കൊച്ചി: യുവതി ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചെന്ന കേസ് നടൻ ഉണ്ണി മുകുന്ദനെതിരെ തിരിയാൻ സാധ്യത. കേസിൽ നടൻ കുടുങ്ങുമെന്നാണ് സൂചന. യുവതിയുടെ പരാതിയിൽ അടുത്തമാസം ആറിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമെന്നതിനാൽ ഉണ്ണി മുകുന്ദന്റെ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ സാധ്യതയില്ല. കോടതി നടപടികൾക്കായി പൊലീസ് കാത്തിരിക്കും. ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാനും ഉണ്ണി മുകുന്ദനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഉണ്ണി മുകുന്ദൻ നൽകിയ പരാതി. എന്നാൽ നടൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ചു നാലുമാസം മുമ്പാണു യുവതി കോടതിയെ സമീപിച്ചത്. ഇക്കാര്യം പൊലീസ് അറിഞ്ഞതോടെയാണ് ഉണ്ണി മുകുന്ദന്റെ പരാതി കാര്യമായെടുക്കേണ്ടതില്ലെന്ന നിലപാടിലെത്തിയത്. മാതാപിതാക്കൾക്കൊപ്പം വിദേശത്താണ് യുവതി ഉള്ളത്. യുവതി മജിസ്‌ട്രേട്ടിന് നൽകിയ പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. ഇതോടെയാണ് ഉണ്ണി മുകുന്ദൻ കുരുക്കിലാകുന്നത്.

ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെയാണ് നടൻ പരാതിയുമായെത്തിയതെന്ന സംശയവും പൊലീസിനുണ്ട്. തൽകാലം ഉണ്ണി മുകുന്ദനെതിരെ പൊലീസ് നടപടിയെടുക്കില്ല. യുവതിയുടെ പരാതി പൊലീസിന് ലഭിക്കാത്തതു കൊണ്ടാണ് ഇത്. പരാതി സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസ് ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

'കൈവശമുള്ള കഥ സിനിമയാക്കണമെന്ന ആഗ്രഹവുമായാണ് ഉണ്ണിമുകുന്ദനെ സമീപിച്ചത്. സുഹൃത്തായ തിരക്കഥാകൃത്താണ് ഇതിന് അവസരമൊരുക്കിയത്. 2016 മേയിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്റെ തിരക്കുമൂലം നടന്നില്ല. ഇതിനിടെ ഒരു പ്രമുഖ നിർമ്മാണക്കമ്പനി കഥയിൽ താത്പര്യം പ്രകടിപ്പിച്ചതോടെ പദ്ധതിക്കു വീണ്ടും ജീവൻവച്ചു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും നടനെ കാണാൻ ശ്രമിച്ചു. ഓഗസ്റ്റ് 23-ന് ഉച്ചകഴിഞ്ഞ് 3.30-ന് ഇടപ്പള്ളിയിലെ നടന്റെ വീട്ടിൽ കൂടിക്കാഴ്ച നിശ്ചയിച്ചു. നടൻ വാട്സ്ആപ്പിൽ വിലാസം കൈമാറി. പറഞ്ഞസമയത്ത് എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സൗഹൃദസംഭാഷണത്തിനുശേഷം കഥപറയാൻ തുനിഞ്ഞെങ്കിലും നടൻ കാര്യമായ താത്പര്യം പ്രകടിപ്പിച്ചില്ല. തുറിച്ചുനോക്കി ഇരിക്കുക മാത്രമാണു ചെയ്തത്. കഥയെ സംബന്ധിച്ച് പ്രാഥമികവിവരണം നടത്തിയതിനു പിന്നാലെ നടൻ വീട് ചുറ്റിക്കാണാൻ ക്ഷണിച്ചെങ്കിലും താൻ വിസമ്മതിച്ചു.

വീടിന്റെ താഴത്തെ നിലയിലുള്ള സവിശേഷകണ്ണാടി കാണാമെന്നായി നടൻ. അതും നിരാകരിച്ചതോടെ നടൻ ബലം പ്രയോഗിച്ച് തന്നെ വീടിന്റെ മുകൾ നിലയിലേക്കു കൊണ്ടുപോയി. എതിർപ്പവഗണിച്ച് ഭിത്തിയോടു ചേർത്തുനിർത്തി ബലാത്കാരമായി ചുംബിച്ചു. സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും വസ്ത്രങ്ങൾ വലിച്ചഴിക്കുകയും ചെയ്തു. പിടി അൽപം അയഞ്ഞതോടെ സർവശക്തിയുമുപയോഗിച്ച് നടനെ തള്ളിമാറ്റി. ഉച്ചത്തിൽ ബഹളം വച്ചതോടെ നടൻ പിന്തിരിഞ്ഞു. പിന്നീട് നടൻതന്നെയാണു തനിക്കു പോകാൻ ഊബർ ടാക്സി വിളിച്ചുവരുത്തിയത്. വീടിന്റെ വാതിൽ തുറന്നുതന്നെങ്കിലും നടൻ പുറത്തിറങ്ങിയില്ല.

ഫോണിൽ വിവരമറിയിച്ചതിനേത്തുടർന്നു സുഹൃത്തെത്തി ആശ്വസിപ്പിക്കുകയും റെയിൽവേ സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സുഹൃത്തിന്റെ സാന്നിധ്യത്തിൽ ധൈര്യം വീണ്ടെടുത്ത് ഉണ്ണിമുകുന്ദനെ ഫോണിൽ വിളിച്ചു. എന്നാൽ, ഖേദം പ്രകടിപ്പിക്കാൻപോലും തയാറാകാതെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്തത്. പിന്നീട് താൻ അഭിഭാഷകനുമായി കേസിന്റെ കാര്യത്തിനു ബന്ധപ്പെട്ടതോടെ പരിചയമില്ലാത്ത നമ്പരുകളിൽനിന്നു വിളികൾ എത്തിത്തുടങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാൻ തയാറായത്''. സാമാന്യകരുത്തനായ നടന്റെ ആക്രമണത്തിൽനിന്ന് സാധാരണ ഒരു സ്ത്രീക്കു രക്ഷപ്പെടാനാവില്ലെന്നു യുവതിയുടെ പരാതിയിൽ പറയുന്നു.