയയിൽ കടന്നാക്രമണം തുടങ്ങിയതോടെ സഭ പ്രതിരോധത്തിലായി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വേതനം ഉറപ്പാക്കണമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർദ്ദേശിച്ചു. നഴ്സുമാർക്ക് അർഹമായ വേതനം നൽകാതെ കത്തോലിക്കാ ആശുപത്രികൾ കാരുണ്യപ്രവർത്തനങ്ങൾക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറോ മലബാർ സഭാദിനാഘോഷത്തിലായിരുന്നു കർദിനാൾ മനസ്സ് തുറന്നത്. ഇതോടെ മാലാഖമാരുടെ വേദന കാണാൻ കത്തോലിക്കാ സഭാ മാനേജ്‌മെന്റുകളും തയ്യാറായി. തീരുമാനവും എടുത്തു. നഴ്‌സുമാരുടെ സമരത്തെ ക്രിസ്ത്യാനികൾക്ക് എതിരായ സമരമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് ഇത്.

വേതനവർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിലായിരുന്നു. ഇതിനിടെയാണ് കത്തോലിക്കാ സഭയിലെ ആശുപത്രികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രതികരണം ശക്തമായത്. നഴ്‌സുമാർ ഉൾപ്പെടെ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ചട്ടപ്രകാരമുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നു മന്ത്രി ടി.പി.രാമകൃഷ്ണനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ തീരുമാനം കാത്തു നിൽക്കാതെ കത്തോലിക്ക സഭയുടെ കീഴിയിലുള്ള ആശുപത്രി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനിച്ചത്.

സമരം തുടങ്ങുമ്പോൾ നഴ്‌സുമാർക്കെതിരെ ശക്തമായ നിലപാടാണ് കത്തോലിക്കാ സഭ എടുത്തത്. കേരളത്തിൽ കൂടുതൽ ക്രൈസ്തവ ആശുപത്രികളാണ്. അതുകൊണ്ട് തന്നെ നഴ്‌സുമാരുടെ സമരം സഭയ്ക്ക് എതിരാണെന്നും അതിർ വർഗ്ഗീയതയുണ്ടെന്നും പോലും പ്രചരണമെത്തി. എന്നാൽ ഇടവകകൾ കേന്ദ്രീകരിച്ചുള്ള ഈ പ്രചരണം പൊളിഞ്ഞു. നഴ്‌സുമാർ അധികവും കത്തോലിക്കാക്കാരായിരുന്നു. അവർക്ക് ശമ്പളം കൂട്ടിക്കൊടുത്തിട്ടു മതി ഇത്തരത്തിലെ പ്രചരണമെന്ന് നഴ്‌സുമാർ തിരിച്ചടിച്ചു. കാശു കിട്ടാതെ അച്ചന്മാർ കുർബാന ചെയ്യുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ തരംഗമായി. ഇതോടെ ഇടവകകൾ പോലും അച്ചന്മാരുടെ പ്രചരണത്തെ ചോദ്യം ചെയ്തു. വിശ്വാസികൾ പരസ്യ നിലപാട് എടുത്തു. മധ്യകേരളത്തിലെ നഴ്‌സുമാരുടെ കുടുംബം പള്ളികളെ അനുസരിക്കാതെയായി. സ്ത്രീകളുടെ നേതൃത്വത്തിലെ നിസ്സഹകരണം സഭയെ കുഴക്കി. ഇതോടെ പ്രശ്‌നത്തിൽ ആലഞ്ചേരി ഇടപെടുകയായിരുന്നു.

വേതന വർധനവിനു നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ വ്യവസായബന്ധ സമിതി 10നു യോഗം ചേരും. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് 20നു നിശ്ചയിച്ചിരുന്ന യോഗം പത്തിലേക്കു മാറ്റിയത്. വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണു സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സംഘടനാ പ്രതിനിധികളുമായും മന്ത്രി സംസാരിക്കും. സംഘടനകളുടെ അഭിപ്രായം 10നു മന്ത്രിയെ നേരിൽക്കണ്ടു ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. ഇതിനിടെയാണ് കത്തോലിക്ക സഭ തങ്ങളുടെ തീരുമാനം എടുത്തത്. ഇതോടെ മറ്റ് ആശുപത്രികളും ഇത് പിന്തുടരേണ്ടി വരും. നേരത്തെ തൃശൂരിലെ ദയാ ആശുപത്രി നഴ്‌സുമാർക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. അന്ന് അവരെ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടനയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ദയയ്‌ക്കെതിരെ നടപടിയെടുക്കാൻ കൂട്ടുനിന്നവരാണ് സമ്മർദ്ദം ഏറിയപ്പോൾ നഴ്‌സുമാർക്ക് വേണ്ടി തീരുമാനം എടുക്കുന്നത്. ഇത് മറ്റ് മാനേജ്‌മെന്റുകളേയും വെട്ടിലാക്കും. ഇതോടെ മാന്യമായ ശമ്പളം ഭൂമിയിലെ മാലാഖമാർക്ക് കിട്ടാൻ അവസരം ഒരുങ്ങുകയാണ്.

വേതനവർധനവിൽ ബന്ധപ്പെട്ട സമിതി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുണ്ടാകുമ്പോൾ ശമ്പള സ്‌കെയിൽ പരിഷ്‌കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്മെന്റുകൾ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ആശുപത്രികൾ നടത്തുന്ന നിരവധിയായ ഇതര മാനേജ്മെന്റുകളും ഇതേ നിലപാടു സ്വീകരിക്കണമെന്നും കർദിനാൾ അഭിപ്രായപ്പെട്ടിരുന്നു. നഴ്സുമാരുടെ ശമ്പളം സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം വേഗത്തിലുണ്ടാവണം. ചെറിയ ആശുപത്രികളുടെ നടത്തിപ്പു സംബന്ധിച്ചു സർക്കാർ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിഹാരം കാണണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ തീരുമാനത്തിന് വൈകാതെയുള്ള കത്തോലിക്കാ സഭയുടെ നിലപാട് വിശദീകരണം.

