തിരുവനന്തപുരം: യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ നടത്തിയ സമരം ഐതിഹാസിക വിജയമാണ് നേടിയത്. ആശുപത്രി മാനേജ്‌മെന്റുകളുടെ എതിർപ്പിനെ ചെറുത്തു തോൽപ്പിച്ചത് ജാസ്മിൻഷായുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിലായിരുന്നു. എന്നാൽ, ഈ വിജയം മാനേജ്‌മെന്റുകളെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് ആശുപത്രി മുതലാളിമാരുടെ പിണിയാളുകൾ.

യുഎൻഎ ഒരു വർഷം പിരിക്കുന്നത് നഴ്‌സുമാർ പോലും കേട്ടാൽ ഞെട്ടുന്ന കോടികളാണെന്ന് പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം കൊഴുക്കുന്നത്. യുഎൻഎയുടെ ഐക്യത്തെ തകർക്കാൻ വേണ്ടിയാണ് ആ ആസൂത്രിത നീക്കം നടക്കുന്നത്. ഒരു വർഷം 45 കോടി രൂപയാണ് യുഎൻഎ പിരിച്ചത് എന്നു പറഞ്ഞു കൊണ്ടാണ് കള്ളപ്രചരണം. യുഎൻഎയുടെ അഗസംഖ്യ അനുസരിച്ച് മാസവരിസംഖ്യ പിരക്കുന്നുണ്ടെന്നും ഒരു ഇതെല്ലാം കൂടി കണക്കാക്കിയാണ് കോടികൾ വരുമെന്ന കള്ളപ്രചരണം.

വൻതോതിൽ സംഭാവനകൾ വാങ്ങുന്നു എന്ന വിധത്തിലുള്ള കള്ളപ്രചരണത്തിനെതിരെ യുഎൻഎ നേരിട്ട് രംഗത്തെത്തി. വാട്‌സ് ആപ്പ വഴിയു മറ്റും പ്രചരിക്കുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംഗത്വ ഫീസിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളെ ചെറുത്തുകൊണ്ട് ചെലവുകള കുറിച്ച് പറഞ്ഞാണ് യുഎൻഎയുടെ മറുപടി.

ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കി. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നതിൽ ഓരോ അംഗത്തിനും അഭിമാനിക്കാമെന്നും ജാസ്മിൻ പറഞ്ഞു.

ജാസ്മിൻഷാ ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടി ഇങ്ങനെയാണ്:

കള്ള പ്രചാരണങ്ങൾക്കുള്ള മറുപടി...

സാമ്പത്തികത്തെപ്പറ്റി ഔദ്രോഗികമായി ട്രഷറർ Bibin N Paul ആണ് പറയുന്നതെങ്കിലും, കള്ള പ്രചാരണമായതുകൊണ്ടും, മാനേജ്‌മെന്റ് ഏറാൻ മൂളികൾ വ്യാപകമായി വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുന്നതുകൊണ്ടും അവർക്കുള്ള മറുപടിയാണ് ഉദ്ദേശിക്കുന്നത്. ആരും തെറ്റിദ്ധരിക്കാൻ ഇടയുള്ള ഒരു പ്രചാരണം പതിയെ യുഎൻഎക്ക് എതിരായി ജന വികാരം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് ഈ പ്രചാരണം എന്നതിനാലാണ് ഈ പോസ്റ്റ്.

വിക്കി പീഡിയ എന്നല്ല ഞങ്ങളുടെ പോലും അറിവിൽ 4.5 ലക്ഷത്തിലധികം ആളുകൾ യുഎൻഎയോടൊപ്പം ഉണ്ട് ലോകാടിസ്ഥാനത്തിൽ. എന്നാൽ പിരിവോ, മാസവരിയോ ,അംഗത്വ ഫീസോ ഈ പറയുന്ന ആളുകളിൽ നിന്നും ഇതുവരെ ഞങ്ങൾ പിരിച്ചിട്ടില്ല. കിട്ടിയിട്ടുമില്ല. അടിസ്ഥാന രഹിതമായ കണക്കുകൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നുമില്ല.

