- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ട അഞ്ചാംക്ലാസുകാരൻ; പത്തിലായപ്പോൾ നോട്ടീസ് വിതരണത്തിലൂടെ ചിലവു കാശുണ്ടാക്കി; ടീച്ചറോട് പിണങ്ങി പ്ലസ് ടുവിൽ പഠനം നിർത്തി; ലോഹിതദാസിന്റെ ഫോൺ വിളി ജീവിതം മാറ്റി മറിച്ചു; മമ്മൂട്ടിയെ കണ്ടപ്പോൾ കിളി പോയി; മല്ലുസിങ് രക്ഷയായി; സിനിമാക്കഥ ഉണ്ണിമുകുന്ദൻ പറയുമ്പോൾ
തൃശ്ശൂർ; പെൺകുട്ടികളുടെ സൈക്കിൾ വാങ്ങി നാണം കെട്ടത് 5-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ.ചെലവിന് കാശുണ്ടാക്കാൻ ദിവസക്കൂലിക്ക് നോട്ടീസ് വിതരണത്തിനും തയ്യാറായി.ടീച്ചറിനോട് കലഹിച്ച് പ്ലസ്സടുവിൽ പഠനം നിർത്തി.ആദ്യത്തെ അഭിനന്ദനമെത്തിയത് കസ്റ്റർകെയറിലേയ്ക്ക് വന്നിരുന്ന പെൺകുട്ടികളുടെ കോളുകളിൽ.ജോലിയിൽ തുടക്കമിട്ടത് ബിസ്ക്കറ്റ് കമ്പിനിയിൽ റിസപ്ഷനിസ്റ്റായി.18-ാം വയസ്സിൽ അമേരിക്കൻ കമ്പിനിയിലെ 30000 രുപ ശമ്പളക്കാരനായി.ലോഹിതദാസിന്റെ വിളി ജീവിതം മാറ്റി മറിച്ചു.പിടിച്ചുനിർത്തിയത് മല്ലുസിങ്.ഇനി ജീവിതം ഇങ്ങിനെ തന്നെ. ഇവിടെയെല്ലാം ഭദ്രം.
കോവിഡുകാല വിശേഷങ്ങളെക്കുറിച്ചാരഞ്ഞപ്പോൾ സിനിമാതാരം ഉണ്ണി മുകുന്ദൻ പങ്കിട്ടത് ഉണ്ണിക്കൃഷ്ണൻ , ഇന്നത്തെ ഉണ്ണിമുകന്ദനായി മാറിയതുവരെയുള്ള സംഭവ ബഹുലമായ ജീവിതയാത്രയുടെ നേർചിത്രം.തന്റെ ബാല്യം മുതുലുള്ള സ്വഭാവരീതികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം താരം മറുനാടനോട് മനസ്സുതുറന്നു.ഇപ്പോൾ പഠനകാലത്തെ വേനൽ അവധിപോലെയാണ് ലോക്ഡൗൺ വരുന്നത്.കഴിഞ്ഞ ലോക്ഡൗണിൽ കവിതയെഴുത്തിലും രചനയിലുമൊക്കെയായിരുന്നു താൽപര്യം.ഇത്തവണ വായനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
എത്രമുട്ട കഴിച്ചു,എങ്ങിനെയാണ് മസ്സിൽ സംരക്ഷിക്കുന്നത്,കല്യാണം എന്നാണ്,കാമുകിയുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളാണ് സ്ഥിരം കേൾക്കുന്നത്.ഞാൻ ആരാണ്.. എന്തായിരുന്നു എങ്ങിനെ ഇവിടെ വരെയെത്തി എന്നൊന്നും അറിയാൻ ആർക്കും താൽപര്യമില്ല.25 ലക്ഷം രൂപയുടെ വണ്ടിയെടുത്തപ്പോൾ അതെക്കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല.പക്ഷേ കഴിഞ്ഞ ദിവസം സൈക്കിളോടിച്ചപ്പോൾ 5-ാം ക്ലാസ്സിലെ പഠനകാലം മുതലുള്ള അനുഭവങ്ങളിൽ ചിലതെല്ലാം മനസ്സിൽ ഓടിയെത്തി.ഉണ്ണിമുകുന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തുകൂടി സൈക്കിൾ ഓടിക്കുന്ന ചിത്രം താരം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഒരുകാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം ഗീയറുള്ള സൈക്കിൾസ്വന്തമാക്കണമെന്നതായിരുന്നെന്ന് അടിക്കുറുപ്പും ഇതോടൊപ്പമുണ്ടായിരുന്നു. ബാല്യം അഹമ്മദാബാദിൽ ഓർമ്മവയ്ക്കുന്ന കാലം മുതൽ ഞങ്ങൾ താമസിച്ചിരുന്നത് അഹമ്മദാബാദിലെ വട്ടുവയിലാണ്. വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. അച്ഛൻ ഇവിടുത്തെ ഒരു കമ്പനി ജീവനക്കാരനും അമ്മ അദ്ധ്യാപികയുമായിരുന്നു.
അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി സൈക്കിൾ വാങ്ങുന്നത്. അച്ഛനും അമ്മയും സൈക്കിൾ വാങ്ങിക്കോളാൻ പറഞ്ഞപ്പോൾ വലിയ സന്തോഷമായി.അവർക്കൊപ്പം പോയി സൈക്കിൾ തിരഞ്ഞെടുത്തത് ഞാൻ തന്നെയായിരുന്നു.നീലക്കളറിലുള്ള സൈക്കിളായിരുന്നു വാങ്ങിയത്.വീട്ടിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്.അത് പെൺകുട്ടികൾക്കുള്ള സൈക്കിളായിരുന്നു.വലിയ നാടക്കേടായി.
അത് മാറ്റിയെടുക്കാൻ പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായി പിന്നെ 7-ാംക്ലാസ്സുവരെ അതിലായിരുന്നു സ്കൂളിലേയ്ക്കുള്ള യാത്ര.വളർന്നതോടെ കാൽമുട്ട് അവിയെയും ഇവിടെയും മുട്ടി സൈക്കിൾ ഓടിക്കാൻ കഴിയാത്ത അവസ്ഥയായി.പിറന്നാൾ ദിനത്തിന്റെ തലേന്ന് സുഹൃത്തുക്കളിൽ ഒരാൾ ഗീയറുള്ള സൈക്കിളുമായി വീട്ടിലെത്തി വീമ്പുപറച്ചിൽ ആരംഭിച്ചതോടെ സൈക്കിൾ മോശമായതിലുള്ള വിഷമം ഇരട്ടിയായി.അന്ന് ഇത്തരത്തിലുള്ള ഒരു സൈക്കിൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റാത്ത സാമ്പത്തീകാവസ്ഥിയായിരുന്നു ഞങ്ങളുടേത്.
അന്ന് വൈകുന്നേരം അത്യവശ്യസാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നുണ്ടെന്നും കൂടെ ചെല്ലണമെന്നും അമ്മ ആവശ്യപ്പെട്ടു. വരുന്നില്ലന്നായിരുന്നു എന്റെ മറുപിടി. അമ്മ വിട്ടില്ല,ഓട്ടോറിക്ഷ വിളിച്ചുവരുത്തി എന്നെയും കയറ്റി ടൗണിലേയ്ക്കുയാത്രയായി.സൈക്കിൾ വിൽപ്പനശാലയുടെ മുന്നിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ അമ്മ ആവശ്യപ്പെട്ടു.പിന്നെ എന്നെയും കൂട്ടി നേരെ സൈക്കിൾ കടയിലേയ്ക്ക്.ഇഷ്ടമുള്ളത് ഒരെണ്ണം തിരഞ്ഞെടുക്കാൻ അമ്മ പറഞ്ഞു.വലിയ അത്ഭുതമായി.നീലക്കളറുള്ള 'ത്രില്ലർ 'ഇഷ്ടപ്പെട്ടു.അതുതന്നെ വാങ്ങാമെന്ന് അമ്മയും സമ്മതിച്ചു.
