- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള യൂണിവേഴ്സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി രാജീവിന്റെ ഭാര്യ; കാലടി യൂണിവേഴ്സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ; രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ ഉന്നത പദവികൾ ദാനം ചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകൾ മാറിയോ? ആ വിവാദങ്ങൾ ഇങ്ങനെ
കണ്ണൂർ: കേരള യൂണിവേഴ്സിറ്റിയിൽ പി.കെ. ബിജുവിന്റെ ഭാര്യ, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി. രാജീവിന്റെ ഭാര്യ, കാലടി യൂണിവേഴ്സിറ്റിയിൽ എം.ബി രാജേഷിന്റെ ഭാര്യ, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെ.കെ രാഗേഷിന്റെ ഭാര്യ. സംസ്ഥാനത്തെ ഉന്നത സർവകലാശാലകളിലെ ഈ ഭാര്യാ നിയമനങ്ങളെല്ലാം വിവാദത്തിലാണ്. ഈ നിയമനം എല്ലാം പരിശോധിക്കുമെന്ന പരോക്ഷ സൂചനയാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നത്. എ്ല്ലാ നിയമനങ്ങളും പരാതിയായി ഗവർണ്ണറുടെ മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ പരിശോധന നടത്തുന്നതിൽ വേറെ പ്രശ്‌നങ്ങളുമില്ല. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിന്റെ നിയമനം തടഞ്ഞ ഗവർണ്ണർ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ്.
രാഷ്ട്രീയക്കാരന്റെ ഭാര്യയാണ് എന്നത് അയോഗ്യതയാകുന്നത് എങ്ങനെ എന്ന മറുചോദ്യമാണ് വിവാദ നിയമനം നേടിയവരൊക്കെ ഉന്നയിക്കുന്നത്. ഈ ഭാര്യമാരൊക്കെ പ്രസ്തുത തസ്തികയ്ക്കുള്ള അടിസ്ഥാന യോഗ്യതയുള്ളവർത്തന്നെയാണ്. പക്ഷേ, ഇവരേക്കാളൊക്കെ വളരെ ഉയർന്ന യോഗ്യതകളുള്ളവർ പുറത്താക്കപ്പെടുകയും ഇവർക്കു മാത്രം ജോലി ലഭിക്കുകയും ചെയ്യുന്നുവെന്നത് യാദൃശ്ചികവും. മേൽപ്പറഞ്ഞ നേതാക്കളുടെയെല്ലാം ഭാര്യമാരുടെ നിയമനങ്ങൾ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും പ്രിയാ വർഗീസിന്റെ നിയമനമാണ് ഇതിൽ ഏറെ ചർച്ചചെയ്യപ്പെട്ടത്. അതിന് കാരണം അദ്ധ്യാപന പരിചയക്കുറവിലെ പ്രശ്നങ്ങളാണ്. എന്നാൽ ഇതിനെ പ്രിയ വർഗീസ് ന്യായീകരിക്കുന്നുണ്ട്. ഇതിനിടെയാണ് എല്ലാ വിവാദങ്ങളും പരിശോധിക്കുമെന്ന് ഗവർണ്ണർ പറയുന്നത്.
കണ്ണൂർ വിസി പാർട്ടി കേഡറിനെപ്പോലെയാണ് പെരുമാറുന്നത്. വിസിയുടെ നടപടികൾ ലജ്ജാകരമാണ്. ഭരണകക്ഷി അംഗത്തെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത്. പദവിക്ക് യോജിച്ച രീതിയിലല്ല പ്രവർത്തനം. കണ്ണൂർ സർവകലാശാലയിലെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവർണർ വ്യക്തമാക്കി. ഇതിനൊപ്പം മറ്റ് വിവാദ നിയമനങ്ങളും ഗവർണ്ണർ വീണ്ടും പരിശോധിക്കും. ഇതിനുള്ള നടപടികളിലേക്ക് രാജ്ഭവൻ കടക്കുമെന്നാണ് സൂചന.
