ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിലെ കൊലപാതകത്തിന് കാരണം പ്രേമം നിരസിച്ചതിനെ തുടർന്നെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനപ്രതി വിനയും പ്രായപൂർത്തിയാകാത്ത കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്.

വെള്ളത്തിൽ കീടനാശിനി നൽകിയായിരുന്നു കൊലപാതകമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പൊലീസ് വ്യക്തമാക്കിയിരുന്നു.

കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടുന്നില്ലെന്നും ലക്നൗ ഡിജിപി പറഞ്ഞു.

കന്നുകാലികൾക്ക് പുല്ല് പറിക്കാൻ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള പെൺകുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇതിൽ രണ്ട് പെൺകുട്ടികൾ മരിച്ചു.

മൂന്നാമത്തെ പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, വെന്റിലേറ്റർ സപ്പോർട്ട് പതുക്കെ കുറച്ച് പെൺകുട്ടിയുടെ ശ്വാസഗതി സാധാരണ ഗതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കാൺപൂരിലെ സർക്കാർ ആശുപത്രിയിലെ വിദഗ്ധസംഘത്തിലെ ഡോക്ടർമാർ പറഞ്ഞു.