അച്ചന്മാരുടെ നിലപാടിനെ വിമർശിച്ച ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് സഭയ്ക്ക് ഏറെ തലവേദനയായിരുന്നു. കുർബാനയ്ക്ക് പണം വാങ്ങുന്നവർ എന്തു കൊണ്ട് നഴ്‌സുമാരെ വിമർശിക്കുന്നുവെന്നതായിരുന്നു ചോദ്യം. നിങ്ങളെപ്പോലുള്ള കോർപറേറ്റുകളുടെ ഹോസ്പിറ്റലുകളിൽ കയറിയിറങ്ങേണ്ടി വരുന്നതുകൊണ്ടാണ്.ഒരു മാസം ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ സാധാരണക്കാരന്റെ കണക്കുകൾ തെറ്റും.നിങ്ങൾ ഈടാക്കുന്ന അമിത ഫീസ് നേഴ്‌സ്മാർക്ക് ശമ്പളം കൊടുക്കുന്നതുകൊണ്ടാണ് എന്ന് കരുതാനും മാത്രം വിഡ്ഢികൾ അല്ല വിശ്വസികൾ. എന്താണ് നിങ്ങൾ ചെയ്യുന്ന ചാരിറ്റി?? 100 രോഗികളിൽ നിന്ന് കഴുത്തറപ്പൻ ചാർജ് വാങ്ങിച്ചിട്ട് ഇടവകയിലെ അച്ഛന്റെ കത്തുമായി വരുന്ന ഒന്നോ രണ്ടോ രോഗികൾക്കു നക്കാപ്പിച്ച ഇളവ് കൊടുക്കുന്നതാണോ???? അതോ ബിസിനസുകാരുടെ കയ്യിൽ നിന്നും ചാരിറ്റി ഫണ്ട് വാങ്ങി കുറച്ചു പേർക്ക് സൗജന്യ ഡയാലിസിസ് നാടകം നടത്തുന്നതോ?നിസാര പൈസക്ക് കിട്ടുന്ന മരുന്നുകൾ മൂന്നിരട്ടി ലാഭം ഇട്ട് ങഞജ യിൽ കൊടുക്കുന്നതാണോ നിങ്ങളുടെ രോഗികളോടുള്ള പ്രതിബദ്ധത?

അതോ ഇൻഷുറൻസ് ഉള്ള രോഗികൾക്കു അനാവശ്യ ടെസ്റ്റുകൾ ചെയ്തു പൈസ അടിക്കുന്നതോ?അവിടെ നടക്കുന്ന ഉൾകളികൾ നേഴ്‌സ്മാർ വിളിച്ചു പറഞ്ഞാൽ അന്ന് തീരും നിങ്ങടെ ചാരിറ്റിക്കളി.അധികാരികൾ കണ്ണടക്കുന്നിടത്തോളം നിങ്ങൾ ചൂഷണം തുടർന്ന്‌കൊണ്ടിരിക്കും. നേഴ്‌സ്മാർ അതിന് നിന്ന് തരാൻ തയ്യാറല്ല.നേഴ്‌സ്മാർ ജോലി ചെയ്യുന്നത് ജീവിക്കാനാണ് അല്ലാതെ നിങ്ങളുടെ ആളെ പറ്റിക്കുന്ന ചാരിറ്റി കളിക്കാൻ അല്ല..അര്ഹതപ്പെട്ടവന് കൊടുക്കാതെ അവന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി പാവപ്പെട്ടവന് എന്തെങ്കിലും ഇളവ് ചെയ്തു കൊടുത്താൽ തന്നെ അവന് അതിന്റെ ഗുണം ലഭിക്കില്ല.അതുകൊണ്ട് കള്ളക്കളികൾ നിർത്തി സഭയുടെ കൊള്ളരുതായ്കകൾ വെള്ള പൂശാനുള്ള ''മഞ്ഞപ്പത്രം''ആയി ''കത്തോലിക്കാ സഭ'' ഉപയോഗിക്കാതെ വിവേകത്തോടെ പ്രവർത്തിക്കൂ.. ഇനിയും കോർപറേറ്റുകളുടെ ശൈലിയിൽ ഇതുപോലുള്ള മൂന്നാംകിട മഞ്ഞപ്പത്ര കളിയുമായി നേഴ്‌സ്മാർക്കെതിരെ തിരിഞ്ഞാൽ വിശ്വസസമൂഹം തന്നെ നിങ്ങളെ കാർക്കിച്ചു തുപ്പും..ഓർമ്മയിലിരിക്കട്ടെ...!-എന്ന

ഈ പോസ്റ്റിനെ തുർന്ന് നഴ്‌സുമാരുടെ സമരത്തിന് അനുകൂലമായി പൊതുജന വികാരം ഉയർന്നു. കർദിനാളിന്റെ പരസ്യ നിലപാടും ഗുണകരമായി. കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നഴ്സുമാർക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നൽകുന്നുണ്ടെന്നാണു കരുതുന്നത്. എന്നാൽ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയിൽ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്സുമാർ ഉയർത്തുന്ന ആവശ്യങ്ങളെല്ലാം ശരിയാണോ എന്നു പരിശോധിക്കുന്നില്ല. എന്നാൽ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്സുമാർക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നായിരുന്നു കർദിനാൾ ആവശ്യപ്പെട്ടത്.