മസ്‌ക്കറ്റ്: വൃത്തിഹീനമായ പരിസരത്ത്  പാകം ചെയ്ത് വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്തു വന്നിരുന്ന വിദേശ തൊഴിലാളിയെ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി അധികൃതർ പിടികൂടി. അൽ അമിറാത്തിലെ താമസസ്ഥലത്ത് വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുകയായിരുന്നു ഇയാൾ.

ഭക്ഷണം പാകം ചെയ്തു വില്ക്കാൻ ഇയാൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും തീരെ വൃത്തികേടായ സാഹചര്യത്തിലാണ് ഇയാൾ ഇതു ചെയ്തു വനനിരുന്നുവെന്നും മുനിസിപ്പാലിറ്റി അധികൃതർ വെളിപ്പെടുത്തുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതും പാചകം നടത്തിയിരുന്നതും. ഇവിടെ ഉണ്ടാക്കിയിരുന്ന ഭക്ഷണം വിവിധ കമ്പനികളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്തുവരുകയായിരുന്നെന്നും നഗരസഭാധികൃതർ അറിയിച്ചു. അനധികൃത ഭക്ഷണവിതരണക്കാർക്കെതിരായ നടപടി കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

അടുത്ത കാലത്ത് പബ്ലിക് അതോറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷനും റോയൽ ഒമാൻ പൊലീസും സംയുക്തമായി സലാലയിൽ നടത്തിയ റെയ്ഡിൽ  അനധികൃതമായി ബേക്കറി നടത്തിവന്നിരുന്ന വിദേശ തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. പ്രാണികൾ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇവിടെ ബേക്കറി ഉൽപന്നങ്ങൾ നിർമ്മിച്ചിരുന്നത്. കാലാവധി കഴിഞ്ഞ പൊടിയടക്കം വസ്തുക്കൾ ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഫ്രിഡ്ജിൽ കാലാവധി കഴിഞ്ഞ ചിക്കനും കണ്ടത്തെി. പിടിയിലായ തൊഴിലാളികളെ ചോദ്യംചെയ്തപ്പോൾ ഒരുമാസത്തോളമായി അനധികൃതമായി സാധനങ്ങൾ ഉണ്ടാക്കി വിൽപനനടത്തുന്നുണ്ടെന്ന് ഇവർ സമ്മതിച്ചു. ഇത്തരത്തിൽ കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ അറിയിച്ചു.