വ്യവസായമന്ത്രി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിൻ സർവകലാശാല ലീഗ് ഓഫ് തോട്ടിൽ ഡയറക്ടറായി നിയമിച്ചതും പിൻവാതിലിലൂടെയായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഹൈക്കോടതി ഈ നിയമനം സാധൂകരിച്ചതാണ്. അതുകൊണ്ട് തന്നെ ഈ നിയമനത്തിൽ പരിശോധനകൾക്ക് ഇനി സാധ്യതയില്ല. അ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ നേരത്തേ സീനിയോറിറ്റി മറികടന്ന് തൃശൂർ ശ്രീ കേരളവർമ കോളേജ് പ്രിൻസിപ്പാൾ ആയി നിയമിച്ചത് സ്വജനപക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ്. സിപിഎം ആക്ടിങ് സെക്രട്ടറിയുമായിരുന്ന എ വിജയരാഘവന്റെ ഭാര്യയാണ് ആർ ബിന്ദു.
രാജീവിന്റെ ഭാര്യയെ ഗവർണ്ണർക്ക് പുറത്താക്കാൻ കഴിയില്ല
കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ വാണി എ കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചിരുന്നു. 2009 ൽ സർവ്വകലാശാല അദ്ധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാർത്ഥിയായിരുന്ന ഡോ സോണിയ കെ ദാസ് സമർപ്പിച്ച അപ്പിലാണ് ജസ്റ്റീസുമാരായ എ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്. അതുകൊണ്ട് തന്നെ രാജീവിന്റെ ഭാര്യയുടെ നിയമനം ഗവർണ്ണർക്ക് പരിശോധിക്കാൻ കഴിയില്ല
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി രാജീവിന്റെ ഭാര്യയാണ് ഡോ വാണി എ കേസരി. കേരള സർവ്വകലാശാലയിൽ എൽഎൽഎം റാങ്ക് ജേതാവായ വാണി എംജി സർവ്വകലാശാല ലീഗൽ തോട്ടിൽ അദ്ധ്യാപികയായിരിക്കെയാണ് കുസാറ്റിൽ അദ്ധ്യാപികയായി നിയമിതയായത്. അദ്ധ്യാപന പരിചയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷൻ കമ്മറ്റി മാർക്ക് നൽകിയതെന്നും നിയമനലിസ്റ്റിൽ വാണി ഒന്നാം റാങ്ക് കാരിയായതെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് അപ്പീൽ തള്ളിയത്. ഏഴര വർഷത്തെ അദ്ധ്യാപന പരിചയവും മറ്റ് യോഗ്യതകളും ഉള്ളപ്പോൾ ഹർജിക്കാരിക്ക് മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന സർവ്വകലാശാലയുടെ വാദം കോടതി ശരിവച്ചു. യുജിസി മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമല്ല സെലക്ഷൻ കമ്മറ്റി രൂപീകരിച്ചതെന്ന വാദം നിലനിൽക്കില്ലന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. യുജിസി മാർഗ്ഗ നിർദ്ദേശങൾ പിൻതുടരാൻ തീരുമാനിച്ച സർക്കാർ ഉത്തരവിൽ നിയമനങ്ങൾ ബന്ധപ്പെട്ട സർവ്വകലാശാല നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നതായി കോടതി പറഞ്ഞു.
സെലക്ഷൻ കമ്മറ്റിയുടെ രൂപീകരണം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ആണ്. കമ്മറ്റിയുടെ രൂപീകരണം സർവ്വകലാശാല സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയിലെ വിദഗ്ദ്ധരുടെ നിയമനത്തെക്കുറിച്ച് ആർക്കും പരാതിയില്ല. വാണി 14 വർഷമായി കുസാറ്റിൽ സേവനം അനുഷ്ഠിച്ച് വരുകയാണന്നും കോടതി പറഞ്ഞു. സർവ്വകലാശാല നിയമപ്രകാരമാണ് നിയമന നടപടികൾ എന്ന അറിവോടെ നടപടിക്രമങ്ങളിൽ പങ്കെടുത്ത ഹർജിക്കാരിക്ക് പിന്നീട് നിയമന നടപടികൾ ചോദ്യം ചെയ്യാൻ അവകാശമില്ലന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലന്ന് ഡിവിഷൻ ബഞ്ച് വിശദീകരിച്ചിരുന്നു.
