ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചതോടെ ഗർഭഛിദ്രം ആവശ്യപ്പെട്ട് 23 ആഴ്ച ഗർഭിണിയായ അവിവാഹിത സുപ്രിംകോടതിയെ സമീപിച്ചു. രാജ്യത്തെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട നിയമ പ്രകാരം 20 ആഴ്ചയിൽ കൂടുതൽ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാൻ അനുവദിക്കരുതെന്ന നിയമത്തെ ചോദ്യംചെയ്താണ് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചയിലൂടെ സംഭവിച്ച ഗർഭത്തിൽനിന്നു മോചനം തേടി 25 കാരിയായ യുവതി പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗർഭം 24 ആഴ്ചയിലേക്കു എത്താറായ സാഹചര്യത്തിൽ കേസ് അതിവേഗം അനുഭാവപൂർവം പരിഗണിക്കണമെന്ന് യുവതിക്കായി ഹാജരായ അഭിഭാഷക കോടതിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ് കേസ് എത്തിയത്. അവിവാഹിതയായ താൻ അമ്മയായാൽ സമൂഹത്തിൽ അപമാനിക്കപ്പെടുമെന്നും അത് മാനസികമായി തന്നെ തകർക്കുമെന്നും അമ്മയാവാൻ മാനസികമായി തയാറായിട്ടില്ലെന്നുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു യുവതി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ 2003ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി റൂളിലെ 3 ബി അവിവാഹിതയായ സ്ത്രീയെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു കോടതി യുവതിയുടെ അപ്പീൽ 15ാം തിയ്യതി തള്ളിയത്. 2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി (ഭേദഗതി) റൂളിലും യുവതിക്കു അനുകൂലമായ വിധി കിട്ടില്ല.

ഈ ഭേദഗതി പ്രകാരം ബലാത്സഗത്തിലൂടെ ഗർഭിണിയായവർ, പ്രായപൂർത്തിയാവാത്തവർ, വിധവയാവുകയോ, വിവാഹമോചനം നേടുകയോ ചെയതവർ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ, ഭ്രൂണത്തിന് ഗുരുതരമായ നാശം സംഭവിച്ചവർ എന്നിവരെ മാത്രമാണ് ഒഴിവാക്കാൻ സാധിക്കുകയെന്നതും ഡൽഹി ഹൈക്കോടതി കേസിന്റെ വേളയിൽ പരിഗണിച്ചിരുന്നു. പരമോന്നത കോടതി കേസിൽ എന്തു വിധിപറയുമെന്നാണ് ഇനി അറിയേണ്ടത്. യുവതിക്ക് അനുകൂലമായി വിധിയുണ്ടായാൽ അത് രാജ്യത്തെ വിധിന്യായങ്ങളിലെ സമ്പൂർണ മാറ്റമായാവും വിലയിരുത്തപ്പെടുക.