തിരുവനന്തപുരം: മാതൃഭൂമി ചാനലിന്റെ എഡിറ്റോറിയൽ മേധാവി സ്ഥാനം ഉണ്ണി ബാലകൃഷ്ണൻ രാജിവച്ചു. രാജി മാതൃഭൂമി മാനേജ്‌മെന്റും അംഗീകരിച്ചു. ഉണ്ണി ബാലകൃഷ്ണൻ മാറുന്ന ഒഴിവിൽ രാജീവ് ദേവരാജ് മാതൃഭൂമി ന്യൂസിന്റെ ചീഫാകുമെന്നാണ് സൂചന. നിലവിൽ മീഡിയാവൺ ചാനലിന്റെ എഡിറ്ററാണ് രാജീവ്. മീഡിയാവണ്ണിൽ നിന്ന് പല പ്രമുഖ അവതാരകരും മാതൃഭൂമി ന്യൂസിൽ എത്താനും സാധ്യത ഏറെയാണ്.

മാതൃഭൂമി ന്യൂസ് തുടങ്ങിയതു മുതൽ അതിന്റെ എഡിറ്റോറിയൽ ചുമതല ഉണ്ണി ബാലകൃഷ്ണനാണ്. വി എസ് അച്യുതാനന്ദന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലൂടെ മാതൃഭൂമിക്ക് ബിഗ് ബ്രേക്കിങ് നൽകിയതും ഉണ്ണി ബാലകൃഷ്ണനാണ്. ദീർഘകാലം മാതൃഭൂമി ന്യൂസിനെ നയിച്ച ശേഷമാണ് ഉണ്ണിയുടെ രാജി. ഏഷ്യാനെറ്റ് ന്യൂസിന്റെ  കോ-ഓർഡിനേറ്റിങ് എഡിറ്ററായിരിക്കെയാണ് ഉണ്ണി മാതൃഭൂമിയിൽ എത്തുന്നത്. മാതൃഭൂമിയിലെ സ്റ്റാർ അവതാരകനായ വേണു ബാലകൃഷ്ണൻ, ഉണ്ണിയുടെ സഹോദരനാണ്.

ഉണ്ണിക്ക് പകരമായി രാജീവ് ദേവരാജ് മാതൃഭൂമി ചാനലിനെ നയിക്കാൻ എത്തുമെന്നാണ് സൂചന. നിലവിൽ മീഡിയാ വൺ ചാനലിന്റെ എഡിറ്ററോറിയൽ തലവനാണ് രാജീവ്. രാജീവിനെയാണ് മാതൃഭൂമി ഈ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണ്. മാതൃഭൂമിക്ക് കൂടുതൽ പുതിയ മുഖം നൽകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൂടുതൽ പുതി മുഖങ്ങൾ മാതൃഭൂമിയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. ഇതിനായുള്ള ചർച്ച തുടരുകയാണ്.

കൈരളിയിലും മനോരമാ ന്യൂസിലും പ്രവർത്തിച്ച രാജീവ് ദേവരാജ് അംബാനിയുടെ ന്യൂസ് 18 കേരളയിലൂടെയാണ് ചാനൽ തലപ്പത്ത് എത്തുന്നത്. പിന്നീട് മീഡിയാ വണ്ണിലേക്ക് മാറി. ന്യൂസ് 18 കേരളയിലും രാജീവിനൊപ്പമുള്ള നിരവധി മാധ്യമ പ്രവർത്തകരുണ്ട്.

ഇതിലെ പ്രമുഖ അവതാരകരും മാതൃഭൂമിയിലേക്ക് എത്തിയേക്കും. അടിമുടി അഴിച്ചു പണി മാതൃഭൂമിയിൽ നടക്കാൻ പോകുന്നുവെന്നതിന്റെ സൂചനകളാണ് ഇത്. വ്യക്തിപരമായ കാരണങ്ങളാലാണ് ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ് വിടുന്നത്.

ഈ സാഹചര്യത്തിൽ വേണു ബാലകൃഷ്ണൻ എന്തു നിലപാട് എടുക്കുമെന്നതും നിർണ്ണായകമാണ്. കുറച്ചു കാലമായി പ്രൈംടൈം ചർച്ചകളിൽ വേണു നിത്യസാന്നിധ്യമല്ല. പുതിയ മുഖങ്ങളാണ് ചർച്ചകൾ നയിക്കുന്നത്. ഇതിനിടെയാണ് ഉണ്ണിയുടെ രാജി. മാതൃഭൂമി ചാനലിൽ അടിമുടി അഴിച്ചുപണിയാണ് എംഡി കൂടിയായ ശ്രേയംസ് കുമാർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.