ബിജുവിന്റെ ഭാര്യയ്‌ക്കെതിരെ ഉയർന്നത് ഡാറ്റാ തട്ടിപ്പ് ആരോപണം
മുൻ എംപിയും സിപിഎം നേതാവുമായ പി കെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദത്തിലായിരുന്നു. 2020ലായിരുന്നു ഈ വിവാദം അഭിമുഖത്തിൽ പങ്കെടുത്ത ഉയർന്ന യോഗ്യതയുള്ളവരെ തഴഞ്ഞ് വിജി വിജയന് നിയമനം നൽകിയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്ക് പരാതി നൽകിയിരുന്നു. ബയോ കെമിസ്ട്രി വിഭാഗത്തിലേക്ക് നടന്ന നിയമനമാണ് വിവാദമായിരിക്കുന്നത്. ഉയർന്ന യോഗ്യതയും നിരവധി ഗവേഷണ പ്രബന്ധവുമുള്ള നൂറോളം ഉദ്യോഗാർത്ഥികളെ തഴഞ്ഞ് പി കെ ബിജുവിന്റെ ഭാര്യ വിജി വിജയന് രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ നിയമനം നൽകിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതി.
എന്നാൽ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച വിജി വിജയന് നിയമനം നൽകിയതിൽ തെറ്റില്ലെന്ന് കേരള സർവ്വകലാശാല വി സി വിശദീകരിച്ചിരുന്നു അന്ന്. എട്ട് വർഷം മുമ്പ് എംപി യായിരിക്കെ തന്നെ സർവ്വകലാശാലയിൽ നടന്ന അദ്ധ്യാപക നിയമനത്തിൽ ഭാര്യയ്ക്ക് നിയമനം നൽകിയില്ലെന്ന് കാണിച്ച് ബിജുവും രംഗത്തു വന്നിരുന്നു. ഇതിനൊപ്പം ഉത്തരക്കടലാസ് മൂല്യ നിർണയത്തിൽ വീഴ്‌ച്ച വരുത്തിയതിന് സർവ്വകലാശാല പിഴ ചുമത്തിയ അദ്ധ്യാപികയക്ക് നിയമ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയതും കേരള സർവ്വകലാശാലയിൽ അന്ന് വിവാദമായിരുന്നു.
പി.കെ.ബിജുവിന്റെ ഭാര്യ അസി.പ്രഫസർ നിയമനത്തിനു കേരള സർവകലാശാലയിൽ സമർപ്പിച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഡേറ്റാ തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നതിനെത്തുടർന്നു തനിക്ക് പറ്റിയ വീഴ്ച മാപ്പാക്കണമെന്നു വ്യക്തമാക്കി ബ്രിട്ടിഷ് ജേണൽ ഓഫ് ഫാർമക്കോളജി പ്രസാധകർക്ക് അവർ തിരുത്തൽരേഖകൾ സമർപ്പിച്ചതായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച രേഖകൾ കമ്മിറ്റി പുറത്തുവിടുകയും ചെയ്തു. ഗവേഷണ മേൽനോട്ടം വഹിച്ച പ്രഫസറും നിയമനം നേടിയ അസി.പ്രഫസറും ആരോപണം ഉയർന്ന ശേഷമാണ് വീഴ്ച ചൂണ്ടിക്കാട്ടി പ്രസാധകരോട് ക്ഷമാപണം നടത്തിയതെന്നു വ്യക്തമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
ഡേറ്റ തട്ടിപ്പ് നടന്നതായി തെളിഞ്ഞ സാഹചര്യത്തിൽ അസി. പ്രഫസർ നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സർവകലാശാലയിൽ സമർപ്പിച്ച എല്ലാ ഗവേഷണരേഖകളും ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നു കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ വിവാദം കത്തുമ്പോൾ ബിജുവിന്റെ ഭാര്യയ്ക്കു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കേരള സർവകലാശാലാ സിൻഡിക്കറ്റ് യോഗം അനുമതി നൽകിയിരുന്നു. ബയോകെമിസ്ട്രി അസി.പ്രഫസർ ആയുള്ള തന്റെ നിയമനവും ഗവേഷണ പ്രബന്ധങ്ങളും സംബന്ധിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തി, രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുകയും ചെയ്യുന്ന കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് വൈസ് ചാൻസലർക്കു നൽകിയ അപേക്ഷയിലായിരുന്നു സിൻഡിക്കറ്റിന്റെ തീരുമാനം.