സന്തോഷവും അത്ഭുതവുമെല്ലാം കൂടിക്കലർന്ന അവസ്ഥയായിരുന്നു അപ്പോൾ മനസ്സിൽ.പിന്നീട് ഇതുമായിട്ടായിരുന്നു പ്ലസ് ടു വരെയുള്ള സ്കൂൾ യാത്ര.ഈ രണ്ട് സൈക്കിളുകളും വീട്ടുകാർ വാങ്ങിയത് തവണകളായി പണം നൽകാമെന്ന വ്യവസ്ഥയിലായിരുന്നെന്ന് പീന്നടാണറിയുന്നത്.ഞാനും ചേച്ചിയും ഒന്നിനുവേണ്ടിയും വാശിപിടിച്ചിട്ടില്ല.മനസ്സറിഞ്ഞാണ് എന്റെ സന്തോഷത്തിനായി കഷ്ടപ്പാടിനിടയിലും അമ്മ ഓരോന്നും ചൈയ്തിരുന്നത്.
പിന്നെ കോളേജ് പഠനത്തിന്റെ കാലം.നാട്ടിൽ നിന്നും 20 കിലോമാറ്റർ അകലെയായിരുന്നു കോളേജ്.ബീകോമീനാണ് ചേർന്നത്.രാവിലെയും ഉച്ചയ്ക്കും ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു.ക്ലാസ്സ്.95 ശതമാനം മാർക്കുവാങ്ങിയവർക്കായിരുന്നു മുൻഗണന.അവർക്ക് രാവിലെ ഷിഫ്റ്റിൽ ഇടം ലഭിച്ചു.എനിക്ക് 83 ശതമാനം മാർക്കുണ്ടായിട്ടും കിട്ടിയത് ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിൽ.
ഇത് വല്ലാത്ത മനോവിഷമമുണ്ടാക്കി.ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ടീച്ചറുമായി ചെറിയൊരുകശപിശ.പഠനം അവിടംകൊണ്ട് അവസാനിപ്പിക്കാൻ തീരുമാനിച്ച് കോളേജിന്റെ പടിയിറങ്ങി.പിന്നീടാണ് നടനാവണമെന്ന മോഹം അച്ഛനോട് പറയുന്നത്.2-3 കൊല്ലം നോക്കെന്നും തൃശ്ശൂർ,ഒറ്റപ്പാലം പ്രദേശങ്ങളിലെ സിനിമക്കാരെ കാണാനും അച്ഛൻ നിർദ്ദേശിച്ചു.
100 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തു
പത്താം ക്ലാസ്സു മുതൽ സ്വന്തം ആവശ്യങ്ങൾക്കുള്ള പണം സ്വയം അദ്ധ്വാനിച്ച് കണ്ടെത്തിയിരുന്നു. സ്ഥാപനങ്ങളുടെ ഉൽഘാന അറിയിപ്പുകളും മറ്റും അവർ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് എത്തിച്ചുനൽകുന്നതായിരുന്നു അദ്യത്തെ ജോലി. ദിവസം 100 രൂപ ലഭിക്കുമായിരുന്നു.
