പത്തിരിപ്പാല: സുഹൃത്തുക്കൾക്കപ്പം പുതുവത്സരത്തിന്റെ സന്തോഷം പങ്കിട്ട ശേഷം വീട്ടിലേക്ക് മടങ്ങിയ ഉന്മേഷിനെ വിധി തട്ടി എടുത്തത് കാറപകടത്തിന്റെ രൂപത്തിൽ. പുതുവർഷം കൈയെത്തും ദൂരത്തെത്തിനിൽക്കേ കേക്ക് മുറിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വിധി ഈ യുവാവിനെ മരണത്തിലേക്ക് തട്ടിയെടുത്ത് ആഘോഷങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തിയത്.

തേനൂരിൽ സംസ്ഥാനപാതയിൽ ഞായറാഴ്ച രാത്രിയിലാണ് നാടിനെ ഞെട്ടിച്ച കാറപകടമുണ്ടായത്. അപകടത്തിൽ തകർന്നു പോയ കാറിൽ നിന്നും ഒരു മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഉന്മേഷിനെ പുറത്തെടുത്തത്. തലച്ചോറുകൾ ചിതറിയ നിലയിലായിരുന്നു.

പാലക്കാട്ടുനിന്ന് പത്തിരിപാലയ്ക്കുസമീപം നഗരിപ്പുറത്തുള്ള വീട്ടിലേക്ക് കാറോടിച്ച് വരുമ്പോഴായിരുന്നു ഉന്മേഷ് അപകടത്തിൽപ്പെടുന്നത്. നഗരിപ്പുറം ഉദയംനിവാസിൽ ഉമേഷ്‌കുമാർ (30) പരേതനായ ഉണ്ണിക്കൃഷ്ണന്റെയും ഉമയുടെയും രണ്ട് ആൺമക്കളിൽ ഇളയവനാണ്.

മലപ്പുറത്ത് കൂരിയാട്ട് നടന്ന മുജാഹിദീൻ സംസ്ഥാനസമ്മേളനത്തിനുപോയി മടങ്ങുകയായിരുന്ന രണ്ട് ബസുകളാണ് ഉന്മേഷിന്റെ മരണത്തിലേക്ക് വഴിവെച്ചത്. തേനൂർ പോസ്റ്റോഫീസ് ബസ്സ്റ്റോപ്പിനടുത്തുവെച്ച് ആദ്യത്തെ ബസുമായി ഉരഞ്ഞ ഉന്മേഷിന്റെ കാർ പിറകിൽ വരികയായിരുന്ന രണ്ടാമത്തെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ശക്തിയിൽ നിയന്ത്രണംവിട്ട ബസ് ഇരുപതടിയോളം താഴ്ചയുള്ള പാടത്തേക്ക് വീണു. ബസ് മറിയാതെ ടയറിൽത്തന്നെ നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ബസ് യാത്രക്കാരായ 12 പേർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. എടത്തറ അഞ്ചാംമൈൽ സ്വദേശികളായ അബ്ദുൽമജീദ്, ഷംസുദ്ദീൻ, ഷംസീർ, സുലൈമാൻ, അയൂബ്, ആമിന, സൽമത്തു, ഐഷ, മുജീബ്, റസാഖ്, റഫീഖ്, സർഫുദ്ദീൻ എന്നിവർക്കാണ് പരിക്ക്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണിവർ.

അതേസമയം ഉന്മേഷിന്റെ കാർ വട്ടംകറങ്ങി എതിർദിശയിലേക്ക് തിരിഞ്ഞു. കാറിന്റെ മുൻഭാഗം ഉൾെപ്പടെ വേർപെട്ട നിലയിലായി. ടയറുകൾ ഊരിത്തെറിച്ചു. മങ്കരപൊലീസും പാലക്കാട്ടുനിന്ന് അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഒരുമണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിലാണ് കാർ വെട്ടിപ്പൊളിച്ച് യുവാവിനെ പുറത്തെടുത്തത്. തലച്ചോർ ചിതറിയ നിലയിലായിരുന്നെന്ന് മങ്കര എസ്.ഐ. എൻ.കെ. പ്രകാശ്, അഡിഷണൽ എസ്.ഐ. കെ.എസ്. മണികണ്ഠൻ എന്നിവർ പറഞ്ഞു.

രണ്ടുവർഷംമുമ്പ് വിവാഹം നിശ്ചയിച്ച വേളയിലും ഉന്മേഷിന് വാഹനാപകടം ഉണ്ടായിട്ടുണ്ട്. അന്ന് ബൈക്കപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ് കിടപ്പിലായതോടെ ഉമേഷിന് വിവാഹം മാറ്റിവെക്കേണ്ടിവന്നു. പിന്നീട് ചികിത്സകഴിഞ്ഞ് സുഖംപ്രാപിച്ചാണ് വിവാഹം നടന്നത്. ഇത്തവണ പുതു വർഷത്തെ വരവേൽക്കാൻപോലും സമ്മതിക്കാതെ മരണത്തിലേക്ക് തള്ളിവിട്ടതോടെ അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരനും പ്രിയപ്പെട്ട ഉമേഷ് ഓർമയായി.

പാലക്കാട്ടേക്കുപോയ യുവാവ് രാത്രി വൈകിയിട്ടും കാണാഞ്ഞ് വീട്ടുകാർ ഫോണിൽ വിളിച്ചപ്പോഴൊക്കെ ഇപ്പോഴെത്താം എന്ന മറുപടി കിട്ടിയത്രേ. താൻ വിളിച്ചപ്പോൾ തേനുർ അത്താഴമ്പറ്റ ക്ഷേത്രത്തിനുസമീപം എത്തിയെന്ന് ഉമേഷ് പറഞ്ഞതായി സുഹൃത്ത് പ്രഭാകരൻ പറഞ്ഞു. വീണ്ടും കാണാഞ്ഞ് വിളിച്ചപ്പോൾ ഫോൺ കിട്ടാതായി. അപ്പോഴേക്കും അപകടം സംഭവിച്ചുകഴിഞ്ഞിരുന്നു.

ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: രഞ്ജിത. സഹോദരൻ: ഉദിത്ത് (സൗദി)