ബിജുവിന്റെ ഭാര്യ ഡേറ്റാ തട്ടിപ്പ് നടത്തിയതായും അങ്ങനെയുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങൾകൂടി കണക്കിലെടുത്താണ് അവർക്കു ബയോകെമിസ്ട്രി വിഭാഗത്തിൽ അസി. പ്രഫസർ നിയമനം ലഭിച്ചതെന്നും ആരോപിച്ചു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും വിസിക്കും പരാതി നൽകിയിരുന്നു. നൂറ്റിഇരുപതോളം അപേക്ഷകരിൽ ഉയർന്ന യോഗ്യതയും ഗവേഷണ പ്രസിദ്ധീകരണങ്ങളും അധ്യയന പരിചയമുള്ള ഒട്ടേറെ പേരെ ഒഴിവാക്കിയാണ് ഒന്നാം റാങ്ക് നൽകിയതെന്നും കമ്മിറ്റി ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നായിരുന്നു ബിജുവും ഭാര്യയും പറഞ്ഞിരുന്നത്.
കാലടിയിൽ നിയമനം നേടി എബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി
തന്റെ ഭാര്യ നിനിത കണിച്ചേരിക്ക് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചതിനെച്ചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ മറുപടിയുമായി സിപിഎം നേതാവ് എംബി രാജേഷ് എത്തിയിരുന്നു. നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന വിഷയവിദഗ്ധരായ മൂന്നുപേർ ഉപജാപം നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
വിഷയവിദഗ്ധരായ മൂന്നു പേരുടെ വ്യക്തിപരമായ താൽപ്പര്യത്തിൽനിന്നുണ്ടായ പ്രശ്‌നമാണിത്. മൂന്നുപേരിൽ ഒരാളുടെ താൽപ്പര്യ പ്രകാരം, ഒപ്പം ജോലി ചെയ്യുന്ന ആൾക്ക് നിയമനം നൽകാനുള്ള ശ്രമമാണ് നടത്തിയത്. വിഷയവിദഗ്ധരായ മൂന്നു പേർക്കും ഈ ഉദ്യോഗാർഥിയുമായി ബന്ധമുണ്ടായിരുന്നു. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മൂന്നു പേരുടെ വ്യക്തിതാൽപ്പര്യം സംരക്ഷിക്കാൻ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത ഇന്റർവ്യൂവിൽ പങ്കെടുക്കാതിരിക്കാൻ ശ്രമം നടന്നു. നിനിതയുടെ പിഎച്ച്ഡി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചു. അത് തെറ്റാണെന്ന് വ്യക്തമായിരുന്നു. പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന് ആക്ഷേപമുണ്ടായി. അതും തെറ്റാണെന്ന് തെളിഞ്ഞു. ഇന്റർവ്യൂവിലും ഇത്തരം ശ്രമം നടന്നുവെന്നും ആരോപിച്ചിരുന്നു.
എല്ലാം വിജയിക്കാതെ വന്നപ്പോൾ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് മൂന്നാമതൊരാൾ മുഖേന നിനിതയ്ക്ക് എത്തിച്ചു നൽകി. പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇന്റർവ്യൂ ബോർഡിലെ മൂന്നു പേരെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിറ്റേദിവസം തന്നെ നിനിത സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി നൽകിയിരുന്നു.നിനിത ജോയിൻ ചെയ്താൽ കത്ത് പുറത്തുവിടും എന്നായിരുന്നു ഭീഷണി. മൂന്നാം തീയതി ജോയിൻ ചെയ്തതിനു ശേഷം ഇവർ പരസ്യ പ്രതികരണം നടത്തുകയും തുടർന്ന് കത്ത് പുറത്തുവിടുകയുമായിരുന്നു. സമ്മർദത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നു തീരുമാനിച്ചതുകൊണ്ടാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചത്. ഇന്റർവ്യൂവിൽ കൂടിയാലോചിച്ച് ഒരാൾക്ക് നിയമനം നൽകാൻ തീരുമാനിച്ചുവെന്നാണ് വിഷയവിദഗ്ദ്ധർ വൈസ് ചാൻസലർക്ക് അയച്ച കത്തിൽ പറയുന്നത്. അതു ക്രമവിരുദ്ധമാണെന്നും രാജേഷ് ആരോപിച്ചിരുന്നു.
മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിനിതയെ നിയമിച്ചതിനെതിരെ നിയമന റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയ ഡോ. വി ഹിക്മത്തുള്ള ചാൻസലറായ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. യോഗ്യതയുള്ള തന്നെ മറികടന്നാണ് നിനിതയ്്ക്കു മുസ്ലിം വിഭാഗത്തിൽ നിയമനം നൽകിയിരിക്കുന്നതെന്നാണ് ഹിക്മത്തുള്ളയുടെ പരാതി. നിയനമനം റദ്ദാക്കി പുതിയ അഭിമുഖം നടത്തണമെന്നും ഹിക്മത്തുള്ള പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ചൂണ്ടിക്കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറവും ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഗവർണറുടെ പ്രതിനിധി ഉൾപ്പെടെയുള്ള ഏഴംഗ സെലക്ഷൻ കമ്മിറ്റിയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് ഇന്റർവ്യൂ നടത്തിയത്. വൈസ് ചാൻസലാണ് സമിതി ചെയർമാൻ. നിയമനത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ബോർഡിലെ ഭാഷാ വിദഗ്ധരായ ഡോ.ടി. പവിത്രൻ, ഡോ. ഉമർ തറമ്മേൽ, ഡോ.കെ.എം. ഭരതൻ എന്നിവർ വൈസ് ചാൻസിലർക്ക് കത്ത് നൽകിയതോടെയാണു സംഭവം വിവാദമായത്. റാങ്ക് പട്ടികയിൽ നിനിത ആയിരുന്നില്ല മുന്നിലെന്നായിരുന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയത്. കത്ത് പുറത്തുവന്നിരുന്നു.
തങ്ങൾ തയാറാക്കിയ നൽകിയ ലിസ്റ്റിൽ നിർദ്ദേശിച്ച ഉദ്യോഗാർത്ഥി നിനിത കണിച്ചേരിയല്ലെന്ന് ഡോ. ഉമർ തറമേൽ ഫെയ്സ് ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്ത് പോയ അനുഭവം ഇതാദ്യമായിട്ടാണെന്നും ഇനി സബ്ജക്ട് എക്സ്പർട്ടായി നിയമനപ്രക്രിയകളിൽ പങ്കെടുക്കില്ലെന്നുമാണ് കാലിക്കറ്റ് സർവകലാശാലാ മലയാള- കേരളപഠനവകുപ്പ് പ്രൊഫസറായ ഡോ. ഉമർ തറമേൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത്.
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി പിഎസ്‌സി നേരത്തെ നടത്തിയ എഴുത്തുപരീക്ഷയിൽ 212-ാം റാങ്കാണ് നിനിത കണിച്ചേരിക്കുള്ളത്. എന്നാൽ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നാണു നിനിതയുടെ പ്രതികരണം. ഏഴു കൊല്ലം മുൻപ് വന്ന റാങ്ക് ലിസ്റ്റാണിതെന്നും കാലടി സർവകലാശാലയിലെ അഭിമുഖത്തിൽ തനിക്കു താഴെവന്നവരുടെ പേര് ഈ റാങ്ക് ലിസ്റ്റിൽ എവിടെയെങ്കിലും ഉണ്ടോയെന്ന് കാണിക്കണമെന്നും നിനിത ചോദിച്ചിരുന്നു.
പിന്നീട് യുജിസി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും സുതാര്യമായുമാണ് നിനിതയുടെ നിയമനമെന്ന് കാലടി സർവകലാശാല വ്യക്തമാക്കിയിരുന്നു. യുജിസി മാനദണ്ഡവും സിൻഡിക്കേറ്റ് തീരുമാനവുമനുസരിച്ച് ഇൻഡക്സ് മാർക്ക് 60 ലഭിച്ച അഞ്ചുപേരെ അഭിമുഖത്തിന് വിളിച്ചു. വൈസ് ചാൻസലർ ചെയർമാനായ ഏഴംഗ ബോർഡാണ് ഇന്റർവ്യൂ നടത്തിയത്. മൂന്നു ഭാഷാവിദഗ്ധരെ കൂടാതെ ഗവർണറുടെ നോമിനിയായ ഭാഷാവിദഗ്ധൻ, ഫാക്കൽറ്റി ഡീൻ, വകുപ്പുതലവൻ എന്നിവരാണ് സെമിതിയിലുണ്ടായിരുന്നത്.
