തിരുവനന്തപുരം:കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) ഈ ആഴ്ച 10 ശതമാനത്തിൽ താഴെയായാൽ ലോക്ഡൗണിൽ ഇളവുകൾ നൽകും. ഈ ആഴ്ച ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് സൂചന. ജനജീവിതം കൂടുതൽ സജീവമാക്കാനാണ് ഇടപെടൽ. രാജ്യത്തും കോവിഡ് കേസുകൾ കുറയുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ ടിപിആർ രാജ്യത്തുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതുകൊണ്ട് കൂടിയാണ് ടിപിആർ പത്ത് ശതമാനത്തിൽ കുറയും വരെ നിയന്ത്രണങ്ങൾ തുടരുന്നത്. ലോക്ഡൗൺ തുടരുന്നതിനാൽ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും വരുമാനമില്ലായ്മയും സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

നിലവിൽ 16 വരെയാണ് ലോക്ഡൗൺ. അതു കഴിഞ്ഞാൽ ഓട്ടോറിക്ഷ, ടാക്‌സി സർവീസുകൾ അനുവദിച്ചേക്കും. വർക്ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിക്കും. നിർമ്മാണ മേഖല ഉൾപ്പെടെ ലോക്ഡൗണിൽനിന്ന് ഇളവു ചെയ്യുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. ഡോക്ടർമാരുടെ സംഘടനകൾ ടിപിആർ 5 ശതമാനത്തിൽ എത്തുന്നതുവരെ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ ഇതിന് സർക്കാർ കാത്തു നിൽക്കില്ല. ടിപിആർ പത്തിൽ താഴെ ആയാൽ ഇളവുകൾ അനുവദിക്കും. വാക്‌സിനേഷനും ശക്തിപ്പെടുത്തും.

ഒന്നാം തരംഗത്തിൽ ഒരാളിൽനിന്നു പരമാവധി 3 പേരിലേക്കു വൈറസ് വ്യാപിച്ചിരുന്നെങ്കിൽ ഇപ്പോൾ പടരുന്ന ഡെൽറ്റ വൈറസ് 5 മുതൽ 10 പേരിലേക്കാണു പകരുന്നത്. ഇപ്പോൾ ഇത് അഞ്ചിൽ താഴെ ആളുകളിലേക്കു കുറഞ്ഞു. ജൂലൈ ആദ്യവാരത്തോടെ ഇതു പരമാവധി 3 പേരിലേക്കു പടരുന്ന സ്ഥിതിയിൽ എത്തുമെന്നാണ് പ്രതീക്ഷ. സമ്പൂർണ ലോക്ഡൗൺ ഇന്നുകൂടി തുടരും. സമ്പൂർണ ലോക്ഡൗണിന്റെ ആദ്യദിനം നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5346 പേർക്കെതിരെ കേസെടുത്തു. 2003 പേർ അറസ്റ്റിലായി. 3645 വാഹനങ്ങൾ പിടിച്ചെടുത്തു. അവശ്യ മേഖലകളിലും ആരോഗ്യരംഗത്തും പ്രവർത്തിക്കുന്നവർക്കു മാത്രമായിരുന്നു ഇളവ്.

ഹോട്ടലുകളിൽ ഇന്നും പാഴ്‌സൽ നേരിട്ടു വാങ്ങാനാകില്ല; ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവയും ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളു ഷാപ്പുകളും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമില്ല. നാളെ മുതൽ 16 വരെ പതിവു നിയന്ത്രണങ്ങൾ തുടരും.

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി കിട്ടി. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരുന്നു. കേന്ദ്രം അനുവദിച്ച വാക്സിൻ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്.

ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 9,35,530 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണെന്നും മന്ത്രി വ്യക്തമാക്കി.