അക്കാലത്ത് ഇത് വലിയതുകയായിരുന്നു.കോളേജ് പഠനം നിർത്തിയപ്പോൾ സ്ഥരം തൊഴിൽകണ്ടെത്തണമെന്ന് തീരുമാനിച്ചു.ടൈംസ് ഓഫ് ഇന്ത്യയുടെ അവിടുത്തെ ഓഫീസിൽ എന്തെങ്കിലും ജോലി കിട്ടുമോ എന്നായിരുന്നു ആദ്യ അന്വേഷണം.പറ്റിയ ജോലിയില്ലെന്നും പറഞ്ഞ് അവർ മടക്കി.അന്വേഷണങ്ങൾക്കൊടുവിൽ വിൻസർ എന്നുപേരുള്ള ഒരു ബിസ്ക്കറ്റ് കമ്പിനിയിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. രണ്ടര വർഷത്തോളം ഇവിടെ ജോലിചെയ്തു.പിന്നീട് കൂടിയ ശമ്പളത്തിൽ സുഹൃത്തിന്റെ സഹായത്തോടെ അമേരിക്കൻ കമ്പിനിയിൽ ജോലി തരപ്പെടുത്തി.ഇടയ്ക്ക് ആറുമാസക്കാലം എയർടെല്ലിന്റെ കസ്റ്റമർകെയറിലും ജോലിചെയ്തിരുന്നു.
ഇത്തരത്തിൽ ജോലികളുമായി നടക്കുന്ന സമയത്ത് ഒരിക്കൽ ഇവിടെ നടന്ന ആഘോഷപരിപാടിയോടനുബന്ധിച്ച് സംംഘടിപ്പിച്ച നാടകത്തിൽ ചെറുതെങ്കിലും തെറ്റില്ലാത്ത ഒരു വേഷം ലഭിച്ചു.രാമായണം ആസ്പദമാക്കി,ആക്ഷേപഹാസ്യം ഉൾക്കൊള്ളിച്ച് നടത്തിയ നാടകത്തിൽ രാവണന്റെ ശിങ്കിടിയായിട്ടായിരുന്നു അരങ്ങേറ്റം.നാടകം കഴിഞ്ഞപ്പോൾ കാണികളിൽ ചിലരെത്തി അഭിനന്ദിച്ചു.വലിയ സന്തോഷമായി.കവിതയെഴുത്തും ഈയവസരത്തിൽ തുടങ്ങിയിരുന്നു.കവിതകളെഴുതിയ ഒരു ബുക്ക് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ലോഹിതദാസിനെഴുതിയ കത്ത് വഴിത്തിരിവായി
ജോലിയിൽത്തുടരുമ്പോൾ തിരക്കഥാകൃത്ത് ലോഹി സാറിനൊരു കത്തെഴുതിയിരുന്നു. കുറച്ചുനാളത്തേയ്ക്ക് വിവരമൊന്നുമില്ല. ഒരു ദിവസം വീട്ടിലെ ലാന്റ് ഫോണിലേയ്ക്ക് ലോഹിസാറിന്റെ വിളിയെത്തി. അച്ഛനാണ് അറ്റന്റ് ചെയ്തത്. നാട്ടിലെത്തി നേരിൽക്കാണാനായിരുന്നു നിർദ്ദേശം.
4-5 ദിവസം ട്രെയിനിൽ യാത്ര ചെയ്താലെ അവിടെ എത്താൻ പറ്റു. ഇത്രയും ദിവസം കമ്പിനി ഒറ്റയടിക്ക് ലീവ് അനുവദിക്കില്ല. 30 ദിവസം തുടർച്ചയായി ജോലിചെയ്താൽ ഒരുമാസം 3 ദിവസത്തോളം ലീവിന് അർഹനാവും.അങ്ങിനെ മൂന്നും നാലും മാസം കൂടുമ്പോൾ ഒരിക്കൽ നാട്ടിൽ പോകും.സിനമാക്കാരെ കാണും.വിളിച്ചറിയിച്ചതുപ്രകാരം ആദ്യയാത്രയിൽ കണ്ടത് ലോഹിസാറിനെയായിരുന്നു.അന്ന് 'ഭീഷ്മർ' രചനയിലായായിരുന്നു അദ്ദേഹം.നേരിൽക്കണ്ടപ്പോൾ പറഞ്ഞറിക്കാനാവാത്ത സന്തോഷമായിരുന്നു.പക്ഷ അധികനാൾ ഈ സന്തോഷം നീണ്ടുനിന്നില്ല.കൂടിക്കാഴ്ച കഴിഞ്ഞ് താമസിയാതെ അദ്ദേഹം മരണമടഞ്ഞു.
