ന്യൂഡൽഹി: അൺലോക്ക് നാലിന്റെ ഭാഗമായി രാജ്യത്ത് സ്‌കൂളുകളും തുറക്കുന്നു. നിയന്ത്രണങ്ങളോടെയായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. ഇളവുകളുടെ ഭാഗമായി ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അദ്ധ്യാപകരിൽ നിന്ന് മാർഗനിർദ്ദേശം തേടും. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാർഗനിർദ്ദേശം പുറത്തിറക്കി. ഈ മാസം 21 മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനാണ് അനുമതി.

സ്‌കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരുടെ അഭിപ്രായം കൂടി പരിഗണിച്ച് കുട്ടികൾക്ക് സ്വമേധയാ തീരുമാനം എടുക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

സ്‌കൂളുകളിൽ വിദ്യാർത്ഥികളെ അനുവദിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. മുഖാവരണം, ശാരീരിക അകലം പാലിക്കൽ, സാനിറ്റൈസർ തുടങ്ങിയവയെല്ലാം പാലിക്കണം. വിദ്യാർത്ഥികൾക്കിടയിൽ ആറടി ദൂരം നിലനിർത്തുക, ശ്വസന മര്യാദകൾ പാലിക്കുക, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കുക എന്നിവ ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഓൺലൈൻ, വിദൂര പഠനം തുടർന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാർഗനിർദ്ദേശങ്ങളിൽ പരാമർശിച്ചിരിക്കുന്നു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കോവിഡ് രോഗ പ്രതിരോധ മാർഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്‌കൂളുകളിലെ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ഈ മാർഗനിർദ്ദേശങ്ങൾ എല്ലാ സമയവും പാലിക്കേണ്ടതാണെന്നും കേന്ദ്രം അറിയിപ്പിൽ വ്യക്തമാക്കുന്നു.