വിസി ചെയർമാൻ എന്നനിലയിൽ ഒരു ഉദ്യോഗാർഥിക്കും മാർക്ക് ഇട്ടില്ല. ബാക്കി ആറുപേർ ഓരോരുത്തരുടെയും മാർക്ക് സ്വന്തം കൈപ്പടയിൽ എഴുതിത്ത്ത്ത്തന്നു. ഇതിൽനിന്ന് കൂടുതൽ മാർക്ക് ലഭിച്ച മൂന്നുപേരുടെ റാങ്ക്പട്ടിക തയാറാക്കുകയും ആദ്യറാങ്കുകാരിയെ നിയമിക്കുകയുമായിരുന്നുവെന്ന് സർവകലാശാല വ്യക്തമാക്കിയിരുന്നു.
പ്രിയാ വർഗ്ഗീസിന്റെ നിയമനം അനിശ്ചിതത്വത്തിൽ
തൃശ്ശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായിരുന്ന പ്രിയ വർഗീസ് കണ്ണൂർ യൂണിവേഴ്‌സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചട്ടം മറികടന്നാണ് എന്നതാണ് ഉയർന്നുവന്ന ആരോപണം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അദ്ധ്യാപന പരിചയം അവർക്ക് ഇല്ല എന്നതാണ് പരാതി. ഇതിനൊപ്പം റിസർച്ച് സ്‌കോറും ഇല്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഭരണകക്ഷിയുടെ പ്രമുഖ നേതാവ് എന്നീ നിലകളിൽ കെ.കെ. രാഗേഷിനുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചട്ടങ്ങളെ അട്ടിമറിച്ചാണ് പ്രിയ വർഗീസിന്റെ നിയമനമെന്നും യൂണിവേഴ്‌സിറ്റി വി സി ഗോപിനാഥ് രവീന്ദ്രൻ അതിന് ഒത്താശ ചെയ്‌തെന്നുമാണ് ആരോപണം. ഗോപിനാഥ് രവീന്ദ്രന് വി സി ആയി പുനർ നിയമനം നൽകിയതിനുള്ള പ്രത്യുപകാരമാണ് ഇതെന്നും പരാതി ഉയർന്നു. ഇത് പരിഗണിച്ചാണ് ഗവർണ്ണർ നിയമന നടപടികൾ റദ്ദാക്കിയത്.
എട്ടുവർഷം അദ്ധ്യാപന പരിചയമാണ് റഗുലേഷൻ പ്രകാരം ആവശ്യം. എയ്ഡഡ് കോളേജിൽ ജോലിയിൽ പ്രവേശിച്ച ശേഷം പ്രിയ വർഗീസ് എഫ്.ഡി.പി (ഫാക്കൽറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം) പ്രകാരം ഡെപ്യൂട്ടേഷനിൽ മൂന്നു വർഷത്തെ പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് ഡീൻ (ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ്) ആയി രണ്ട് വർഷം ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത കാലയളവും ചേർത്താണ് അദ്ധ്യാപനപരിചയം കാണിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് യൂണിവേഴ്‌സിറ്റി അവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഇന്റർവ്യൂവിന് വിളിക്കുകയും ചെയ്തത്. 2021 നവംബർ 18-ന് നടന്ന ഇന്റർവ്യൂവിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചു. തുടർന്ന് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ജൂൺ 27-ന് ചേർന്ന സിൻഡിക്കേറ്റ് അംഗീകരിക്കുകയും ചെയ്തു
ഗവേഷണ കാലവും സ്റ്റുഡന്റ്സ് ഡീൻ ആയി പ്രവർത്തിച്ച കാലവും അടക്കം അഞ്ചു വർഷത്തോളമുള്ള കാലം അദ്ധ്യാപന കാലമായി പരിഗണിക്കുന്നത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ എന്ന സംഘടന രംഗത്തുവന്നതോടെയാണ് വിഷയം ആദ്യം വിവാദമാകുന്നത്. അതുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലനിൽക്കെ മറ്റൊരു വിവരംകൂടി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറ് ഉദ്യോഗാർഥികളുടെ റിസർച്ച് സ്‌കോറിന്റെ വിശദാംശങ്ങളായിരുന്നു അത്. ഇതുപ്രകാരം ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറുപേരിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോർ നേടിയ ആൾ പ്രിയ വർഗീസ് ആണ്.