ഇനി യഥാർത്ഥ കണക്കിലേക്ക് വരാം, യുഎൻഎ സംഘടന തുടങ്ങിയ കാലം മുതൽ ( 2011 നവംബർ 16)
2017 ജൂൺ 1 വരെ 100 രൂപയായിരുന്നു അംഗത്വ ഫീസ്. എന്നാൽ ആ ഫീസ് സംസ്ഥാന കമ്മിറ്റിയിലേക്ക് അടച്ച ഏക ജില്ല തൃശൂർ മാത്രമായിരുന്നു. ഏകദേശം 2800-3000 നുമിടയിൽ ആളുകൾ ആ പണം അടച്ചിട്ടുമുണ്ട്.അംഗത്വ ഫീസ് 5 വർഷം കഴിഞ്ഞിട്ടും ഇത് വരെ പുതുക്കി വാങ്ങിയിട്ടുമില്ല. മാസസംഖ്യ ക്രിത്യമായി നൽകിയതും തൃശൂർ ജില്ലയിലെ നേഴ്‌സുമാർ മാത്രമാണ്. 2800 പേർ 100 രൂപ വെച്ച് തരുന്നുണ്ട് (ചില യൂണിറ്റുകൾ 50 രൂപ) ,എത്രയായാലും അതിൽ 25 രൂപ സംസ്ഥാന കമ്മിറ്റി വിഹിതം, 25 രൂപ ജില്ലാ കമ്മിറ്റി വിഹിതം,50 രൂപ യൂണിറ്റ് കമ്മിറ്റി വിഹിതം എന്നാണ് തീരുമാനം. ത്യശൂർ ജില്ല മാത്രമായതിനാൽ ആ പണവും സംസ്ഥാന കമ്മിറ്റി വാങ്ങാതെ ത്രിശൂർ ജില്ലാ കമ്മിറ്റി കൈവശം വെക്കുകയും, സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും ജില്ലാ കമ്മിറ്റിയുടെ ചെലവിലാണ് മുന്നോട്ട് പോയിരുന്നത്.ഈ നിലക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്നതിനാലാണ് 2017 മെയ് പകുതിയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം 2017 ജൂൺ 1 മുതൽ ആക്ടീവ് അംഗങ്ങളിൽ നിന്നും 500 രൂപ അംഗത്വ ഫീസ് പിരിക്കുന്നതിനും, വരിസംഖ്യ 1 സെപ്റ്റംബർ 2017 മുതൽ കർശനമായി പിരിക്കുവാനും തീരുമാനമെടുത്തിട്ടുള്ളത്. മാത്രമല്ല ഔദ്രോഗിക രേഖകളിൽ 5500 അംഗങ്ങളെ മാത്രമേ ഞങ്ങൾ കാണിച്ചിട്ടുള്ളു. ഒരാളുടെ കയ്യിൽ നിന്നുമല്ല സംഘടന പണം പിരിക്കുന്നത് മറിച്ച് Standing Instruction സാലറി ലഭിക്കുന്ന ബാങ്ക്കളിൽ നൽകിയാണ് മാസ സംഖ്യ പിരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനം.വ്യക്തികളുടെ കയ്യിൽ നിന്നോ, സംഘടനകളുടെ കയ്യിൽ നിന്നോ 2017 ജൂൺ 10 വരെ സംഭാവനകൾ സ്വീകരിച്ചിട്ടില്ല. അതിനു ശേഷവും നിർബന്ധമായ ഒരു പിരിവും യുഎൻഎ നടത്തിയിട്ടില്ല.എന്നാൽ സമര ഫണ്ടിലേക്ക് സ്വമേധയാ നിരവധി ആളുകൾ സഹായിച്ചിട്ടുണ്ട്. ആ പണവും സ്വീകരിച്ചത് ഇന്ത്യൻ നിയമങ്ങൾക്ക് വിധേയമായി മാത്രം. പൂർണ്ണമായും ഡിജിറ്റൽ സംവിധാനം വഴി. അത് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ 1 ഓഗസ്റ്റ് 2017 ന് നടക്കുന്ന സംമ്പൂർണ്ണ സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കും.ശേഷം കണക്കുകൾ യുഎൻഎ ഔദ്രോഗിക മാഗസിൻ ആയ 'കെയർ' വഴി പുറത്തുവിടും.ഓഡിറ്റർമാരും, സാമ്പത്തിക വിദഗ്ധരുടെയും ഉപദേശം ലഭിക്കുന്നതിന് അനുസരിച്ച് ഔദ്രോഗിക വെബ്‌സൈറ്റിലും, മാഗസിന്റെ ഈ പതിപ്പ് സോഷ്യൽ മീഡിയയിലും ലഭ്യമാക്കും.