പിന്നീടും അവധി ഒത്തുവരുമ്പോൾ സിനിമമോഹവുമായി നാട്ടിലേയ്ക്കുള്ള യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു.ചിലരൊക്കെ കാണാൻ പോലും കൂട്ടാക്കിയില്ല.സിനി രംഗത്തൈ ഒരു പ്രമുഖനെ അയാളുടെ സ്ഥാപനത്തിനുതാഴെ റോഡിൽക്കണ്ടപ്പോൾ ഓടിയെത്തി ഫോട്ടോ നൽകി,അവസരം ചോദിച്ചു.നോക്കാമെന്നും പറഞ്ഞ് തിരിഞ്ഞുനടക്കവേ അയാൾ എന്റെ ഫോട്ടോ വെയിസ്റ്റ് ബിന്നിലേയ്ക്കെറിഞ്ഞു.ഞാൻ കാണുന്നില്ലന്ന് കരുതിയായിരിക്കാം അയാളിത് ചെയ്തത്.പക്ഷേ ഇത് എന്റെ ദൃഷ്ടിയിൽപെട്ടു.വല്ലാത്ത ഷോക്കായിപ്പോയി.2005 കാലഘട്ടത്തിലായിരുന്നു ഇത്.
2010 മുതൽ ജോലിവിട്ട് തൃശൂരിൽ താമസമായി.ഇക്കാലത്തെ സാമ്പത്തീക ഞെരുക്കം പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു.2012-ൽ ആദ്യ സിനിമപ്രവേശനം.നന്ദനത്തിന്റെ തമിഴ്്പതിപ്പായിരുന്നു ചിത്രം.ലോഹിസാറിന്റെ സുഹൃത്തായ ഗുഡ്നൈറ്റ് മോഹനനായിരുന്നു നിർമ്മാതാവ്.ലോഹിസാറുമായി പരിചയപ്പെട്ടതുവഴിയാണ് ഈ അവസരം ഒത്തുവന്നതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
പിന്നാലെ പ്രമോദ് പപ്പൻ ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിൽ അവസരം നൽകി.വില്ലനായിട്ടായിരുന്നു വേഷം.ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ദിലീപ് പ പണിക്കർ നൽകിയ പ്രചോദനത്തിൽ ബാബു ജനാർദ്ധനെ കണ്ടു.ഇത് അദ്ദേഹത്തിന്റെ ബോംബെ മാർച്ച-12 എന്ന ഒരു വേഷം കിട്ടുന്നതിന് നിമിത്തമായി.
മമ്മൂട്ടിയെകണ്ടപ്പോൾ കിളിപോയ അവസ്ഥ
പോണ്ടിച്ചേരിയിൽ വച്ച് മമ്മൂക്കയുമായുള്ള ആദ്യ കണ്ടുമുട്ടൽ ഇന്നും മായാതെ മനസ്സിലുണ്ട്. വാ എന്നുപറഞ്ഞ് അടുത്തേയ്ക്ക് വിളിച്ച് സംസാരിച്ചതും പടം ചെയ്യാമെന്ന് പറഞ്ഞതുമെല്ലാം സ്വപ്നത്തിൽ എന്നപോലെയാണ് കേട്ടുനിന്നത്. ബോബെ 12-ൽ അഭിനയിക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ എന്ന എന്റെ പേര് സിനിമയ്ക്ക് പറ്റിയതല്ലന്ന് ചർച്ച സജീവമായി. അഭയരാജ് എന്നാക്കാമെന്നായിരുന്നു അണിയറപ്രവർത്തകരുടെ അഭിപ്രായം.പക്ഷേ ആ പേര് അധികനാൾ ചുമക്കേണ്ടിവന്നില്ല.പിന്നീട് ബാബു ജനാർദ്ധനൻ തന്നെ പേര് പുതുക്കി നൽകി.അങ്ങിനെ ഉണ്ണിക്കൃഷ്ണൻ എന്ന ഞാൻ അച്ഛന്റെ പേരുകൂടി ഒപ്പം ചേർത്ത് ഉണ്ണിമുകുന്ദനായി.
വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗാണ് സിനിമ രംഗത്ത് പിടിച്ചുനിർത്തിയത്.ഈ ചിത്രം പരാജയപ്പെട്ടിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഈ രംഗത്തുണ്ടാവില്ല.അത്രയ്ക്ക് മാനസീക സംഘർഷമാണ് ആ സിനിമ ചെയ്തപ്പോൾ അനുഭവിച്ചത്. പത്തുവർഷം നീളുന്ന സിനിമ ജീവിതത്തിൽ തിരിഞ്ഞുനോക്കുമ്പോൾ സംതൃപ്തി മാത്രമാണുള്ളത്.5 ചിത്രങ്ങളിൽ പാടി,ഒരു ചിത്രത്തിനായി പാട്ടുരചിച്ചു.ഇതെല്ലാം ഇതിനിടെ നടന്നുപോയ അപ്രതീക്ഷിത സംഭവങ്ങളും ഭാഗ്യവുമാണ്.ഇതുവരെ മലയാളത്തിൽ 30 സിനിമകളിൽ വേഷമിട്ടു.തെലുങ്കിൽ 2 ചിത്രം പൂർത്തിയാക്കി.മൂന്നാമത്തെ ചിത്രത്തിൽ അഭിനയിച്ചുവരുന്നു.മേപ്പടിയാനാണ് ഇനി ഉടൻ പുറത്തുവരാനുള്ള ചിത്രം.
ഉണ്ണിമുകുന്ദൻ ഫിലിംസാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.ബ്രൂസിലി,പപ്പ എന്നിവയാണ് അടുത്ത പ്രോജക്ടുകൾ.കൊറോണക്കാലത്താണ് സ്വന്തമായി നിർമ്മാണ രംഗത്തേയ്ക്ക് പ്രവേശിച്ചത്. നവാഗതരായ കുറച്ചധികം പേർക്ക് സിനിമകളിൽ അവസരം നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.പുതുമുഖങ്ങൾക്ക് അവസരം ലഭിക്കാനുള്ള പ്രയാസം സ്വന്തം അനുഭവത്തിൽ നിന്നുതന്നെ തിരച്ചറിയാനായതാണ് ഈ തീരുമാനത്തിന് പിന്നിലെ ചാലകശക്തി.
36 വയസ്സുവരെ അച്ഛൻ നാട്ടിൽ ഹോട്ടലും മറ്റും നടത്തിയിരുന്നു. നാട്ടിൽ പിടിച്ചുനിൽക്കാനാവാത്ത കടബാദ്ധ്യതയായപ്പോഴാണ് അഹമ്മദാബാദിലേയ്ക്ക് ചേക്കേറിയത്. ഞാനും ചേച്ചിയും ജനിച്ചത് തൃശ്ശുരായിരുന്നെങ്കിലും വളർന്നത് വട്ടുവയിലായിരുന്നു.
വീട്ടിൽ മലയാളവും പുറത്ത് ഗുജറാത്തിയും ഇംഗ്ലീഷുമൊക്കെയായിരുന്നു സംസാരം. അമ്മയാണ് മലയാളം പഠിപ്പിച്ചത്.
നാട്ടിലെ ആഘോഷങ്ങളെക്കുറിച്ചെല്ലാം ഈ കാലത്ത് കേട്ടുകേൾവിമാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ഇതെല്ലാം ആസ്വദിക്കുകയാണ്.പറ്റാവുന്നിടത്തോളം. ഇനിയുള്ള കാലം സിനിമയാണ് എന്റെ ലോകം. ഇവിടം സ്വർഗ്ഗമാണ്.ഉണ്ണിമുകുന്ദൻ വാക്കുകൾ ചുരുക്കി.
മറുനാടന് മലയാളി ലേഖകന്.