എട്ടുവർഷത്തെ അദ്ധ്യാപനപരിചയം എന്ന മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്നതാണ് ആദ്യത്തെ ആരോപണം. രണ്ടു ഘട്ടമായി അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി കൂടി ചേർത്താണ് തന്റെ എട്ടുവർഷത്തെ അദ്ധ്യാപന പരിചയം എന്ന് പ്രിയ വർഗീസ് തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും അത് ചട്ടവിരുദ്ധമല്ലെന്നും അവർ പറയുന്നു. എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഒരു സർക്കാർ ഉത്തരവ് ചൂണ്ടിക്കാട്ടി പി.എച്ച്.ഡി കാലയളവിനെ അദ്ധ്യാപനപരിചമായി കണക്കാക്കാമെന്ന വാദമാണ് ഉയർത്തുന്നത്. ഇക്കാര്യത്തിൽ തനിക്ക് അനുകൂലമായി നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
പി.എച്ച്.ഡി കാലയളവ് അദ്ധ്യാപനപരിചയമായി കാണിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നു യുജിസി 2018 റഗുലേഷനിലെ ഭാഗം. ക്ലോസ് 3.11 - എന്നാൽ, അസോസിയേറ്റ് പ്രൊഫസർ നേരിട്ടുള്ള നിയമനത്തിന് അദ്ധ്യാപനപരിചയം പരിഗണിക്കുമ്പോൾ എം.ഫിൽ, പിഎച്ച്.ഡി ഉൾപ്പെടെയുള്ള പഠനാവധികൾ ഒന്നും ഉൾപ്പെടുത്താൻ പാടില്ലെന്നാണ് യുജിസി 2018 റഗുലേഷനിൽ പറയുന്നത് (ക്ലോസ് 3.11). എഫ്.ഡി.പി കാലയളവിനെ ഡെപ്യൂട്ടേഷനായി പരിഗണിക്കാം എന്ന ഉത്തരവ് പ്രമോഷൻ അടക്കമുള്ളവയ്ക്ക് സർവീസ് കണക്കാക്കുന്നതിനാണ് പരിഗണിക്കുക. ഈ ഉത്തരവ് ഉപയോഗിച്ച് ഗവേഷണ വിദ്യാർത്ഥിയായിരുന്ന കാലയളവിനെ അദ്ധ്യാപനകാലമായി അവതരിപ്പിക്കാനാവില്ലെന്നുമാണ് എതിർവാദം.
കൂടാതെ, സ്റ്റുഡന്റ്‌സ് ഡീൻ എന്ന അക്കാദമിക ഇതര തസ്തികയിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്ത രണ്ടുവർഷവും യുജിസി റഗുലേഷൻ അനുസരിച്ച് അദ്ധ്യാപന കാലമായി പരിഗണിക്കാനാവില്ല. 2018 റഗുലേഷനിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എട്ടു കൊല്ലത്തെ അദ്ധ്യാപന പരിചയം പ്രിയാ വർഗ്ഗീസിന് ഇല്ലെന്നതാണ് വാദാം. ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപനപരിചയമായി പരിഗണിക്കരുതെന്ന് വ്യക്തമാക്കുന്ന ഭാഗം. അപ്പൻഡിക്‌സ്-2, പട്ടിക- ഒന്ന്-ലഭിച്ചു എന്നവകാശപ്പെടുന്ന നിയമോപദേശം കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സ്റ്റാൻഡിങ് കോൺസിലിന്റേതാണ്. ഇതും രാഷ്ട്രീയ നിയമനം നൽകുന്നതിനുള്ള ഉപകാരമാണെന്ന വാദവും ചർച്ചയാണ്.
മറുനാടന് മലയാളി ബ്യൂറോ