തൃശൂർ ജില്ല മാത്രമാണ് സംഘടനയുടെ വളർച്ചക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ 2017 ജൂൺ 1 വരെ നൽകിയിട്ടുള്ളത്. അവിടങ്ങളിൽ എന്ത് പിരിവ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ വരവ് ചെലവ് കണക്കുകൾ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുകയും അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെയെല്ലാ കാര്യങ്ങളും ഓരോ അംഗത്തിനും അറിയുകയും ചെയ്യാം.

ഇനി ചില ഒഴിവാക്കാനാകാത്ത ഫിക്‌സഡ് ചെലവുകൾ പറയാം, മാസാടിസ്ഥാനത്തിൽ, ഓഫീസ് റെന്റ് 6000 രൂപ(നിലവിൽ ചെറിയ ഒരു ഒറ്റ മുറിയാണ് ,പുതിയത് ഓഗസ്റ്റ് 1 ന്റെ കമ്മിറ്റിക്ക് ശേഷം നിലവിൽ വരും), ഓഫീസ് സ്റ്റാഫ് 12000 രൂപ ,കറന്റ് ബിൽ 1500-2000, ടെലഫോൺ - 500 - 1000, വക്കീൽ ഫീസ് 30000- 50000 ( ചിലപ്പോൾ അതിനും മുകളിൽ )..

സംഘടന നിലവിൽ കടങ്ങളിൽ നിന്നും പൂർണ്ണമായി മുകതമായത് ഇപ്പോഴാണ്. സമര ഭടന്മാർക്ക് പോലും കയ്യയച്ച് സഹായിക്കുന്നത് ഇപ്പോഴാണ്. ഞങ്ങളുടെ സാമ്പത്തിക ബാലൻസ് നിലവിൽ കോടികൾ ഇല്ലെങ്കിലും ലക്ഷങ്ങൾ ഉണ്ടിപ്പോൾ. സംഘടനയെ പോസ്റ്റ്മാൻ ഉദ്ദേശിച്ച പോലെ എത്തില്ലെങ്കിലും നല്ല സാമ്പത്തിക അടിത്തറയുള്ള സുതാര്യമായ സംഘടനയാക്കി ഞങ്ങൾ മാറ്റും. 2020 ഓടെ നേഴ്‌സിങ് സമൂഹവും യുഎൻഎയും ആരോഗ്യമേഖലയിലെ ഒഴിവാക്കാനാകാത്ത ശക്തിയായി മാറും.

ഇനി ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ സംശയമുണ്ടെങ്കിൽ സർക്കാറിനോ, സാമ്പത്തിക ഏജൻസികൾക്കോ എതൊരന്യോഷണം നടത്തുന്നതിനെയും യുഎൻഎ സ്വാഗതം ചെയ്യുന്നു. ഞങ്ങൾക്ക് ഒന്നും മറക്കാനില്ല.. അതിനാൽ ഭയവുമില്ല.. പൂർണ്ണമായും ഡിജിറ്റൽ സമ്പ്രദായത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്ന പ്രസ്ഥാനമാണ് യുഎൻഎ എന്നതിൽ ഓരോ അംഗത്തിനും അഭിമാനിക്കാം. യുഎൻഎ ട്രഷറർ ബിബിൻ എൻ പോളിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് സംഘടനയിൽ ഉള്ളവർക്കറിയാം. അറിയാത്തവർക്ക് അന്വേഷിച്ചറിയാം.'

പോസ്റ്റ്മാനെ,

മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയമില്ല....
കള്ളത്തരങ്ങൾ പ്രചരിപ്പിക്കാം ,കള്ളക്കേസുകൾ ഉണ്ടാക്കാം..
എന്നാൽ അന്തിമ വിജയം എന്നും സത്യത്തിനൊപ്പമാകും എന്നതിനാൽ ഭയമില്ല.. മുന്നോട്ട് തന്നെ...