- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടിവെള്ളത്തിൽ കീടനാശിനി കലർത്തി നൽകി'; ഉന്നാവിൽ ദളിത് പെൺകുട്ടികളുടെ കൊലപാതകത്തിൽ അറസ്റ്റിലായ യുവാവ്; കൊലപ്പെടുത്താൻ ലക്ഷമിട്ടത് ചികിത്സയിലുള്ള പെൺകുട്ടിയെ; സഹോദരിമാർ മരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രതിയുടെ കുറ്റസമ്മതം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ദളിത് പെൺകുട്ടികൾ വിഷം ഉള്ളിൽചെന്ന് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി അറസ്റ്റിലായ യുവാവ്. പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിക്ക് വിഷം കലർത്തിയ വെള്ളം കൊടുത്തുവെന്നാണ് അറസ്റ്റിലായ വിനയ് എന്ന ലംബു പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ഈ വെള്ളം കുടിച്ച് പെൺകുട്ടിയുടെ സഹോദരിമാർ മരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.
കാൺപൂർ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയോട് വിനയ് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. കുട്ടി ഇത് നിരസിച്ചു. ഇതിൽ പ്രകോപിതനായി ഇവരുടെ കുടിവെള്ളത്തിൽ കീടനാശിനി കലർത്തിയെന്നാണ് മൊഴി. പെൺകുട്ടിയെ അപായപ്പെടുത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
വിനയ്, പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവർ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് ഇവർ പിടിയിലായത്. പെൺകുട്ടികളിൽ രണ്ട് പേർ മരിച്ചിരുന്നു. മൂന്നാമത്തെയാൾ കാൺപൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെൺകുട്ടികളുടെ വീടിന് സമീപ ഗ്രാമത്തിലായിരുന്നു വിനയ് താമസിച്ചിരുന്നത്.
ലോക്ക്‌ഡൗൺ കാലത്താണ് പെൺകുട്ടികളുമായി വിനയ് പരിചയത്തിലാവുന്നത്. ഇവരിലൊരാളുമായി വിനയ്ക്ക് തോന്നിയ അടുപ്പം നിരാകരിച്ചതിലുള്ള പ്രതികാരമാണ് കുപ്പി വെള്ളത്തിൽ വിഷം കലർത്താൻ പ്രേരിപ്പിച്ചത്.
വിനയുടെ തോട്ടത്തിന് സമീപമുള്ള വയലുകളിൽ കുട്ടികൾ കളിക്കാനെത്താറുണ്ടായിരുന്നു. വിഷം കലർത്തിയ കുപ്പി വെള്ളം ഇപ്പോൾ കാൺപൂരിൽ ചികിത്സയിലുള്ള പെൺകുട്ടിക്ക് വിനയ് കൊടുത്തു. ഈ വെള്ളം മറ്റ് രണ്ട് പേരും കുടിക്കുകയും മരണപ്പെടുകയും ആയിരുന്നു. കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ വിനയ് സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
കേസിൽ അന്വേഷണം നടത്താൻ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെൺകുട്ടികളുടെ ശരീരത്തിൽ വിഷാംശ കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പൊലീസ് വ്യക്തമാക്കിയിരുന്നു. കന്നുകാലികൾക്ക് പുല്ല് പറിക്കാൻ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള ദളിത് പെൺകുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസ് നായയെ ഉപയോഗിച്ചും പെൺകുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്